05 December Thursday

ഇംഗ്ലണ്ടിൽ ലിവർപൂൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന ലിവർപൂൾ താരങ്ങൾ


ആൻഫീൽഡ്‌
ലിവർപൂൾ രണ്ടും കൽപ്പിച്ചാണ്‌. പോയവർഷം ഒറ്റ പോയിന്റ്‌ വ്യത്യാസത്തിൽ നഷ്ടമായ കിരീടം തിരിച്ചെടുക്കലാണ്‌ ലക്ഷ്യം. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ 12 മത്സരങ്ങൾ കഴിയുമ്പോൾ നിലവിലെ റണ്ണറപ്പുകളുടെ പ്രകടനം ഇങ്ങനെയാണ്‌: 11 ‌ജയം 1 സമനില, തോൽവി 0. ആകെ 34 പോയിന്റ്‌. രണ്ടാമതുള്ള ലെസ്റ്റർ സിറ്റിയുമായി എട്ട്‌ പോയിന്റിന്റെ കൃത്യമായ ലീഡ്‌.

രാജ്യാന്തര മത്സരങ്ങൾക്കായുള്ള ഇടവേളയ്‌ക്കുമുമ്പുള്ള അവസാനമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ പെപ്‌ ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ 3–-1ന്‌ തകർത്താണ്‌ ലിവർപൂളിന്റെ കുതിപ്പ്‌. തോൽവി സിറ്റിയെ നാലാംസ്ഥാനത്തേക്ക്‌ പിന്തള്ളി. കഴിഞ്ഞ സീസണിലെ മികവ്‌ തുടരുകയാണ്‌ ലിവർപൂൾ. വേഗമേറിയ കളി, ഒന്നിച്ചുള്ള മുന്നേറ്റങ്ങൾ, പിഴവില്ലാത്ത പ്രതിരോധം, വിടവുകളിലൂടെയുള്ള മിന്നൽ പാസുകൾ. സീസണിൽ ഇത്രയും ഇണങ്ങിച്ചേർന്ന്‌ പന്തുതട്ടിയ മറ്റൊരു ടീമില്ല.

ആൻഫീൽഡിൽ സിറ്റിക്കെതിരെ തുടക്കത്തിലേ ആധിപത്യം നേടി ലിവർപൂൾ. ഫാബീന്യോ, മുഹമ്മദ്‌ സലാ, സാദിയോ മാനേ എന്നിവരായിരുന്നു ഗോൾ സ്‌കോറർമാർ. സിറ്റിക്കായി ബെർണാർഡോ സിൽവ ലക്ഷ്യംകണ്ടു. അവസാന 15 മിനിറ്റിൽ സിറ്റിയുടെ കളിയിൽ പരിഭ്രമിച്ചെങ്കിലും വീണില്ല ലിവർപൂൾ. മോശം റഫറിയിങ്ങും സിറ്റിക്ക്‌ വിനയായി.

ഇരുപത്തിമൂന്നിനാണ്‌ ഇനിയുള്ള മത്സരങ്ങൾ. ലിവർപൂളിന്‌ ക്രിസ്റ്റൽ പാലസാണ്‌ എതിരാളി. സിറ്റിക്കാകട്ടെ പട്ടികയിൽ മൂന്നാമതുള്ള ചെൽസിയും.


പ്രധാന വാർത്തകൾ
 Top