19 September Saturday

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ : പിഎസ്‌ജിക്ക്‌ അറ്റ്‌ലാന്റ പരീക്ഷണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

നെയ്‌മർ പരിശീലനത്തിൽ


ലിസ്‌ബൺ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ക്വാർട്ടർ മത്സരങ്ങൾക്ക്‌ ഇന്ന്‌ തുടക്കം. കരുത്തരായ പിഎസ്‌ജി അറ്റ്‌ലാന്റയെ നേരിടും. രാത്രി 12.30ന്‌ ലിസ്‌ബണിലാണ്‌ മത്സരം. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ ഇത്തവണ ഇരുപാദ മത്സരങ്ങളില്ല. ഇന്ന്‌ ജയം പിടിക്കുന്നവർ നേരിട്ട്‌ സെമിയിലെത്തും. പ്രീ ക്വാർട്ടറിൽ ബോറൂസിയ ഡോർട്ട്‌മുണ്ടിനെ വീഴ്‌ത്തിയാണ്‌ പിഎസ്‌ജി എത്തുന്നത്‌. അറ്റ്‌ലാന്റയാകട്ടെ വലെൻസിയയെ തകർത്തു.

നെയ്‌മറിലാണ്‌ പിഎസ്‌ജിയുടെ പ്രതീക്ഷകൾ. പരിക്കേറ്റ കിലിയൻ എംബാപ്പെയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഈ ഇരുപത്തിയൊന്നുകാരൻ പരിശീലനം ആരംഭിച്ചതായാണ്‌ സൂചന. കളിക്കുമുമ്പാകും അന്തിമതീരുമാനം. എംബാപ്പെ ഇല്ലെങ്കിൽ മൗറോ ഇക്കാർഡിയാകും നെയ്‌മറിന്‌ മുന്നേറ്റത്തിൽ കൂട്ട്‌. ചാമ്പ്യൻസ്‌ ലീഗിൽ ഗ്രൂപ്പു‌ഘട്ടംമുതൽ സ്ഥിരതയോടെ കളിച്ച ടീമാണ്‌ പിഎസ്‌ജി. ഈ ആത്മവിശ്വാസവും മുതൽക്കൂട്ടാകും. സസ്‌പെൻഷനിലുള്ള ഏഞ്ചൽ ഡി മരിയ കളിക്കില്ല.

എന്നാൽ‌ തോമസ്‌ ടുഷലിന്റെ സംഘത്തിന്‌ എളുപ്പമാകില്ല കാര്യങ്ങൾ. ഈ സീസണിൽ അത്ഭുത കുതിപ്പാണ്‌ അറ്റ്‌ലാന്റ നടത്തിയത്‌. ഇറ്റാലിയൻ ലീഗിൽ 98 ഗോളുകളാണ്‌ അവർ അടിച്ചുകൂട്ടിയത്‌. ലൂയിസ്‌ മുറൈൽ, ദുവാൻ സപാറ്റ, ജോസിപ്‌ ഇലിസിച്ച്‌ എന്നിവരടങ്ങുന്ന മുന്നേറ്റനിര വിനാശകാരികളാണ്‌. അറ്റ്‌ലാന്റ മുന്നേറ്റത്തിന്‌ കടിഞ്ഞാണിട്ടില്ലെങ്കിൽ ഫ്രഞ്ചുകാർ വിയർക്കും. ജിയാൻ പെയ്‌റോ ഗാസ്‌പെരിനി എന്ന പരിശീലകന്റെ തന്ത്രങ്ങളും അറ്റ്‌ലാന്റയുടെ കരുത്താണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top