ലണ്ടൻ
മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും പിന്നാലെ ടോട്ടനം ഹോട്സ്പറും അഴ്സണലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിൽ മികച്ച തുടക്കം കുറിച്ചു. ആദ്യ കളിയിൽ ആസ്റ്റൺ വില്ലയെ 3–-1 ന് തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ അഴ്സണൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒരു ഗോളിന് തോൽപ്പിച്ചി. പിയറി എമെറിക് ഒബമയെങ് അഴ്സണലിനായി ഗോളടിച്ചു.
ആസ്റ്റൺ വില്ലയ്ക്കതെിരെ ടോട്ടനത്തിനായി ഹാരി കെയ്ൻ ഇരട്ട ഗോൾനേടി. അരങ്ങേറ്റക്കാരൻ ടാങ്കുയ് എൻഡോംബെലെയും ലക്ഷ്യം കണ്ടു. അവസാന 17 മിനിറ്റിലായിരുന്നു ടോട്ടനത്തിന്റെ മൂന്ന് ഗോളും. കളി തുടങ്ങി പത്ത് മിനിറ്റ് തികയുംമുമ്പ് ടോട്ടനം സ്വന്തം തട്ടകത്തിൽ ഗോൾ വഴങ്ങി. ജോൺ മക്ഗിനാണ് നവാഗതരായ വില്ലയ്ക്കുവേണ്ടി ഗോളടിച്ചത്.
ആദ്യപകുതിയിൽ ടോട്ടനം നിരാശയോടെ മടങ്ങി. ഡെലെ ആല്ലിയും സൺ ഹ്യൂങ് മിനും പരിക്കുകാരണം ടോട്ടനം നിരയിലുണ്ടായില്ല. ഈ സീസണിലെത്തിയ റ്യാൻ സെസെഗ്നോണും ജിയോവാനി ലോ സെൽസോയും ഇടംപിടിച്ചില്ല.
രണ്ടാംപകുതിയിൽ ടോട്ടനം കളിയിലേക്ക് തിരിച്ചുവന്നു. എൻഡോംബെലെ ടോട്ടനത്തെ ഒപ്പമെത്തിച്ചു. അവസാന നാല് മിനിറ്റിൽ രണ്ട് ഗോളടിച്ച് കെയ്ൻ ജയമൊരുക്കുകയും ചെയ്തു. മറ്റ് മത്സരങ്ങളിൽ ബേൺലി മൂന്ന് ഗോളിന് സതാംപ്ടണെ തകർത്തു. എവർട്ടണും ക്രിസ്റ്റൽ പാലസും ഗോളടിക്കാതെ പിരിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..