22 October Tuesday

കുതിച്ചു ഇംഗ്ലണ്ട്‌ ; പേസർ വോക്‌സ്‌ ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

ഓസ്‌ട്രേലിയയുടെ പാറ്റ്‌ കമ്മിൻസിനെ പുറത്താക്കിയ ആദിൽ റഷീദിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു

എഡ്‌ജ്‌ബാസ്റ്റൺ
ഇംഗ്ലണ്ടിന്റെ പോരാട്ടവീര്യത്തിന‌ു മുന്നിൽ ആറാം കിരീടം തേടിയെത്തിയ ഓസ്‌ട്രേലിയ മുട്ടുമടക്കി. നിലവിലെ ചാമ്പ്യൻമാരെ എട്ട‌് വിക്കറ്റിന‌് തകർത്താണ‌് ഇംഗ്ലണ്ട‌് നാലാം ഫൈനൽ നേട്ടം ആഘോഷിച്ചത‌്. എഡ‌്ജ‌്ബാസ്റ്റണിൽ ഓസീസിനെ നിലയുറപ്പിക്കാൻ വിട്ടില്ല ഇംഗ്ലീഷുകാർ. പന്തിലും ബാറ്റിലും അവർ ഓസീസിനെ ഏറെ പിന്നിലാക്കി. ഞായറാഴ്‌ച ലോർഡ്‌സിൽ നടക്കുന്ന കിരീടപ്പോരിൽ ന്യൂസിലൻഡാണ്‌ ഇംഗ്ലണ്ടിന്റെ എതിരാളി.

ബൗളർമാരുടെ മികവിൽ ഓസീസിനെ 223 റണ്ണിൽ ഒതുക്കിയ ഇംഗ്ലണ്ട്‌ ജാസൺ റോയിയുടെ (65 പന്തിൽ 85) മികവിൽ 1-07 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. കന്നികിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിന്റെ നാലാം ഫൈനലാണിത‌്. സ‌്കോർ: ഓസ‌്ട്രേലിയ 223 (49), ഇംഗ്ലണ്ട‌് 2–-226 (32.1). ഓസ‌്ട്രേലിയയും പുറത്തായതോടെ ലോകകപ്പിന‌് ഇന‌ി പുതിയ അവകാശികളാകും.

ഓസീസുയർത്തിയ 224 റൺ വിജയലക്ഷ്യത്തിലേക്ക്‌ ഇംഗ്ലണ്ട്‌ അതിവേഗം ബാറ്റ്‌ വീശി. റോയും ജോണി ബെയർസ്‌റ്റോയും (43 പന്തിൽ 34) പതിയെ തുടങ്ങി. പിന്നെ കത്തിക്കയറി. വിക്കറ്റ്‌വേട്ടക്കാരിൽ മുമ്പനായ മിച്ചെൽ സ്റ്റാർക് ഉൾപ്പെടെ നമിച്ചു. റോയിയായിരുന്നു കൂടുതൽ അപകടകാരി. സ‌്റ്റീവ‌് സ്‌മിത്തിനെ തുടർച്ചയായി മൂന്ന്‌ കൂറ്റൻ സിക്‌സർ പായിച്ച റോയ്‌ ദയാരഹിതമായ ആക്രമണമാണ‌് പുറത്തെടുത്ത‌്. 17 ഓവറിൽ ഇംഗ്ലണ്ട‌് 120 കടന്നു.

ബെയർസ്‌റ്റോയെ സറ്റാർക്‌ മടക്കുമ്പോൾ 124 റൺ കൂട്ടിച്ചേർത്തിരുന്നു ഓപ്പണർമാർ. പാറ്റ്‌ കമ്മിൻസ‌് എറിഞ്ഞ പന്തിൽ വിക്കറ്റ്‌കീപ്പർ അലകസ്‌ കാരി പിടിച്ച‌് റോയ‌് മടങ്ങി. എന്നാൽ, ബാറ്റ്‌ പന്തിൻമേൽ തൊട്ടില്ലെന്ന‌് റീപ്ലേയിൽ വ്യക്തമായിരുന്നു. അഞ്ച്‌ സിക‌്സറും ഒമ്പത്‌ ബൗണ്ടറികളും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. ഓപ്പണർമാർ മടങ്ങിയെങ്കിലും ഇംഗ്ലണ്ടിന്റെ വീര്യം കെട്ടില്ല. ജോ റൂട്ടും (46 പന്തിൽ 49) നായകൻ ഇയോവിൻ മോർഗനും (39 പന്തിൽ 45) അവരെ വിജയതീരത്തെത്തിച്ചു.

ആദ്യം ബാറ്റ്‌ ചെയ്യുന്നവർക്ക്‌ മുൻതൂക്കം കിട്ടുന്ന എഡ്‌ജ്‌ബാസ്റ്റണിൽ ഓസീസ‌് ക്യാപ‌്റ്റൻ ആരോൺ ഫിഞ്ച‌് പ്രതീക്ഷയോടെ കളത്തിലിറങ്ങി. പക്ഷേ ഓസീസിന്‌ പിഴച്ചു. തുടക്കത്തിൽ ലഭിച്ച സ്വിങ്ങും പേസും മുതലാക്കി പന്തെറിഞ്ഞ ഇംഗ്ലീഷുകാർക്ക്‌ മുന്നിൽ കംഗാരുക്കൾ വിരണ്ടു. രണ്ടാം ഓവറിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ ഫിഞ്ചിനെ വിക്കറ്റിന്‌ മുന്നിൽ കുരുക്കി ജോഫ്ര ആർച്ചെർ ആതിഥേയർക്ക്‌ ഗംഭീര തുടക്കമേകി. അടുത്ത ഊഴം ക്രിസ്‌ വോക്‌സിന്റേതായിരുന്നു.

ടൂർണമെന്റിലെ റൺവേട്ടക്കാരിൽ രണ്ടാമനായ ഡേവിഡ്‌ വാർണറെ (11 പന്തിൽ 9) ഒന്നാന്തരം പന്തിൽ വിക്കറ്റ്‌ കീപ്പർ ജോണി ബെയർസ്‌റ്റോയുടെ കൈകളിലെത്തിച്ചു വലംകൈയൻ. ഉസ്‌മാൻ ഖവാജയ്‌ക്ക്‌ പകരമെത്തിയ പീറ്റർ ഹാൻഡ്‌സ്‌കോമ്പും (12 പന്തിൽ 4) പെട്ടെന്നു മടങ്ങി. ഓസ്‌ട്രേലിയ മൂന്നിന്‌ 14. സ്റ്റീവ്‌ സ്‌മിത്തും (119 ‌പന്തിൽ 85) വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്‌മാൻ അലക്‌സ്‌ കാരിയും (70 പന്തിൽ 46) ഇംഗ്ലീഷ്‌ കൊടുങ്കാറ്റിനെ അതിജീവിച്ചു.  ഇതിനിടെ ആർച്ചെറുടെ പന്തേറ്റ്‌ കാരിയുടെ താടിക്ക്‌ മുറിവേറ്റെങ്കിലും ഇരുപത്തേഴുകാരൻ കളി തുടർന്നു.

നാലാം വിക്കറ്റിൽ 103 റണ്ണാണ്‌ കൂട്ടിച്ചേർത്തത്‌. ഗ്ലെൻ മാക്‌സ്‌വെൽ (23 പന്തിൽ 22) റൺനിരക്കുയർത്തിയെങ്കിലും ക്ഷമ കാട്ടിയില്ല. ഒരറ്റത്ത്‌ സ്‌മിത്ത്‌ ഓസീസിനെ അണയാതെ നയിച്ചു.  പതുക്കെ നിലയുറപ്പിച്ച്‌ റൺ കണ്ടെത്തി. മിച്ചെൽ സ്റ്റാർക്കുമായി (36 ‌പന്തിൽ 29) ഏട്ടാം വിക്കറ്റിൽ  51 റൺ കൂട്ടുകെട്ടുണ്ടാക്കി സ്‌കോർ ഇരുന്നൂറ്‌ കടത്തി മുൻ നായകൻ. റൺഔട്ടിലൂടെ സ്‌മിത്ത്‌ മടങ്ങിയതോടെ ഓസീസ്‌ ഇന്നിങ്‌സ്‌ 223ൽ ഒതുങ്ങി.‌


പ്രധാന വാർത്തകൾ
 Top