17 October Thursday

യുദ്ധം ജയിക്കാൻ ഉശിരുള്ളൊരു സംഘവും അതിനൊത്ത പദ്ധതികളുമാണ‌് വേണ്ടത്: കിവികൾ പകർന്ന പാഠം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

മത്സരശേഷം കോഹ്‌ലിയെ ആശ്വസിപ്പിക്കുന്ന ന്യൂസിലൻഡ്‌ ക്യാപ്‌റ്റൻ വില്യംസൺ

മാഞ്ചസ‌്റ്റർ> ന്യൂസിലൻഡിന‌് മികച്ചൊരു ടീമുണ്ടായിരുന്നു. ഇന്ത്യക്ക‌് താരങ്ങളും. സെമിയിൽ ആ താരങ്ങൾ നിറംകെട്ടു. സംഘശക്തിയിൽ കിവികൾ ചുവടുവച്ചു. ലോക ഒന്നാം നമ്പർ ബാറ്റ‌്സ‌്മാനോ ബൗളറോ അല്ല, യുദ്ധം ജയിക്കാൻ ഉശിരുള്ളൊരു സംഘവും അതിനൊത്ത പദ്ധതികളുമാണ‌് വേണ്ടതെന്ന‌് കിവികൾ കാണിച്ചുതന്നു.130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ഏറ്റവും പ്രധാന കായിക വിനോദമാണ‌് ക്രിക്കറ്റ‌്. ബംഗ‌ളൂരു നഗരത്തിലെ ജനസംഖ്യയേയുള്ള ന്യൂസിലൻഡിന‌്. ക്രിക്കറ്റല്ല, റഗ‌്ബിയാണ‌് അവരുടെ പ്രധാന കായിക വിനോദം.

ലോക ക്രിക്കറ്റിന്റെ കടിഞ്ഞാൺതന്നെ ഇന്ത്യൻ ക്രിക്കറ്റ‌് ബോർഡായ ബിസിസിഐയുടെ കൈകളിലാണ‌്. പണമുണ്ട‌്, കരുത്തുണ്ട‌്. കളിക്കാരുടെ ധാരാളിത്തമാണ‌്.
ഇന്ത്യയുടെ പരിശീലക സംഘത്തിന‌് ലഭിക്കുന്ന പണത്തിന്റെ പകുതിപോലും ന്യൂസിലൻഡ‌് സംഘത്തിനുണ്ടാകില്ല.ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ‌്സ‌്മാൻ വിരാട‌് കോഹ‌്‌ലി, ബൗളർ ജസ‌്പ്രീത‌് ബുമ്ര, ഈ ലോകകപ്പിൽ അഞ്ച‌് സെഞ്ചുറിയടിച്ച രോഹിത‌് ശർമ. ന്യൂസിലൻഡിന‌് പറയാനുണ്ടായത‌് ക്യാപ‌്റ്റൻ കെയ‌്ൻ വില്യംസണെ മാത്രം. സെമിവരെയുള്ളതിൽ ടീമിന്റെ മൂന്നിലൊരു പങ്കുംനേടിയ കളിക്കാരൻ.എന്നിട്ടും മാഞ്ചസ്‌റ്ററിൽ ന്യൂസിലൻഡ‌് ഇന്ത്യയെ വീഴ‌്ത്തി.

ഒരു ടൂർണമെന്റ‌് പുരോഗമിക്കുന്നതിന‌് അനുസരിച്ച‌് കളി മെച്ചപ്പെടുന്ന ടീമുകളാണ‌് കപ്പടിക്കുക. ഇന്ത്യൻ ടീം അതായിരുന്നില്ല.ഇന്ത്യയുടേത‌് മോശം കളിയായിരുന്നില്ല, പക്ഷേ, ബുദ്ധിപരമായല്ല ടീം കളിച്ചത‌്. കിവികൾ പിച്ചിനെ പഠിച്ചു, എതിർ ബാറ്റ‌്സ‌്മാൻമാരുടെ ദൗർബല്യങ്ങൾ പഠിച്ചു. പ്രഹരിക്കുമ്പോൾ മർമംതന്നെ നോക്കി കൊടുത്തു. ആദ്യം ബാറ്റിങ‌് തെരഞ്ഞെടുത്ത‌് ക്രീസിലെത്തിയപ്പോൾ അവർക്ക‌് മനസ്സിലായി. വില്യംസൺ സാഹസികത കാട്ടിയില്ല, ഒരു ഘട്ടത്തിൽപ്പോലും.

സെഞ്ചുറിയുടെ മൂല്യമുണ്ടായിരുന്നു വില്യംസണിന്റെ 67 റണ്ണിന‌്. റോസ‌് ടെയ‌്‌ലറുടെ 67 റണ്ണും അവരെ 240ൽ എത്തിച്ചു. പിച്ച‌് ബൗളർമാർക്ക‌് അനുകൂലമായെങ്കിലും ഇന്ത്യക്ക‌് എത്തിപ്പിടിക്കാൻ കഴിയുന്ന സ‌്കോറായിരുന്നു 240. പക്ഷേ, ആസൂത്രണം പാളി. രണ്ട‌് ഉശിരൻ പന്തുകളിൽ രോഹിതിനെയും കോഹ‌്‌ലിയെയും യഥാക്രമം മാറ്റ‌് ഹെൻറിയും ട്രെന്റ‌്  ബോൾട്ടും മടക്കി. മിച്ചെൽ സാന്റ‌്നെർ എന്ന സ‌്പിന്നർ എറിഞ്ഞ ആദ്യ അഞ്ചോവറിൽ അഞ്ച‌് റണ്ണാണ‌് കിട്ടിയത‌്. ഋഷഭ‌് പന്തിനെയും ഹാർദി‌ക‌് പാണ്ഡ്യയെയും സാന്റ‌്നെർ പുറത്താക്കി.

മുൻനിരയിലും ബൗളിങ‌് നിരയിലും ലോകോത്തര താരങ്ങളുണ്ടായെങ്കിലും മധ്യനിരയിലെ വലിയ ചോർച്ച കണ്ടില്ല. മധ്യനിരയിലെ പ്രശ‌്നം പരിഹരിക്കപ്പെട്ടില്ല. മുൻനിര തകർന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട മധ്യനിര മരവിച്ചുതന്നെ കിടന്നു. സെമിയിൽ 4, 5, 6 സ്ഥാനങ്ങളിൽ ഇറങ്ങിയ മൂന്നുപേരുടെയും ആദ്യ ലോകകപ്പായിരുന്നു. ഏറ്റവും മോശം ടീം തെരഞ്ഞെടുപ്പായിരുന്നു ഈ ലോകകപ്പിൽ. നാലാം നമ്പറിൽ സ്ഥിരതയുള്ള ഒരു കളിക്കാരെ കിട്ടിയില്ല. കഴിഞ്ഞ ലോകകപ്പിനുശേം 24 കളിക്കാരെയാണ‌് പരീക്ഷിച്ചത‌്. പ്രതിഭകളുടെ പഞ്ഞമല്ല, തെരഞ്ഞടുപ്പിലെ പാളിച്ചയാണ‌് തിരിച്ചടിയായത‌്.

സെമിയിൽ വിക്കറ്റ‌് വലിച്ചെറിഞ്ഞ‌് മധ്യനിരയും കടന്നുപോയപ്പോൾ വാലറ്റത്ത‌് രവീന്ദ്ര ജഡേജയെന്ന ഒഴിവാക്കപ്പെട്ട കളിക്കാരനായിരുന്നു രക്ഷകൻ. കൂട്ടിന‌് മഹേന്ദ്ര സിങ‌് ധോണിയും. ജഡേജയുടെയും (59 പന്തിൽ 77) ധോണിയുടെയും (45 പന്തിൽ 32) 116 റണ്ണിന്റെ കൂട്ടുകെട്ടാണ‌് പ്രതീക്ഷ നൽകിയത‌്. 47–-ാം ഓവറിൽ ജഡേജ പുറത്തായതോടെ അത‌ണഞ്ഞു. പിന്നാലെ ധോണിയെ (72 പന്തിൽ 50) മാർടിൻ ഗുപ‌്റ്റിൽ റണ്ണൗട്ടാക്കുകയും ചെയ‌്തതോടെ പൂർണമായി. ധോണിയുടെ പ്രതിരോധാത്മക കളിയും അവസാന ഘട്ടത്തിൽ ബാധിച്ചു‌.

ന്യൂസിലൻഡിനെ ഇന്ത്യ കാര്യമായി എടുത്തിരുന്നില്ല. എ‌ളുപ്പത്തിൽ ജയിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. വില്യംസൺ അതിന‌് മറുപടി നൽകി. ഹെൻറിയും ബോൾട്ടും ടെയ‌്‌ലറും നീഷവും ഗുപ‌്റ്റിലുമെല്ലാം തെളിയിച്ചു.താരങ്ങളല്ല, ടീമാണ‌് മുഖ്യം.


പ്രധാന വാർത്തകൾ
 Top