23 April Tuesday

ഫ്രാൻസ്‌ ഉറങ്ങുന്ന ഗർജനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

സാമുവൽ ഉംറ്റിറ്റി


 

സെന്റ് പീറ്റേഴ്സ്ബർഗ്
നിർവികാരതയ്ക്കും സൗന്ദര്യമുണ്ടെങ്കിൽ അതിനെ ഫ്രാൻസ് എന്ന് വിളിക്കാം. മൈതാനത്തിലാണെങ്കിലും ആലസ്യത്തിന്റെ കമ്പിളി പുതച്ചിരിക്കുന്നപോലെയാണ് ഫ്രാൻസ്. ബഹളങ്ങളില്ല, ആരവങ്ങളില്ല, അലർച്ചയില്ല. പക്ഷെ കളി തീരുമ്പോൾ സ്കോർ ബോർഡ് എന്നും ഫ്രാൻസിന് അനുകൂലമാകും. സെമിയിലും അതുതന്നെ സംഭവിച്ചു. ഒൺട്വോയിൻ ഗ്രീസ്മാൻ 51‐ാം മിനിറ്റിലെടുത്ത കോർണർ കിക്കിൽ സാമുവൽ ഉംറ്റിറ്റി തലവച്ചു.
അതുമതി ഫ്രാൻസിന്. അവർ തൃപ്തരായി. ബൽജിയത്തിന് മടങ്ങാനുള്ളത് അതിലുണ്ടായി.

ഇതിനിടയിൽ കിലിയൻ എംബാപ്പെ ശതാബ്ദി എക്സ്പ്രസ്പോലെ കുതിച്ചു. പോൾ പോഗ്ബ നീണ്ട ചുവടുകൾകൊണ്ട് മൈതാനം അളന്നു. ബൽജിയത്തിന്റെ പത്മവ്യൂഹത്തിനകത്ത് ഗ്രീസ്മാൻ നൃത്തംകളിച്ചു. ഇതെല്ലാം ഇടവേളകൾ മാത്രം. അടിസ്ഥാനപരമായി അവർ ഉറക്കംവിട്ടിട്ടില്ലെന്ന മട്ടിൽതന്നെയായിരുന്നു. ഈ ടൂർണമെന്റിൽ ഉടനീളം ഫ്രാൻസ് അങ്ങനെത്തന്നെയായിരുന്നു. മാരകമായ പ്രഹരശക്തിയുമായാണ് ഫ്രാൻസ് റഷ്യയിലേക്ക് വരുന്നതെന്ന വിശേഷണത്തെ അവർതന്നെ പരിഹസിച്ചു. ശത്രുനിരയിലേക്ക് തേരു തെളിച്ച് ചതച്ചരച്ചില്ല അവർ. ഒറ്റ മിന്നൽ. അത്രമാത്രം. അതുമതി ഫ്രാൻസിന്. ജയിക്കാനുള്ളതു മാത്രം. ഗോളിന്റെ ധാരാളിത്തം വേണ്ട. ലാളിത്യം ജയത്തിന്റെ കൊടി അടയാളമാക്കി ഫ്രാൻസ് ഫൈനലിലേക്ക്.

എന്തുകൊണ്ടും ഫ്രാൻസിനെക്കാൾ താഴെയുള്ള ടീമിനെതിരെയും അവർ നിർദാക്ഷിണ്യം ഗോളടിച്ചില്ല. മിതത്വത്തിന്റെ സൂചിമുനയിൽ ഫ്രാൻസ് എതിരാളികളെ കോർത്തെടുത്തു. ഗ്രൂപ്പിൽ ഓസ്ട്രേലിയയോട് 2‐1. പെറുവിനോട് 1‐0, ഡെൻമാർക്കിനോട് 0‐0. എവിടെ ഫ്രാൻസ് എന്ന ചോദ്യമുയർന്നു. ഉഗ്രപ്രതാപികൾ ഉറക്കംതൂങ്ങുകയാണെന്ന് വിമർശമുയർന്നു.  അതൊന്നും ദിദിയർ ദെഷാമും കളിക്കാരും പരിഗണിച്ചില്ല. ലക്ഷ്യമുള്ള സ്വപ്നാടനംപോലെ ഫ്രാൻസ് കളിച്ചുകൊണ്ടേയിരുന്നു. യഥാർഥ ഫ്രാൻസിനെ കാണാൻ ആരാധകർ കൊതിച്ചു. അർജന്റീനയ്ക്കെതിരെ അവർ വിശ്വരൂപം കാണിക്കുമെന്നുതന്നെ കരുതി. അവിടെയും ഇടയ്ക്ക് ഉണർന്ന ശേഷം അവർ മയങ്ങി. അർജന്റീന 2‐1ന് മുന്നിലെത്തിയപ്പോൾ ഫ്രാൻസിന്റെ രൂപം മാറി. 11 മിനിറ്റിനകം മൂന്ന് ഗോൾ അടിച്ച് അവർ കൊടുങ്കാറ്റൂതി. പിന്നെ അവർ പഴയപോലെത്തന്നെയായി. തടാകത്തിലെ മുതലയാണ് ഫ്രാൻസ്. അവസരം കാത്തുകിടക്കും. പെട്ടെന്ന് ചാടിവീണ് ഇരയെ അകത്താക്കി തടാകത്തിലെ ജലപ്പരപ്പിലേക്ക് മടങ്ങും.

ഉറുഗ്വേക്കെതിരെയാണ് അവർ സ്വൽപ്പമെങ്കിലം സടകുടഞ്ഞത്. അവിടെയും ഒരു ഗോളിനുശേഷം വിശ്രമത്തിലായി ഫ്രാൻസ്. രണ്ടാം ഗോൾ പൂർണമായും ഉറുഗ്വേ ഗോളി മുസ്ലേരയുടെ പിഴവിൽനിന്നായിരുന്നു. ഇങ്ങനെ രൂപപ്പെട്ടാൽ ഫൈനലിൽ അവർക്ക് എല്ലാ കഴിവുകളും പുറത്തെടുക്കാനാകുമോ എന്ന് സംശയിക്കുന്നവരുണ്ട്. 15 വരെ കാത്തിരിക്കാനാണ് അവർക്ക് ഫ്രാൻസിന്റെ മറുപടി.

സെമിയിൽ ബൽജിയം തുടക്കത്തിൽതന്നെ ഇരമ്പിമറഞ്ഞു. ഫ്രഞ്ച് കൊട്ടാരം ഏതാനും നിമിഷങ്ങൾക്കകം നിലംപൊത്തുമെന്ന് ബൽജിയത്തിന്റെ സുവർണനിര ഭീഷണിമുഴക്കി. പക്ഷെ ലയണൽ മെസിയുടെ, ലൂയിസ് സുവാരസിന്റെ വഴിമുടക്കിയ ഫ്രാൻസുകാർ ഏദെൻ ഹസാർഡിനെയും റൊമേലു ലുക്കാക്കുവിനെയും  കെവിൻ ഡിബ്രയ്നെയും എന്തിന് പേടിക്കണം!. അത്ര ആത്മവിശ്വാസമാണ് ഫ്രഞ്ചുകാർക്ക് സ്വന്തം പ്രതിരോധനിരയിൽ. സാമുവൽ ഉംറ്റിറ്റിയും വരാനെയും റൊമേലു ലുക്കാക്കുവിനെ വളഞ്ഞു. ലുക്കാക്കു പന്തിന് ദാഹിച്ചു. 22 തവണ മാത്രമാണ് ബൽജിയത്തിന്റെ ഈ ഉരുക്കുമനുഷ്യൻ പന്ത് തൊട്ടത്. ഡി ബ്രയ്നെയും ഫ്രഞ്ചുകാർ പൂട്ടി. അതോടെ ലുക്കാക്കു‐ഡിബ്രയ്ൻ‐ഹസാർഡ് കൂട്ടുകെട്ടിന്റെ പ്രവാഹവീര്യം ആദ്യമായി തടയപ്പെട്ടു. വലതുവിങ്ങിൽ ചാഡ്ലിക്ക് മാത്രമാണ് പന്തെത്തിയിരുന്നത.് അത് ഫ്രഞ്ചുകാർ പരിഗണിച്ചതേയില്ല. ഇടതുവിങ്ങിൽ ഹസാർഡ് ഡ്രിബിൾചെയ്തും മിന്നിക്കയറിയും ശോഭിക്കുന്നുണ്ടായിരുന്നു. അവിടെ പവാർദ് വിടാതെ ഹസാർഡിന്റെ പിന്നാലെയുണ്ടായി.

ഇടവേളയ്ക്കുമുമ്പ് ഹസാർഡിനെ ബൽജിയം പരിശീലകൻ മാർടിൻസ് മധ്യനിരയിലേക്ക് മാറ്റി. അത് ബുദ്ധിയായില്ല. ഹസാർഡ് വീണത് എൻഗോളോ കാന്റെയുടെ മടയിലായിരുന്നു. ഒറ്റപ്പെട്ടു ഹസാർഡ്.

അതിനിടയിൽ ഫ്രാൻസ് പ്രത്യാക്രമണത്തിന്റെ അമ്പുകളുമായി ബൽജിയംനിരയിലേക്ക് കുതിച്ചു. എംബാപ്പെയുടെ കോരിത്തരിപ്പിച്ച പാസിൽ ജിറൂ കനത്തയടി തൊടുക്കാൻ വൈകി. ജിറൂ  പന്തിന് രണ്ടുവാര പിന്നിലായിരുന്നു എപ്പോഴും. പക്ഷെ ജിറൂവിനെ ദെഷാം പിൻവലിച്ചില്ല. ദെഷാമിന്റ പദ്ധതിയിൽ ജിറൂവിന് പ്രധാന പങ്കുണ്ട്. ഈ ടൂർണന്റെിലാകെ 13 ഷോട്ട് പായിച്ച് ഒന്നുപോലും ഗോളാക്കാൻ കഴിഞ്ഞില്ലെങ്കിലും. അവസാനഘട്ടത്തിൽ ഗോളിനുവേണ്ടി പൊരുതി ബൽജിയം. ചുടുനിശ്വാസത്തെപ്പോലും ചുടുവിയർപ്പുകളാക്കി ആ സുവർണനിര ജ്വലിക്കുകതന്നെ ചെയ്തു. കൈപ്പിടിയിൽനിന്ന് വഴുതിപ്പോകുന്ന രണ്ടാം ഫൈനൽപ്രവേശമാണ്. 1986ൽ മാറഡോണയുടെ അർജന്റീനയോട് തോറ്റു. വിറ്റ്സെലിന്റെ ലോങ്റേഞ്ചും അൽഡെർവൈറെൽദിന്റെ പൊള്ളുന്ന അടിയും ഗോളി ലോറിസ് തടുത്തു. ബൽജിയം 64 ശതമാനം സമയം പന്ത് കൈവശംവച്ചിട്ടും  എന്തുകാര്യം?. ബ്രസൽസിൽ സൂര്യൻ അസ്തമിച്ചു. പാരീസിൽ ഒരു രാത്രികൂടി നിദ്രാവിഹീനമായി.

പ്രധാന വാർത്തകൾ
 Top