30 May Saturday

ജയം ലക്ഷ്യം ; ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്‌ക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020

ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പരിശീലനത്തിൽ

ധർമശാല
ആശങ്കകളുടെ കാർമേഘങ്ങളാണ്‌ ധർമശാലയിൽ. ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ സമ്പൂർണ തോൽവിക്കുശേഷം ഇന്ത്യ ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ്‌ എതിരാളി. മൂന്നു മത്സരങ്ങളാണ്‌ പരമ്പരയിൽ. ഏകദിന ക്രിക്കറ്റിൽ സമീപകാലത്തെ ഏറ്റവും മോശം പ്രകടനത്തിലാണ്‌ ഇന്ത്യ. ന്യൂസിലൻഡിൽ മൂന്ന്‌ കളികളിലും തോറ്റു. 31 വർഷത്തിനിടെയുള്ള ആദ്യ സമ്പൂർണ തോൽവി. പന്തിലും ബാറ്റിലും ഫീൽഡിലും വിരാട്‌ കോഹ്‌ലിയുടെ സംഘം പൂർണമായും കീഴടങ്ങി. ദക്ഷിണാഫ്രിക്കക്കെതിരെ തിരിച്ചുവരാനുള്ള അവസരമാണ്‌. കോവിഡ്‌–-19 പേടിയിലും, മഴ ഭീഷണിയിലുമാണ്‌ കളി അരങ്ങേറുന്നത്‌. ഇന്ന്‌ പകൽ 1.30നാണ്‌ മത്സരം.

സമ്മർദങ്ങളെല്ലാം കോഹ്‌ലിയിലാണ്‌. ന്യൂസിലൻഡിനെതിരായ ഏകദിന–-ടെസ്റ്റ്‌ മത്സരങ്ങളിലെല്ലാം തോറ്റു. അവസാനം കളിച്ച അഞ്ച്‌ രാജ്യാന്തര മത്സരത്തിലും ടീമിനെ ജയത്തിലേക്ക്‌ നയിക്കാനായില്ല ക്യാപ്‌റ്റന്‌. ആഫ്രിക്കക്കാർക്കെതിരെ പരമ്പര നഷ്ടമായാൽ കോഹ്‌ലിയുടെ കസേരയ്‌ക്കും ഇളക്കംവരും. കഴിഞ്ഞ ആറു വർഷത്തിനിടയിൽ കോഹ്‌ലിക്കു കീഴിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനവും ഇതാണ്‌. ബാറ്റിലും മുപ്പത്തിയൊന്നുകാരൻ മങ്ങി. ന്യൂസിലൻഡിൽ പത്ത്‌ ഇന്നിങ്സുകളിൽ നേടിയത്‌ 204 റൺ മാത്രം.

പരിക്കു മാറി ഹാർദിക്‌ പാണ്ഡ്യ, ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ എന്നിവർ മടങ്ങിയെത്തുന്നത്‌ ഇന്ത്യക്ക്‌ ഗുണംചെയ്യും. രോഹിത്‌ ശർമയുടെ അഭാവത്തിൽ ധവാനൊപ്പം പൃഥ്വി ഷാ ഓപ്പണറാകും. ഹാർദിക്കെത്തുന്നതോടെ മനീഷ്‌ പാണ്ഡെയും ഋഷഭ്‌ പന്തും പുറത്തിരിക്കും. രവീന്ദ്ര ജഡേജ രണ്ടാം ഓൾറൗണ്ടറായി ഇടംനേടും. ജസ്‌പ്രീത്‌ ബുമ്രയ്‌ക്കൊപ്പം ഭുവി ചേരുന്നതോടെ പേസ്‌ നിരയ്‌ക്ക്‌ മൂർച്ച കിട്ടുമെന്നാണ്‌ ഇന്ത്യൻ പ്രതീക്ഷ. സ്വന്തം തട്ടകത്തിലാണ്‌ കളി എന്നതും ഇന്ത്യക്ക്‌ ആശ്വാസമാണ്‌. 

ദക്ഷിണാഫ്രിക്ക മാറ്റത്തിന്റെ പാതയിലാണ്‌. ക്വിന്റൺ ഡി കോക്കിനു കീഴിൽ വരവറിയിച്ചുകഴിഞ്ഞു അവർ. ഓസ്‌ട്രേലിയയെ വീഴ്‌ത്തിയാണ്‌ ഇന്ത്യയിലെത്തുന്നത്‌. യുവനിരയും പരിചയസമ്പന്നരുമടങ്ങിയ സംഘം ഇന്ത്യക്ക്‌ ഭീഷണി ഉയർത്തും. രണ്ടാമത്‌ ബാറ്റ്‌ ചെയ്യുന്നവർക്ക്‌ അനുകൂലമാണ്‌ ധർമശാലയിലെ പിച്ച്‌.

സാധ്യതാ ടീം
ഇന്ത്യ: 
ധവാൻ, പൃഥ്വി, കോഹ്‌ലി, ശ്രേയസ്‌, രാഹുൽ, ഹാർദിക്‌, ജഡേജ, ഭുവനേശ്വർ, സെയ്‌നി, ചഹാൽ, ബുമ്ര. 

ദ. ആഫ്രിക്ക: ഡി കോക്ക്‌, മലാൻ/ബവുമ, സ്‌മട്ട്‌സ്‌, വാൻ ഡെർ ദുസെൻ, ക്ലാസെൻ, മില്ലർ, ഫെഹുൽക്വായോ, മഹാരാജ്‌, ഹെൻഡ്രിക്‌സ്‌/ലിൻഡെ, നോർത്യെ, എൻഗിഡി.


പ്രധാന വാർത്തകൾ
 Top