25 May Monday

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ : ടോട്ടനം വീണു

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020

ലെയ്‌പ്‌സിഗിനെതിരായ തോൽവിക്കുശേഷം വിതുമ്പുന്ന ടോട്ടനം മുന്നേറ്റക്കാരൻ ലൂക്കാസ്‌ മൗറയെ ആശ്വസിപ്പിക്കുന്ന പരിശീലകൻ ഹൊസെ മൊറീന്യോ


ലെയ്‌പ്‌സിഗ്‌
ഹൊസെ മൊറീന്യോക്കും ടോട്ടനത്തെ ഉയർത്താനായില്ല. യൂറോപ്യൻ ഫുട്‌ബോളിലെ നവശക്തികളായ ആർ ബി ലെയ്‌പ്‌സിഗിനോട്‌ തോറ്റ്‌ ടോട്ടനം ഹോട്‌സ്‌പർ ചാമ്പ്യൻസ്‌ ലീഗിൽനിന്ന്‌ പുറത്തായി. പ്രീ ക്വാർട്ടറിൽ ഇരുപാദങ്ങളിലുമായി നാല്‌ ഗോളുകൾക്കാണ്‌ നിലവിലെ റണ്ണറപ്പ്‌ കീഴടങ്ങിയത്‌. ആദ്യപാദം ഒരു ഗോളിന്‌ ജയിച്ച ലെയ്‌പ്‌സിഗ്‌ രണ്ടാംപാദം സ്വന്തം തട്ടകത്തിൽ മൂന്നടിച്ച്‌ കളി ഉറപ്പിച്ചു. മൗറീസിയോ പൊച്ചെട്ടീനോയ്‌ക്കു പകരമെത്തിയ മൊറീന്യോക്ക്‌ ടോട്ടനത്തിലെ ആദ്യ സീസൺതന്നെ തിരിച്ചടിയുടേതായി.

പോർട്ടോയെയും ഇന്റർ മിലാനെയും ചാമ്പ്യൻസ്‌ ലീഗ്‌ ജേതാക്കളാക്കിയ പരിശീലകനാണ്‌ മൊറീന്യോ. സീസൺ തുടക്കത്തിലെ മോശം പ്രകടനത്തിനു പിന്നാലെ പൊച്ചെട്ടീനോയെ പുറത്താക്കിയ ടോട്ടനം മാനേജ്‌മെന്റ്‌ മൊറീന്യോയെ കൊണ്ടുവന്നു. സൂപ്പർ പരിശീലകനും ഇംഗ്ലീഷ്‌ ടീമിനെ രക്ഷിക്കാനായില്ല. നിലവിൽ സീസണിലെ കിരീടപ്രതീക്ഷകളെല്ലാം അവസാനിച്ചു. അവസാന ആറ്‌ കളികളിലും ജയമില്ല.

പത്തുവർഷം മുമ്പ്‌ പിറന്ന ലെയ്‌പ്‌സിഗിന്‌ ഇത്‌ കന്നി ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടറാണ്‌. ഇരുപാദങ്ങളിലും അവർ ടോട്ടനത്തെ ഒതുക്കി. രണ്ടാംപാദത്തിൽ ഇരട്ടഗോൾ നേടിയ മാഴ്‌സെൽ സാബിറ്റ്‌സറാണ്‌ അവർക്ക്‌ വമ്പൻ ജയം സമ്മാനിച്ചത്‌. എമിൽ ഫോഴ്‌സ്‌ബർഗ്‌ പട്ടിക തികച്ചു. മുപ്പത്തിരണ്ടുകാരൻ പരിശീലകൻ യൂലിയൻ  നാഗെൽസ്‌മാനാണ്‌ ജർമൻ ടീമിന്റെ കുതിപ്പിനു പിന്നിൽ.


പ്രധാന വാർത്തകൾ
 Top