26 May Sunday
3 സ്വർണം, 1 വെള്ളി, 2 വെങ്കലം കൂടി

ദേശീയ മീറ്റ്‌: കേരളം കിരീടത്തിലേക്ക‌്

ആർ രഞ‌്ജിത‌്Updated: Tuesday Feb 12, 2019

നദിയാദ‌്(ഗുജറാത്ത‌്)
കേരളത്തിന്റെ പെൺകുട്ടികൾ ഇന്നലെ രാത്രി കിരീടം സ്വപ‌്നം കണ്ടിട്ടുണ്ടാകും. ഏഴ‌ിനങ്ങൾ ബാക്കിയിരിക്കെ, ആ സ്വപ‌്നം യാഥാർഥ്യമാകാൻ ഇന്ന‌് ഉച്ചവരെ കാത്തിരുന്നാൽ മതി. ദേശീയ സീനിയർ (അണ്ടർ–- 19) അത‌്‌‌ലറ്റിക‌് മീറ്റിൽ  കേരളം തൊട്ടടുത്തുള്ള തമിഴ‌്നാടിനേക്കാൾ 24 പോയിന്റ‌് മുന്നിലാണ‌്.

13 ഇനങ്ങൾ പൂർത്തിയായപ്പോൾ കേരളം നാല‌ുവീതം സ്വർണവും വെള്ളിയും രണ്ട‌ു വെങ്കലവും നേടി. 65 പോയിന്റുമായാണ‌് കുതിപ്പ‌്. തമിഴ‌്നാടിന‌് 41 പോയിന്റുണ്ട‌്. മഹാരാഷ‌്ട്ര 34.5, ഹരിയാന 31, കർണാടക 25 എന്നിവരാണ‌് പിന്നിലുള്ളത‌്. രണ്ടാംദിവസമായ ഇന്നലെ  നിശ‌്ചയിച്ച ഏഴ‌ു സ്വർണത്തിൽ മൂന്നെണ്ണവും കേരളം വാരി. ഒപ്പം ഒരു വെള്ളിയും രണ്ട‌് വെങ്കലവും.

100 മീറ്റർ ഹർഡിൽസിൽ പുല്ലൂരാമ്പാറ സെന്റ‌് ജോസഫ‌്സ‌് സ‌്കൂളിലെ അപർണ റോയ‌് 13.91 സെക്കൻഡിൽ പുതിയസമയം കുറിച്ചു. ഹർഡിലുകളുടെ ഉയരം ഈ വർഷംമുതൽ 76 സെന്റീമീറ്ററായി കുറച്ചതിനാൽ റെക്കോഡിന‌് പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞതവണ 84 സെന്റീമീറ്റർ ഉള്ളപ്പോൾ അപർണ കുറിച്ച 14.25 സെക്കൻഡായിരുന്നു നിലവിലെ റെക്കോർഡ‌്. അലീന വർഗീസ‌് ആറാമതായി.

ലോങ്ജമ്പിൽ മാതിരപ്പള്ളി എംഎ കോളേജ‌് സ‌്പോർട‌്സ‌് ഹോസ‌്റ്റലിലെ സാന്ദ്ര ബാബു 5.97 മീറ്റർ ചാടി സ്വർണം  നേടി. പരിക്ക‌് വകവയ‌്ക്കാതെ ചാടിയ പി എസ‌് പ്രഭാവതി ആറാമതായി. 4‐100 മീറ്റർ റിലേയിൽ 47.58 സെക്കൻഡിൽ ഒന്നാമതെത്തി. തമിഴ‌്നാടിനെയും മഹാരാഷ‌്ട്രയെയുമാണ‌് പിന്തള്ളിയത‌്. അലീന വർഗീസ‌്, അപർണ റോയ‌്, പി ഡി അഞ‌്ജലി, ആൻസി സോജൻ എന്നിവരാണ‌് കേരളത്തെ നയിച്ചത‌്.

1500 മീറ്ററിൽ മികച്ച പ്രകടനത്തോടെ തിരുവനന്തപുരം സായിയിലെ മിന്നു പി റോയ‌് (4:45.08) വെള്ളി നേടി. ഉത്തരാഖണ്ഡിന്റെ അങ്കിതയ‌്ക്കാണ‌് (4:42.47) സ്വർണം. അവസാന 150 മീറ്റർവരെ നാലാംസ്ഥാനത്തായിരുന്ന മിന്നു, അവസാനം ഗംഭീരകുതിപ്പാണ‌് നടത്തിയത‌്. ഫൈനലിൽ എത്തിയിരുന്ന അതുല്യ ഉദയൻ ഇറങ്ങിയില്ല.   മൂന്ന‌ു കിലോ മീറ്റർ നടത്തത്തിൽ മുണ്ടൂർ സ‌്കൂളിലെ സി കെ ശ്രീജയും ഷോട്ട‌്പുട്ടിൽ തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യുവും (13.63 മീറ്റർ) വെങ്കലം നേടി. സി പി തൗഫീറ (9.32) പത്തൊമ്പതാമതായി. മഹാരാഷ‌്ട്രയുടെ റാവുറാണെ പുർണയും (15.76 മീറ്റർ) ഹരിയാനയുടെ യോഗിതയും (15.42) ആദ്യ രണ്ട‌് സ്ഥാനങ്ങൾ നേടി. 

400 മീറ്ററിൽ ആന്ധ്രയുടെ ലിൻഗാല മധു സ്വർണം നേടിയപ്പോൾ കേരളത്തിന്റെ ട്രീസ മാത്യു എട്ടാമതായി. ഇന്നു നടക്കുന്ന 800 മീറ്റർ ഫൈനലിലേക്ക‌് മിന്നു പി റോയ‌്, അതുല്യ ഉദയൻ എന്നിവർ യോഗ്യത നേടി. ആൻസി സോജനും അപർണ റോയിയും 200 മീറ്റർ സെമിയിലെത്തി. 400 മീറ്റർ ഹർഡിൽസിൽ ആർ ആരതിയും ഡെൽന ഫിലിപ്പും ഫൈനലിൽ കടന്നു. 4‐400 മീറ്ററിൽ ജി രേഷ‌്മ, ആർ ആരതി, ടി സൂര്യമോൾ, ട്രീസ മാത്യു എന്നിവർ ഉൾപ്പെട്ട ടീം മെഡൽ പോരാട്ടത്തിന‌് അർഹത നേടി.   ക്രോസ‌്‌കൺട്രി, ട്രിപ്പിൾജമ്പ‌്, ജാവ‌്‌ലിൻത്രോ എന്നീ ഇനങ്ങളുടെ ഫൈനലും അവസാനദിവസമായ ഇന്ന‌് നടക്കും.


പ്രധാന വാർത്തകൾ
 Top