26 April Friday

വെങ്കലമാണ്‌ ശ്രീജയ്‌ക്ക്‌ സത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019


കഴിഞ്ഞതവണ ഹരിയാനയിലെ റോത്തക്കിൽ അർഹതയില്ലാത്ത വെങ്കലം തന്റേതല്ലെന്ന‌ുപറഞ്ഞ‌് മടക്കിനൽകിയ സി കെ ശ്രീജയ‌്ക്ക‌് അതേയിനത്തിൽ ഇക്കുറി വെങ്കലം. മുണ്ടൂർ ഹൈസ‌്കൂളിലെ നടത്തക്കാരിയുടെ മെഡൽകാലം കരുതിവച്ച സമ്മാനമായി. മൂന്ന‌ു കിലോമീറ്റർ നടത്തത്തിലാണ‌് ഈ നേട്ടം. 

റോത്തക്കിലെ ട്രാക്കിൽ ശ്രീജ അവസാന റൗണ്ടിലേക്ക‌് നടന്നപ്പോൾ  അവളുടെ കൈയിലൊരു പിടിവീണു. ഫിനിഷിങ‌് ലൈനിലെ  ഒഫീഷ്യലാണ‌്.  ‘നിന്റെ നടത്തം കഴിഞ്ഞു, മൂന്നാം സ്ഥാനമാണ‌്’.  ഒരു റൗണ്ടുകൂടി ബാക്കിയുണ്ടെന്ന‌് ശ്രീജ പറഞ്ഞത‌് ഒഫീഷ്യൽ അംഗീകരിച്ചില്ല. ഫോട്ടോയെടുക്കാൻവന്ന ഫോട്ടോഗ്രാഫറോടും ശ്രീജ ഈ മെഡൽ തന്റേതല്ലെന്ന‌ു പറഞ്ഞു.

താൻ അഞ്ചാമതായാണ‌് നടക്കുന്നതെന്ന‌് ശ്രീജയ‌്ക്ക‌് നല്ല ബോധ്യമുണ്ടായിരുന്നു. ഔദ്യോഗികഫലം വന്നപ്പോഴും  മൂന്നാംസ്ഥാനം‌. അർഹയില്ലാത്ത‌ത‌് വേണ്ടെന്ന‌ുപറഞ്ഞ‌് ശ്രീജ ടീം മാനേജ‌്മെന്റിനെ സമീപിച്ചു. അപ്പോഴേക്കും നാലാമതായ മഹാരാഷ‌്ട്രക്കാരി പരാതിയുമായി സംഘാടകരെ സമീപിച്ചു. പരിശോധനയിൽ ഒഫീഷ്യലിന്റെ പിഴവ‌് ബോധ്യപ്പെട്ടു. മെഡൽ മഹാരാഷ‌്ട്രക്കാരിക്ക‌് നൽകി. ആ സംഭവത്തിനുശേഷം ചെറിയ കള്ളംപോലും പറയാൻ പറ്റാത്ത അവസ്ഥയുണ്ടായെന്ന‌് ശ്രീജ തമാശയായി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top