കൊച്ചി
പ്രോ വോളി ലീഗിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ മിന്നുന്ന തിരിച്ചുവരവ്. ചെന്നൈ സ്പാർട്ടൻസുമായുള്ള മത്സരത്തിൽ രണ്ടു സെറ്റ് നഷ്ടമായശേഷം തിരിച്ചടിച്ച് കൊച്ചി മത്സരം സ്വന്തമാക്കി (12–-15, 10–-15, 15–-11, 15–-13, 15–-9). നാലു കളിയിൽ കൊച്ചിയുടെ മൂന്നാം ജയമാണിത്. നോക്കൗട്ട് ഏറെക്കുറെ ഉറപ്പാക്കി.
തുടക്കത്തിൽ ചെന്നൈയ്ക്കായിരുന്നു മുൻതൂക്കം. തകർപ്പൻ കളിയിലൂടെ അവർ കളംപിടിച്ചു. നവീൻ രാജ ജേക്കബായിരുന്നു പോയിന്റുകൾ നേടിയത്. ആദ്യഘട്ടത്തിൽ പതുങ്ങിനിന്ന കൊച്ചി രണ്ടു സെറ്റ് നഷ്ടമായതോടെ തിരിച്ചുവന്നു. ചെന്നൈയ്ക്ക് പിടിച്ചുനിൽക്കാനായില്ല. എസ് പ്രഭാകരനും ഡേവിഡ് ലീയും ചേർന്ന് കൊച്ചിയെ തിരികെ കൊണ്ടുവന്നു.
ഇന്ന് യു മുംബ വോളിയും ബ്ലാക്ഹോക്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും.