സിഡ്നി
ഒരു പകൽ മുഴുവൻ ഓസീസ് പന്തെറിഞ്ഞു. സ്റ്റമ്പ് മാത്രമായിരുന്നില്ല ലക്ഷ്യം. ചീറിപ്പാഞ്ഞ പന്തുകൾ പലപ്പോഴും ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ശരീരത്തെ വേദനിപ്പിച്ചു. വെയിൽ ചായുംവരെ എല്ലാ അടവും പയറ്റി. ചുറ്റുംനിന്ന് കളിയാക്കി, ആക്ഷേപിച്ചു. പരിക്കിലും പതറാത്ത പ്രതിരോധം തീർത്ത് മറുപടി. അവിശ്വസനീയമായ അതിജീവനത്തിന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷിയായി. ഇന്ത്യൻസമയം 12.40ന് രണ്ട് പോരാളികൾ ചിരിച്ച് ബാറ്റുയർത്തി– ഹനുമ വിഹാരിയും ആർ അശ്വിനും. നാല് മണിക്കൂറിൽ 256 പന്തുകൾ നീണ്ട പ്രതിരോധത്തിലൂടെ അവർ ഓസീസിന്റെ വിജയമോഹം അവസാനിപ്പിച്ചു. ആറാം വിക്കറ്റിൽ 42.4 ഓവറുകൾ നേരിട്ട് 62 റണ്ണാണ് ഈ സഖ്യം നേടിയത്.
ഇന്ത്യക്ക് ജയത്തോളം പോന്ന സമനിലയും നൽകി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടം. വിഹാരി 161 പന്തിൽ 23, അശ്വിൻ അശ്വിൻ 128 പന്തിൽ 39. ഇന്ത്യ 131 ഓവറിൽ 5–-334. സ്കോർ: ഓസ്ട്രേലിയ 338, 6–-312 ഡി; ഇന്ത്യ 244, 5–-334. ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അരസെഞ്ചുറിയും നേടിയ ഓസീസ് ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്താണ് മാൻ ഓഫ് ദി മാച്ച്.
അഞ്ചാംദിനം അജിൻക്യ രഹാനെയെ (4) ഇന്ത്യക്ക് വേഗത്തിൽ നഷ്ടമായി. പിന്നീട് എത്തിയ ഋഷഭ് പന്ത് ഓസീസിന്റെ അടിവേരിളക്കി. 3–102 എന്ന നിലയിൽനിന്ന് പന്തും പൂജാരയും ചേർന്ന് 4–-250 എന്ന നിലയിലെത്തിച്ചു. പന്ത് (118 പന്തിൽ 97 റൺ) ഓസീസിന്റെ ഗർവിനെ തല്ലിയൊതുക്കി. രണ്ടുതവണ നതാൻ ല്യോണിന്റെ ഓവറിൽ പന്തിന്റെ ക്യാച്ച് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ പാഴാക്കുകയും ചെയ്തു. അർഹിക്കുന്ന സെഞ്ചുറിക്ക് മൂന്ന് റൺ അകലെവച്ച് പന്ത് ല്യോണിനുതന്നെ ഇരയായി. 157 റണ്ണായിരുന്നു ഇന്ത്യക്ക് അപ്പോൾ വേണ്ടിയിരുന്നത്. പിന്നാലെ ചേതേശ്വർ പൂജാരയെ (205 പന്തിൽ 77) ജോഷ് ഹാസെൽവുഡ് ബൗൾഡാക്കി. സ്കോർ 5–-272.
44.2 ഓവർ ബാക്കി. ഇന്ത്യക്ക് ജയിക്കാൻ 135 റൺ. ഓസീസിന് വേണ്ടത് അഞ്ച് വിക്കറ്റ്. അശ്വിനും വിഹാരിയും ഒത്തുചേർന്നു. ഹാസെൽവുഡും കമ്മിൻസും പന്ത് പിച്ചിൽ കുത്തി ഉയർത്തി. അശ്വിന്റെ ബാറ്റിന് അരികിൽ തട്ടി പന്ത് പലയിടങ്ങളിൽ വീണു. ഒരുതവണ വയറിനുതന്നെ കിട്ടി. വേദനയിൽ പുളഞ്ഞു. പിന്നെ ഗാർഡ് വച്ചായിരുന്നു കളി. വിഹാരിക്ക് പേശീവലിവുണ്ടായി. ഓടാനായില്ല. ക്രീസിൽ നിൽക്കുമ്പോൾ പാദങ്ങൾ കൃത്യമായി ചലിപ്പിക്കാൻ പോലുമായില്ല. ഒരു വിക്കറ്റുകൂടി വീണാൽ ഇറങ്ങാനുള്ളത് കൈവിരൽ തകർന്ന രവീന്ദ്ര ജഡേജയാണ്. ഓസീസ് ജയം മണത്തു. വിഹാരിയും അശ്വിനും വിക്കറ്റിന് നേരെ വരുന്ന പന്തുകളെമാത്രം മുന്നിലേക്ക് തട്ടിയിട്ടു. ഓസീസിന് ക്ഷമ കെട്ടു. വിക്കറ്റിന് പിന്നിൽ പെയ്ൻ തെറിവിളി തുടങ്ങി.
ഒടുവിൽ പേരുകേട്ട ബൗളിങ് ആക്രമണത്തെ പൂർണമായി പിൻവലിച്ച് ഓസീസ് കൂടാരത്തിലേക്ക് മടങ്ങി. ഒരോവർ ബാക്കിനിൽക്കെ കളി സമനിലയിൽ പിരിയാൻ ഇരു ക്യാപ്റ്റൻമാരും തീരുമാനിക്കുകയായിരുന്നു. 1–-1 നിലയിലാണ് ഇപ്പോൾ പരമ്പര. നാലാമത്തേയും അവസാനത്തേതുമായ ടെസ്റ്റ് 15ന് ഗാബയിൽ തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..