27 February Thursday

ഇനി ഓസീസ്‌ ; ഇന്ത്യ‐ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്‌ക്ക്‌ ചൊവ്വാഴ്‌ച തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020


ന്യൂഡൽഹി
ട്വന്റി–-20 മേളത്തിന്‌ തൽക്കാലം ഇടവേള. ഇന്ത്യൻ ടീം ഇനി അമ്പതോവർ കളിയിലേക്ക്‌. ഓസ്‌ട്രേലിയയാണ്‌ എതിരാളികൾ. ആദ്യ കളി മുംബൈയിൽ 14ന്‌. ആകെ മൂന്ന്‌ മത്സരം.
ദക്ഷിണാഫ്രിക്ക, വെസ്‌റ്റിൻഡീസ്‌, ശ്രീലങ്ക ടീമുകൾക്കെതിരായ ട്വന്റി–-20 പരമ്പരകൾക്കുശേഷമാണ്‌ വിരാട്‌ കോഹ്‌ലിയും കൂട്ടരും ഏകദിനം കളിക്കാനൊരുങ്ങുന്നത്‌. ട്വന്റി–-20യിൽ പരമ്പര നഷ്ടമായില്ല ഇന്ത്യക്ക്‌. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര 1–-1ന്‌ അവസാനിച്ചപ്പോൾ വിൻഡീസ്‌, ലങ്ക ടീമുകൾക്കെതിരെ ജയം നേടി.

ഏകദിനത്തിൽ ഓസ്‌ട്രേലിയ ഇന്ത്യക്ക്‌ കനത്ത വെല്ലുവിളി ഉയർത്തും. അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓസീസിനായിരുന്നു ജയം. കഴിഞ്ഞവർഷം നടന്ന അഞ്ച്‌ മത്സര പരമ്പരയിൽ ആദ്യരണ്ടിൽ തോറ്റശേഷമായിരുന്നു ഓസീസിന്റെ തിരിച്ചുവരവ്‌. അവസാന മൂന്നും ജയിച്ച്‌ ഓസീസ്‌ കരുത്തുകാട്ടി. സ്വന്തം തട്ടകത്തിൽ ഇന്ത്യൻ ആധിപത്യത്തിനേറ്റ തിരിച്ചടിയായിരുന്നു ഇത്‌.

ഇന്ത്യൻ ബൗളിങ്‌ നിരയെ പ്രതിരോധിക്കുകയാണ്‌ പ്രധാന കടമ്പയെന്ന്‌ ഓസീസ്‌ ക്യാപ്‌റ്റൻ ആരോൺ ഫിഞ്ച്‌ പറഞ്ഞു. ‘ജസ്‌പ്രീത്‌ ബുമ്രയെ പോലുള്ള മികച്ച പേസറുടെ വെല്ലുവിളി മറികടക്കണം. സ്‌പിൻ ത്രയമായ രവീന്ദ്ര ജഡേജ, യുശ്‌വേന്ദ്ര ചഹാൽ, കുൽദീപ്‌ യാദവ്‌ സഖ്യത്തിന്റെ സ്ഥിരതയെ കരുതണം. എളുപ്പമാകില്ലെന്ന്‌ ഞങ്ങൾക്ക്‌ വ്യക്തമായി അറിയാം. ഈ നിരയെ പ്രതിരോധിക്കലാണ്‌ മുഖ്യം‐ഫിഞ്ച്‌ പറഞ്ഞു.

കഴിഞ്ഞ വർഷത്തെക്കാൾ കരുത്തരാണ്‌ നിലവിലെ ഓസീസ്‌ ടീം. ഫിഞ്ച്‌ നയിക്കുന്ന ടീമിൽ ഡേവിഡ്‌ വാർണർ, സ്‌റ്റീവ്‌ സ്‌മിത്ത്‌, മാർണസ്‌ ലബുഷെയ്‌ൻ, പീറ്റർ ഹാൻഡ്‌സ്‌കോമ്പ്‌, ആഷ്‌ടൺ ടേണർ എന്നിവരുൾപ്പട്ട ബാറ്റിങ്‌ നിരയുണ്ട്‌. സമീപകാല ക്രിക്കറ്റിൽ മിന്നുന്ന പ്രകടനം നടത്തുന്ന ലബുഷെയ്‌ന്റെ സാന്നിധ്യമാണ്‌ ശ്രദ്ധേയം. ടെസ്‌റ്റ്‌ ക്രിക്കറ്റിലെ മികവ്‌ ഏകദിനത്തിലും ലബുഷെയ്‌ൻ നിലനിർത്തിയാൽ ഓസീസിന്‌ കാര്യങ്ങൾ എളുപ്പമാകും. ബൗളിങ്‌ നിരയിൽ വൈസ്‌ ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസാണ്‌ പ്രധാനി. മിച്ചെൽ സ്‌റ്റാർക്കും പേസിന്‌ ശക്തി കൂടും.

സ്‌പിന്നറായി ആഷ്‌ടൺ ആഗറുണ്ട്‌. ഓൾ റൗണ്ടർമാരായ ഗ്ലെൻ മാക്‌സ്‌വെലും മാർക്‌ സ്‌റ്റോയിനിസും ഇക്കുറി ടീമിനൊപ്പമില്ല.കോഹ്‌ലി നയിക്കുന്ന ബാറ്റിങ്‌ നിരയും ബുമ്രയുടെ നേതൃത്വത്തിലുള്ള ബൗളിങ്‌ നിരയും തിളങ്ങിയാൽ ഇന്ത്യക്ക്‌ ഓസീസിനെ വീഴ്‌ത്താം.


പ്രധാന വാർത്തകൾ
 Top