19 March Tuesday

വോളിയിൽ ഊർജമായത‌് വൈദ്യുതിബോർഡ‌്

ജിജോ ജോർജ‌്Updated: Saturday Jan 12, 2019കോഴിക്കോട‌്
‘റെയിൽവേസിൽനിന്നും കേരളത്തിന്റെ കുട്ടികൾ കപ്പ‌് പിടിച്ചുവാങ്ങുകയായിരുന്നു’ മുൻ രാജ്യാന്തര വോളിതാരം ജെയ‌്സമ്മ മൂത്തേടത്തിന്റെ വാക്കുകളിൽ കേര‌ളവനിതകളുടെ പോരാട്ടം  എത്രമാത്രം ശക്തമായിരുന്നെന്ന‌് വ്യക്തം. ഒരു പതിറ്റാണ്ടായി ദേശീയ വോളിബോളിൽ റെയിൽവേസിന്റെ നിഴലായിരുന്നു കേരളം. ദേശീയ വോളിബോ‌ൾ ചാമ്പ്യൻഷിപ്പിൽ പത്ത‌് ഫൈനലുകളിൽ തുടർച്ചയായി പരാജയം ഏറ്റുവാങ്ങി. പതിറ്റാണ്ടിനുശേഷം കേരളം പകരംവീട്ടിയപ്പോൾ അതിനു കരുത്തായത‌് തിരുവനന്തപുരം സായി–- കെഎസ‌്ഇബിയാണ‌്. കേരള ടീമിലെ പത്തുപേരും കെഎസ‌്ഇബി താരങ്ങളാണ‌്. എസ‌് രേഖ, കെ എസ‌് ജിനി, എം ശ്രുതി, അഞ‌്ജു ബാലകൃഷ‌്ണൻ, ഫാത്തിമ റുക‌്സാന, അശ്വതി ഇടവലത്ത‌്, കെ പി അനുശ്രീ, എസ‌് സൂര്യ, ടി എസ‌് കൃഷ‌്ണ, അശ്വതി രവീന്ദ്രൻ എന്നിവരാണ‌് താരങ്ങൾ. ജിൻസി ജോൺസൺ, ശരണ്യ എന്നിവർ പൊലീസിന്റെ താരങ്ങളാണ‌്.

ഇടക്കാലത്ത‌് തളർന്നുപോയ കേരളത്തിന്റെ വനിതാ വോളിബോളിനെ വീണ്ടെടുക്കുന്ന ദൗത്യമാണ‌് കെഎസ‌്ഇബി നടത്തിയത‌്. കേരളത്തിന്റെ വനിതാ വോളിബോളിന‌് ഊർജം നൽകുന്ന പ്രവർത്തനം.1980കളുടെ തുടക്കത്തിൽ കെഎസ‌്ഇബിയിൽ വനിതാ ടീം ഉണ്ടായിരുന്നു. എന്നാൽ, പിന്നീട‌് സെലക‌്ഷൻ നടന്നില്ല. കെ‌എസ‌്ഇബി ജീവനക്കാരിയായ മുൻ രാജ്യാന്തര താരം ജെയ‌്സമ്മ മൂത്തേടം നിരന്തരം നടത്തിയ ഇടപെടലിനെത്തുടർന്ന‌് 1993ൽ കെഎസ‌്ഇബി വീണ്ടും വനിതാ ടീം ആരംഭിച്ചു. അന്ന‌ുമുതൽ കേരളത്തിന്റെ വനിതാ വോളിബോൾ എന്നു പറഞ്ഞാൽ അത‌് കെഎസ‌്ഇബി ടീമാണ‌്. വോളിബോ‌ളിലൂടെ 300 പെൺകുട്ടികൾക്ക‌് ജോലി നൽകി.

സ‌്പോർട‌്സ‌് അതോറിറ്റി ഓഫ‌് ഇന്ത്യ 2007 മുതൽ കെഎസ‌്ഇബി ടീമിനെ സഹായിക്കാൻ തുടങ്ങിയത‌് ഏ‌റെ സഹായകരമായെന്ന‌് സർവീസിൽനിന്നു വിരമിച്ചശേഷവും കെഎ‌സ‌്ഇബി ടീമിന്റെ മാനേജരായി തുടരുന്ന ജെയസ‌്മ്മ പറഞ്ഞു. ആ സമയത്ത‌് ‌എട്ട‌ു രാജ്യാന്തര താരങ്ങളാ‌ണ‌് കെഎസ‌്ഇബിക്കുണ്ടായിരുന്നത‌്. ഈ അവസരത്തിൽ ടീമിനെ സായിയുടെ സെൻട്രൽ എക‌്സലന്റ‌് സ‌്കീമിൽ കെഎസ‌്ഇബി ടീമിനെ ഉൾപ്പടുത്തി. അന്ന‌ുമുതൽ താരങ്ങളുടെ പരിശീലനത്തിന‌് അടക്കമുള്ള ചെലുവകൾ വഹിക്കുന്നത‌് സായിയാണ‌്.

ദീർഘകാലമായി സണ്ണി ജോസഫാണ‌് കെഎസ‌്‌ഇബി ടീമിന്റെ പരിശീലകൻ. മൂന്ന‌് മാസമായി സണ്ണിയുടെ നേതൃത്വത്തിൽ ദേശീയ വോളി ചാമ്പ്യൻഷിപ‌് ലക്ഷ്യമിട്ട‌് കഠിന പരിശീലനമാണ‌് നൽകിയത‌്. താരങ്ങളുടെ കളിയുടെ വീഡിയോ കണ്ട‌് പിഴവുകൾ തിരുത്തി. സണ്ണി ജോസഫും കേരള ടീമിന്റെ പരിശീലകനായ സദാനന്ദനും തമ്മിലുള്ള നല്ല ബന്ധവും കേരളത്തിന‌് കിരീടം നേടാൻ സഹായകരമായതായും ജെയസ‌്മ്മ പറഞ്ഞു.
സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ‌് കഴിഞ്ഞതിനുശേഷം പരിശീലനദിനങ്ങൾ വളരെ കു‌റവായിരുന്നതിനാൽ സദാനന്ദൻ നിരന്തരം സണ്ണി ജോസഫുമായി ഫോണിൽ ബന്ധപ്പെട്ട‌് താരങ്ങളുടെ പ്രതിഭയെക്കുറിച്ച‌് മനസ്സിലാക്കി. റെയിൽവേ താരങ്ങളുടെ വലുപ്പം പറഞ്ഞ‌് പേടിപ്പിക്കുന്നതിനേക്കാൾ സ്വന്തം താരങ്ങൾക്ക‌് അവരുടെ കഴിവുകൾ ബോധ്യപ്പെടുത്തി കൊടുക്കുകയാണ‌് സദാനന്ദൻ ചെയ‌്തത‌്. അത‌് ടീമിന‌് ഏറെ ഗുണംചെയ‌്തു. കളിയിൽ പിന്നിൽ പോകുമ്പോഴും താരങ്ങൾക്ക‌് സമ്മർദം ഉണ്ടാകാതെ ആത്മവിശ്വാസം പകരുകയാണ‌് സദാനന്ദൻ ചെയ‌്തത‌്. 2007ൽ കേരളം അവസാനമായി ജേതാക്കളാകുമ്പോൾ ടീം മാനേജരായിരുന്ന എം സുജാതതന്നെയാണ‌് അതേ റോളിൽ ഉണ്ടായിരുന്നതെന്നത‌് യാദൃശ‌്ചികം. ആദ്യസെറ്റിൽ പിന്നിൽ പോയിട്ടും രണ്ടിനെതിരെ മൂന്ന‌് സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ കിരീടനേട്ടം. റെയിൽവേയുടെ പരിചയസമ്പത്തിനെപ്പോലും അമ്പരിപ്പിച്ച‌് നാലും അഞ്ചും സെറ്റുകളിൽ ഒരേ മനസ്സോടെയാണ‌് കേരള താരങ്ങൾ കളിച്ചത‌്. കെഎസ‌്ഇബി നൽകുന്ന ഊർജം കേര‌ള വോളിക്കു മാത്രമല്ല, ഇന്ത്യക്കുതന്നെ കരുത്താകുകയാണ‌്.


പ്രധാന വാർത്തകൾ
 Top