പൊന്നായി അനന്യ ; ദേശീയ ജൂനിയർ അത്‌ലറ്റിക്‌സിൽ കേരളത്തിന് മൂന്നാം സ്വർണം
ഭുവനേശ്വർ
അനന്യയുടെ പൊന്നിൽ കേരളം ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ മുദ്ര ചാർത്തി. നാലാംദിനം ഒന്നുവീതം സ്വർണവും വെള്ളിയും മൂന്ന് വെങ്കലവും ലഭിച്ചു. ഇതുവരെ മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഏഴ് വെങ്കലവുമാണ് സമ്പാദ്യം. എങ്കിലും കിരീടം അകലെതന്നെയാണ്. മീറ്റ് ഇന്ന് അവസാനിക്കെ നിലവിലെ ചാമ്പ്യന്മാരായ ഹരിയാന 207 പോയിന്റുമായി കുതിപ്പ് തുടരുകയാണ്. തമിഴ്നാട് (184.5) രണ്ടാമതും മഹാരാഷ്ട്ര (158) മൂന്നാമതുമാണ്. ഉത്തർപ്രദേശ് (143.5), രാജസ്ഥാൻ (107) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. 85 പോയിന്റുമായി ആറാംസ്ഥാനത്താണ് കേരളം.
അണ്ടർ 16 പെൺകുട്ടികളുടെ ലോങ്ജമ്പിൽ എസ് അനന്യ ദേശീയ റെക്കോഡോടെ സ്വർണം (4.05) നേടിയതാണ് നാലാംദിനത്തിൽ കേരളത്തിന്റെ സുവർണനിമിഷം. അണ്ടർ 18 ഹൈജമ്പിൽ ദേവക് ഭൂഷൺ വെള്ളി നേടി. അണ്ടർ 18 ഹെപ്റ്റാത്--ലണിൽ അഭിനവ് ശ്രീറാം, അണ്ടർ 16 പെന്റാത്‌ലൺ പെൺകുട്ടികളിൽ അനാമിക അജേഷും ആൺകുട്ടികളിൽ ടി എം അതുലും വെങ്കലം നേടി. അണ്ടർ 16 പെൺകുട്ടികളുടെ ലോങ്ജമ്പിൽ റൺവേ അഞ്ച് മീറ്റർമാത്രമായിരുന്നു. ജൂനിയർ മീറ്റിൽ ആദ്യം.ഫെബ്രുവരിയിൽ അഹമ്മദബാദിൽ നടന്ന ദേശീയ അന്തർ ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഹരിയാനയുടെ ദീക്ഷ സ്ഥാപിച്ച (3.91) റെക്കോഡാണ് മായ്‌ച്ചത്. രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം.
പാലക്കാട് കോട്ടായി അനിൽ അക്കാദമിയിലെ അനിൽകുമാറാണ് പരിശീലകൻ. കഴിഞ്ഞമാസം സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ്ജമ്പിൽ (5.72) സ്വർണവും കഴിഞ്ഞ ദിവസം ലഖ്‌നൗവിൽ നടന്ന ദേശീയ മീറ്റിൽ (5.38) വെള്ളിയും നേടിയിരുന്നു. കോട്ടായി ഗവ. എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. കോട്ടായി കല്ലേക്കാട് സുരേന്ദ്രന്റെയും രജിതയുടെയും മകളാണ്.അണ്ടർ 18 ആൺകുട്ടികളുടെ ഹൈജമ്പിൽ വെള്ളി നേടിയ ദേവക് ഭൂഷൺ (2.04) കോഴിക്കോട് ചേവായൂർ വിദ്യാഭവൻ സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയാണ്. ധർമവ്രതനാണ് പരിശീലകൻ.
അണ്ടർ 16 ആൺകുട്ടികളുടെ പെന്റാത്‌ലണിൽ 3800 പോയിന്റുമായാണ് അതുലിന്റെ വെങ്കലനേട്ടം, പെൺകുട്ടികളിൽ അനാമിക അജേഷ് 3811 പോയിന്റുമായാണ് മൂന്നാമതെത്തിയത്. അണ്ടർ 18 ആൺകുട്ടികളുടെ ഹെപ്റ്റാത്‌ലണിൽ വെങ്കലം നേടിയ അഭിനവ് ശ്രീറാമിന് 4669 പോയിന്റ് ലഭിച്ചു. മൂവരും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ റീജണൽ സ്പോർട്സ് സെന്ററായ കലവൂർ എൻ ഗോപിനാഥ് മെമ്മോറിയൽ സ്പോർട്സ് അക്കാദമിയുടെ താരങ്ങളാണ്. കെ ആർ സാംജിയാണ് പരിശീലകൻ.
അണ്ടർ 14 പെൺകുട്ടികളുടെ കിഡ്സ് ജാവലിൻത്രോയിൽ ഹരിയാനയുടെ മീനാക്ഷി (46.81), ആൺകുട്ടികളിൽ ബംഗാളിന്റെ ബിക്കി ബർമൻ (60.65), അണ്ടർ 18 ഹെപ്റ്റാത്‌ലണിൽ ഹരിയാനയുടെ പൂജ (5102), അണ്ടർ 18 പെൺകുട്ടികളുടെ 1000 മീറ്ററിൽ ഹരിയാനയുടെ സഞ്ജനാ സിങ് (2:46:45) എന്നിവർ ദേശീയ റെക്കോഡ് സ്ഥാപിച്ചു. സമാപന ദിവസമായ ഇന്ന് 17 ഫൈനൽ നടക്കും.
0 comments