06 August Thursday

ദേശീയ സ‌്കൂൾ മീറ്റ‌് : ‘ടീം കേരള’ തയ്യാർ

ആർ രഞ‌്ജിത‌്Updated: Wednesday Dec 11, 2019

സംഗ്രൂറിലെ വാർ ഹീറോസ്‌ സ്‌റ്റേഡിയത്തിൽ കേരള താരങ്ങൾ പരിശീലനത്തിൽ ഫോട്ടോ: പി ദിലീപ്‌കുമാർ



സംഗ്രൂർ (പഞ്ചാബ‌്)
ഒറ്റ ലക്ഷ്യം. ദേശീയ സ‌്കൂൾ മീറ്റിൽ ഓവറോൾ കിരീടം. കേരളത്തിന്റെ 70 അംഗ സീനിയർ ടീം തയ്യാർ. ജൂനിയർ, സബ‌്ജൂനിയർ വിഭാഗത്തിലെ തിരിച്ചടി മറന്ന‌് ‘ടീം കേരള’ വീണ്ടെടുപ്പിന‌് ഒരുങ്ങി. വാർ ഹീറോസ‌് സ‌്റ്റേഡിയത്തിൽ ഇന്ന‌് സീനിയർ മത്സരങ്ങൾക്ക‌് തുടക്കം. ആദ്യ ദിവസം നാല‌് ഫൈനൽ. 

ജൂനിയർ, സബ‌്ജൂനിയർ മത്സരങ്ങൾ പൂർത്തിയായപ്പോൾ  കേരളം 97 പോയിന്റോടെ നാലാം സ്ഥാനത്താണ‌്. ഹരിയാനയാണ‌് 124 പോയിന്റോടെ മുന്നിൽ. 119 പോയിന്റുള്ള മഹാരാ‌‌‌ഷ‌്ട്രയാണ‌് രണ്ടാമത‌്. ഉത്തർപ്രദേശിന‌് 100 പോയിന്റുണ്ട‌്. സീനിയറിൽ 40 ഇനങ്ങളാണുള്ളത‌്. കേരളം ഹരിയാനയേക്കാൾ 27 പോയിന്റ‌് പുറകിലാണ‌്. 

സീനിയർ, ജൂനിയർ, സബ‌്ജൂനിയർ വിഭാഗം മത്സരങ്ങൾ കഴിഞ്ഞ മൂന്ന‌് വർഷമായി വെവ്വേറെയാണ‌് നടത്തിയിരുന്നത‌്. സീനിയറിൽ മൂന്നുതവണയും കേരളമായിരുന്നു ജേതാക്കൾ. കഴിഞ്ഞവർഷം ഗുജറാത്തിലെ നദിയാദിൽ 189 പോയിന്റോടെയാണ‌് കേരളം സീനിയർ കിരീടം നേടിയത‌്. 11 സ്വർണവും 12 വെള്ളിയും ആറ‌് വെങ്കലവും നേടി. രണ്ടാമതെത്തിയ കർണാടകത്തിന്‌ 93 പോയിന്റാണ‌് ലഭിച്ചത‌്. തമിഴ‌്നാട‌് 87 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. 

കഴിഞ്ഞതവണ പെൺകുട്ടികൾ മാത്രം ആറ‌് സ്വർണമടക്കം 104 പോയിന്റ‌് നേടി. ഇക്കുറിയും പെൺകരുത്തിലാണ‌് പ്രതീക്ഷ. ട്രാക്കിലും പിറ്റിലും പെൺകുട്ടികൾ മെഡൽ വാരും. ആൻസി സോജൻ (100, 200, ലോങ‌്ജമ്പ‌്), എം പ്രഭാവതി (ലോങ‌്ജമ്പ‌്), മീരാ ഷിബു (ഹൈജമ്പ‌്), പ്രിസ‌്കില്ല ഡാനിയേൽ (800 മീറ്റർ), ബ്ലെസി കുഞ്ഞുമോൻ (പോൾവോൾട്ട‌്), സി ചാന്ദ‌്നി (800 മീറ്റർ, 1500 മീറ്റർ, 3000 മീറ്റർ) മിന്നു പി റോയ‌് (1500 മീറ്റർ, 3000 മീറ്റർ), ഗൗരി നന്ദന (400), എ എസ‌് സാന്ദ്ര (400 മീറ്റർ), കെസിയ മറിയം ബെന്നി (ഷോട്‌പുട്ട‌്, ഹാമർത്രോ)  എന്നിവരിൽ കേരളം പ്രതീക്ഷയർപ്പിക്കുന്നു. 

ആൺകുട്ടികളുടെ വിഭാഗത്തിൽ കഴിഞ്ഞതവണ കേരളം മുന്നിലെത്തിയിരുന്നു. അഞ്ച‌് സ്വർണമടക്കം 85 പോയിന്റാണ‌് കഴിഞ്ഞതവണ നേടിയത‌്. ഇക്കുറി അഭിഷേക‌് മാത്യു (800 മീറ്റർ), ആകാശ‌് എം വർഗീസ‌് (100 മീറ്റർ, ട്രിപ്പിൾജമ്പ‌്), അലക‌്സ‌് ജോസഫ‌് (ഷോട്‌പുട്ട‌്, ഡിസ‌്കസ‌്ത്രോ, ഹാമർത്രോ), ആർ കെ സൂര്യജിത്ത‌്(100 മീറ്റർ,110 മീറ്റർ ഹർഡിൽസ‌്) എന്നിവർ മെഡൽ നേടാൻ കെൽപ്പുള്ളവരാണ‌്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top