19 March Tuesday

ത്രസിപ്പിച്ചു, ജയിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 11, 2018

ഓസ്‌ട്രേലിയയുടെ അവസാന വിക്കറ്റ്‌ വീണപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം. സമീപം നിരാശയോടെ നതാൻ ല്യോൺ


അഡ‌്‌ലെയ‌്ഡ‌് ഓവൽ
അഡ‌്‌ലെയ‌്ഡിൽ ആശങ്കയുടെ മുൾമുനയിലായിരുന്നു അവസാന നിമിഷംവരെ. ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലിയുടെ കണ്ണിലെ തിളക്കം നഷ്ടമായി. ചിരിമാഞ്ഞു. അസാധ്യമായതെന്ന‌ു കരുതിയ ലക്ഷ്യത്തിലേക്ക‌് ഓസ‌്ട്രേലിയ ധൈര്യപൂർവം മുന്നേറുമ്പോൾ അഡ‌്‌ലെയ‌്ഡിലെ ചൂടിനൊപ്പം ഇന്ത്യൻ പ്രതീക്ഷകളും ഉരുകാൻ തുടങ്ങി.
അവസാനഘട്ടത്തിൽ ഓസീസിന്റെ കൈയിൽ ഒരു വിക്കറ്റ‌്, അവർക്ക‌് ജയിക്കാൻ 32 റൺകൂടി. വാലറ്റത്ത‌് നിവർന്നുനിൽക്കുന്ന ഓസീസ‌്നിര അത്ഭുതം കാട്ടുമോയെന്ന‌ ആകാംക്ഷയിൽ അഡ‌്‌ലെയ‌്ഡ‌് ഓവലിലെ ആൾക്കൂട്ടം. ആർ അശ്വിൻ പന്തെടുത്തു. അഞ്ചാംദിനം 34 ഓവറുകൾ എറിഞ്ഞിട്ടും അശ്വിന‌് വിക്കറ്റില്ല. എങ്കിലും കോഹ‌്‌ലി അശ്വിനിൽത്തന്നെ അഭയംകണ്ടു. അശ്വിന്റെ മുപ്പത്തഞ്ചാം ഒാവറിലെ അഞ്ചാമത്തെ പന്ത‌്‌. ജോഷ‌് ഹാസെൽവുഡിന്റെ ബാറ്റിന‌് അരികിൽത്തട്ടി രണ്ടാം സ്ലിപ്പിലേക്ക‌്. അവിടെ ലോകേഷ‌് രാഹുൽ. താഴ‌്ന്നിറങ്ങിയ പന്ത് രാഹുൽ കോരിയെടുത്തു. മുൾമുനയിൽനിന്ന‌് വിജയത്തിന്റെ പുൽമെത്തയിലേക്ക‌് ഇന്ത്യ. കോഹ‌്‌ലി മുഷ‌്ടിചുരുട്ടി ഗർജിച്ചു. ഇന്ത്യൻ ടീം ആഘോഷിച്ചു. പത്ത‌ുവർഷത്തിനുശേഷം ഓസീസ‌് മണ്ണിൽ ഇന്ത്യക്ക‌് ഒരു ജയം.

ഓസ‌്ട്രേലിയൻ വാലറ്റക്കാരുടെ അസാമാന്യ ചെറുത്തുനിൽപ്പിനെ മറികടന്നാണ്‌ ഒന്നാം ടെസ‌്റ്റിൽ ഇന്ത്യ 31 റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയംകുറിച്ചത്‌. 323 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ‌് അഞ്ചാംദിനം 291‌ന‌് പുറത്തായി. പരമ്പരയിൽ ഇന്ത്യ 1–-0ന‌ു മുന്നിൽ. മത്സരത്തിൽ സെഞ്ചുറി ഉൾപ്പെടെ 194 റൺ നേടിയ ചേതേശ്വർ പൂജാര മികച്ച താരമായി. സ‌്കോർ: ഇന്ത്യ 250, 307; ഒാസ‌്ട്രേലിയ 235, 291.

നാടകീയ നിമിഷങ്ങളായിരുന്നു അഡ‌്‌ലെയ‌്ഡിൽ. അഞ്ചാംദിനം 219 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ‌് ക്രീസിൽ ഉറച്ചു. പ്രത്യേകിച്ചും വാലറ്റം. അതിൽ നതാൻ ല്യോണായിരുന്നു പ്രധാനി. ഹാസെൽവുഡ‌് പുറത്താകുമ്പോൾ മറുവശത്ത‌് 38 റണ്ണുമായി ല്യോൺ നിൽപ്പുണ്ടായിരുന്നു. സ‌്കോർ ഏഴിൽവച്ച‌് ജസ‌്പ്രീത‌് ബുമ്രയുടെ പന്തിൽ വിക്കറ്റ‌് കീപ്പർ ഋഷഭ‌് പന്ത‌് പിടിവിട്ടശേഷം ഓസീസിനെ അത്ഭുത ജയത്തിലേക്ക‌് നയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ല്യോൺ. അവസാന വിക്കറ്റിൽ ഹാസെൽവുഡിനൊപ്പം (13) 38 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി ഈ ഓഫ‌് സ‌്പിന്നർ. തോറ്റെങ്കിലും ഈ പോർവീര്യത്തിൽ ഒാസീസിന‌് അഭിമാനിക്കാം. സ‌്റ്റീവ്‌ സ‌്മിത്തും ഡേവിഡ‌് വാർണറും ഇല്ലാത്ത ഓസീസ‌് സംഘത്തിന‌് പോരാട്ടവീര്യം ചോർന്നിട്ടില്ല. ഓരോ ഘട്ടത്തിലും ചെറിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കി ഓസീസ‌്നിര കോഹ‌്‌ലിയെ അസ്വസ്ഥനാക്കി. വാലറ്റത്ത‌് 41, 31, 41, 31, 32 എന്നിങ്ങനെയായിരുന്നു ഓസീസിന്റെ കൂട്ടുകെട്ടുകൾ. ഓരോ കൂട്ടുകെട്ടിനെയും അപകടകരമായ ഘട്ടത്തിൽ ഒതുക്കാൻ കഴിഞ്ഞ ഇന്ത്യൻ പേസർമാരുടെ മിടുക്കാണ‌് കളിയിൽ നിർണായകമായത‌്. ജസ‌്പ്രീത‌് ബുമ്രയായിരുന്നു ഓരോ തിരിച്ചുവരവിനും വഴിയൊരുക്കിയത‌്. ബുമ്ര മൂന്ന‌ു വിക്കറ്റെടുത്തു. അശ്വിനും മുഹമ്മദ‌് ഷമിയും മൂന്ന‌ുവീതം നേടി. ഒരെണ്ണം ഇശാന്ത‌് ശർമയും.

4–-104 റണ്ണെന്ന നിലയിൽ അഞ്ചാംദിനം ആരംഭിച്ച ഓസീസിന‌് ട്രാവിസ്‌ ഹെഡിന്റെ വിക്കറ്റ‌് ആദ്യം നഷ്ടമായി. ഹെഡിനെ (14) ഇശാന്തിന്റെ ഉശിരൻ ഷോർട്ട‌് പിച്ച‌് പന്ത‌് അജിൻക്യ രഹാനെയുടെ കൈയിലെത്തിച്ചു. ഷോൺ മാർഷാണ‌് തുടർന്ന‌് ഒാസീസിനെ നയിച്ചത‌്. ക്യാപ‌്റ്റൻ ടിം പെയ‌്ൻ കൂട്ടായെത്തി. കളി പുരോഗമിക്കുന്തോറും പിച്ചിന്റെ വേഗം കുറഞ്ഞത‌് ബൗളർമാരെ ബാധിച്ചു. പ്രത്യേകിച്ചും അശ്വിനെ. ടേൺ കിട്ടിയെങ്കിലും വേഗം കുറഞ്ഞത‌് അശ്വിന്റെ പന്തുകളുടെ മൂർച്ചകുറച്ചു. ഒരറ്റത്ത‌് അശ്വിനെ നിർത്തി മറുവശത്ത‌് പേസർമാരെ മാറിമാറി ഉപയോഗിക്കുക എന്ന തന്ത്രംതന്നെ കോ‌ഹ‌്‌ലി തുടർന്നു. മാർഷ‌്–-പെയ‌്ൻ സഖ്യം അപകടകരമായി മുന്നേറുന്നതിനിടെ ബുമ്ര ഇന്ത്യയെ തിരികെയെത്തിച്ചു. മാർഷിനെ (60) പന്തിന്റെ കൈയിൽ കുരുക്കി. പെയ‌്നിന‌് കൂട്ട‌ായി പാറ്റ‌് കമ്മിൻസ‌് വന്നു. ഈ കൂട്ടുകെട്ട‌് 31 റൺ കൂട്ടിച്ചേർത്തു. ഇക്കുറിയും ബുമ്രയായിരുന്നു രക്ഷകൻ. പെയ‌്നിന്റെ ഒരു നിമിഷത്തെ അശ്രദ്ധ. പന്തുയർന്ന‌് വിക്കറ്റ‌് കീപ്പറുടെ ഗ്ലൗവിലൊതുങ്ങി.

ഇനി ബൗളർമാർ മാത്രം മുന്നിൽ. ഇന്ത്യ ജയം എളുപ്പത്തിലാകുമെന്ന‌് കണക്കുകൂട്ടി. പക്ഷേ, പ്രതീക്ഷകൾ തെറ്റി. മിച്ചെൽ സ‌്റ്റാർക‌് വേഗത്തിൽ റണ്ണടിക്കുകയും കമ്മിൻസ‌് ജാഗ്രതയോടെ ക്രീസിൽ ഉറയ‌്ക്കുകയും ചെയ‌്തതോടെ അടുത്ത അസ്വസ്ഥത ആരംഭിച്ചു. 41 റണ്ണാണ‌് എട്ടാം വിക്കറ്റിൽ. ലക്ഷ്യത്തിലേക്കുള്ള അന്തരം കുറഞ്ഞുവന്നു. കോഹ‌്‌ലി പേസർമാരെ മാറിമാറി ഉപയോഗിച്ചു. ഷമി വന്നു, സ‌്റ്റാർകിനെ (28) പന്തിന്റെ കൈയിലെത്തിച്ച‌് ആശ്വാസവും നൽകി. ല്യോണിന്റെ രൂപത്തിലായിരുന്നു അടുത്ത വെല്ലുവിളി. പേസർമാരെയും അശ്വിനെയും ല്യോൺ മനോഹരമായി കൈകാര്യം ചെയ‌്തു. ഒമ്പതാം വിക്കറ്റിൽ 31 റൺ. കോഹ‌്‌ലി ഭയപ്പെട്ടു. ബൗളർമാരുമായി ദീർഘനേരം ചർച്ച നടത്തി. ബുമ്രയെ കൊണ്ടുവന്നു. കമ്മിൻസിനെ (28) കൈകളിൽ നൽകിയാണ‌് ബുമ്ര ക്യാപ‌്റ്റന‌് അതിനുള്ള സമ്മാനം നൽകിയത‌്. കളി അവസാന വിക്കറ്റിലേക്ക‌്. ല്യോണും ഹാസെൽവുഡും. 63 റണ്ണാണ‌് ഓസീസിന്റെ മുന്നിൽ. ഇന്ത്യക്ക‌് വേണ്ടത‌് കേവലം ഒരു വിക്കറ്റും. പക്ഷേ, ഓസീസ‌് വിട്ടുകൊടുത്തില്ല. ഒടുവിൽ രാഹുലിന്റെ കൈയിലേക്ക‌് ഹാസെൽവുഡിന്റെ ബാറ്റിൽത്തട്ടിയ പന്ത‌് എത്തിയപ്പോഴാണ‌് ഇന്ത്യക്ക‌് ശ്വാസം കിട്ടിയത‌്. അടക്കിപ്പിടിച്ച അസ്വസ്ഥതകൾ ആഘോഷമായി അവിടെ മാറി. ചരിത്രത്തിൽ ആദ്യമായി ഓസീസ‌് മണ്ണിൽ പരമ്പരയിലെ ആദ്യജയം ഇന്ത്യ നേടി.
അടുത്ത ടെസ‌്റ്റ‌് വെള്ളിയാഴ‌്ച പെർത്തിൽ ആരംഭിക്കും.


പ്രധാന വാർത്തകൾ
 Top