20 October Tuesday

ഇംഗ്ലണ്ടിൽ പടയൊരുക്കം ; പ്രീമിയർ ലീഗിന്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ പുതിയ സീസണിന്‌ നാളെ തുടക്കം. ആദ്യ കളിയിൽ ഫുൽഹാമും അഴ്‌സണലും  ഏറ്റുമുട്ടും. ചാമ്പ്യൻമാരായ ലിവർപൂൾ ഈ സീസണിലെ നവാഗതരായ ലീഡ്‌സ്‌ യുണൈറ്റഡിനെ നേരിടും. കോവിഡിന്‌ ശേഷമുള്ള പുതിയ സീസണാണ്‌ ഇത്‌.

ഈ സീസണിലും ലിവർപൂളിന്‌ തന്നെയാണ്‌ ഫുട്‌ബോൾ വിദഗ്‌ധർ സാധ്യത കൽപ്പിക്കുന്നത്‌. കഴിഞ്ഞ രണ്ട്‌ സീസണുകളിലായി തുടരുന്ന തകർപ്പൻ പ്രകടനം ഇക്കുറിയും യുർഗൻ ക്ലോപ്പും സംഘവും ആവർത്തിച്ചേക്കും. എന്നാൽ, പുതിയ താരങ്ങളെ എത്തിക്കാൻ ലിവർപൂളിന്‌ ഇക്കുറി കഴിഞ്ഞിട്ടില്ല. ബയേൺ മ്യൂണിക്കിന്റെ തിയാഗോ അലസാൻഡ്രയ്‌ക്കായി ശ്രമം തുടരുകയാണ്‌.

കഴിഞ്ഞ സീസണിൽ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന മാഞ്ചസ്‌റ്റർ സിറ്റി ഈ സീസണിൽ കിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്‌. കഴിഞ്ഞ സീസണിൽ ഒമ്പത്‌ കളിയാണ്‌ തോറ്റത്‌. പ്രതിരോധത്തിൽ നതാൻ അകെയെ എത്തിച്ചതാണ്‌ പ്രധാനനേട്ടം. ഫെറാൻ ടോറെസുമെത്തി.

ചെൽസിയാണ്‌ സീസണിൽ മികച്ച കളിക്കാരെ എത്തിച്ചത്‌. ടിമോ വെർണെർ, കെയ്‌ ഹവേർട്‌സ്‌, ബെൻ ചിൽവെൽ, തിയാഗോ സിൽവ എന്നിവർ എത്തിയത്‌ നേട്ടമാണ്‌. മാഞ്ചസ്‌റ്റർ യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയത്‌ ബ്രൂണോ ഫെർണാണ്ടസ്‌ ആണ്‌. ഡോണി വാൻ ബീക്കിന്റെ വരവും ഗുണം ചെയ്യും.

മൈക്കേൽ അർടേറ്റയ്‌ക്ക്‌ കീഴിൽ ഏറെ മാറിയ അഴ്‌സണലും ഇക്കുറി ശക്തമായി രംഗത്തുണ്ട്‌. ടോട്ടനം ഹോട്‌സ്‌പർ, ലെസ്‌റ്റർ സിറ്റി, വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സ്‌, സതാംപ്‌ടൺ, ലീഡ്‌സ്‌ ടീമുകളും സീസണിൽ മികച്ച കളി പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top