19 September Saturday

അനന്തൻ രാജ്യാന്തര അമ്പയർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


കൊച്ചി
കേരള മുൻ രഞ്ജി ടീം ക്യാപ്‌റ്റൻ കെ എൻ അനന്തപത്മനാഭൻ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ (ഐസിസി) അമ്പയർ പാനലിൽ. തിരുവനന്തപുരം സ്വദേശിയാണ്‌ ഈ അമ്പതുകാരൻ. നിലവിൽ രാജ്യാന്തര പട്ടികയിൽ ഉൾപ്പെടുന്ന നാലാമത്തെ ഇന്ത്യൻ അമ്പയറാണ്‌. എലൈറ്റ്‌ പാനലിൽ നിതിൻ മേനോനാണ്‌ ഇന്ത്യയുടെ പ്രതിനിധി. ‌ക്രിക്കറ്റിന്റെ സർവമേഖലകളിലും മികവ്‌ തെളിയിച്ച വ്യക്തിയാണ്‌ അനന്തപത്മനാഭൻ. കളിക്കാരൻ, സെലക്ടർ, അമ്പയർ എന്നീ വേഷങ്ങളിലെല്ലാം തിളങ്ങി. ദേശീയ ക്രിക്കറ്റ്‌ അക്കാദമിയുടെ രണ്ടാം ലവൽ പരിശീലന കോഴ്‌സും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്‌.

2006ലാണ് അനന്തപത്മനാഭൻ‌ ബിസിസിഐയുടെ അമ്പയറാകുന്നത്‌. 260ൽപ്പരം കളികൾ നിയന്ത്രിച്ചു. 24 ഐപിഎൽ ട്വന്റി–-20 മത്സരങ്ങളും ഇതിൽപ്പെടും. രാജ്യാന്തര മത്സരം നിയന്ത്രിക്കാൻ അവസരം കിട്ടുന്ന നാലാമത്തെ മലയാളിയാണ്‌ അനന്തപത്മനാഭൻ. ജോസ്‌ കുരിശിങ്കൽ, ഡോ. കെ എൻ രാഘവൻ, എസ്‌ ദണ്ഡപാണി എന്നിവർ രാജ്യാന്തര അമ്പയർമാരായിരുന്നു.

1988 മുതൽ 2004 വരെ കേരള ടീമിന്റെ നെടുംതൂണായ അനന്തപത്മനാഭൻ രാജ്യത്തെ പ്രധാന ലെഗ്‌ സ്‌പിന്നർമാരിൽ ഒരാളായിരുന്നു. അനിൽ കുംബ്ലെ ഇന്ത്യൻ ടീമിനായി മികവ്‌ കാട്ടിയപ്പോൾ നിർഭാഗ്യംകൊണ്ട്‌ ദേശീയ കുപ്പായമണിയാൻ കഴിഞ്ഞില്ല. 1998ൽ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യ എയുടെ സന്നാഹമത്സരത്തിൽ സ്‌റ്റീവ്‌ വോ, റിക്കി പോണ്ടിങ്‌ എന്നിവരുടെ വിക്കറ്റുകൾ വീഴ്‌ത്തി. രഞ്ജി ട്രോഫിയിൽ കേരളത്ത ിനായി 200 വിക്കറ്റും 2000 റണ്ണും തികയ്‌ക്കുന്ന ആദ്യതാരമായി. 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 344 വിക്കറ്റും 2891 റണ്ണും,  54 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 87 വിക്കറ്റും 493 റണ്ണും സ്വന്തമാക്കിയിട്ടുണ്ട്‌. 2004ൽ കളി മതിയാക്കിയശേഷം 2005–-06 സീസണിൽ ദേശീയ ജൂനിയർ സെലക്ഷൻ കമ്മിറ്റി അംഗവുമായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top