19 February Tuesday

ആരാണ് ആ രാജകുമാരൻ?

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡൊ, നെയ്മർ. ലോകകപ്പ് തുടങ്ങുേമ്പാൾ ഏറ്റവും കൂടുതൽ പാടിപ്പുകഴ്ത്തിയ പേരുകൾ. എന്നാൽ, ലോകകപ്പ് പാതിയിലെത്തിയപ്പോൾ ഈ നക്ഷത്രങ്ങൾ കൊഴിഞ്ഞുപോയി. അത്ഭുതപ്പെടുത്തിയ ഈ പിന്മാറ്റങ്ങൾ കടുത്ത ആരാധകർ ഒഴികെയുള്ളവർ മറന്നുതുടങ്ങി. പുതിയ നക്ഷത്രങ്ങളുടെ ഉദയത്തിന്റെ ലഹരിയിലാണ് ഫുട്ബോൾലോകം. അത്ഭുതങ്ങളും അട്ടിമറികളും ഏറെ സംഭവിച്ച റഷ്യയിൽ ഫുട്ബോൾയുവത്വം സൂപ്പർസ്റ്റാറുകളുടെ സിംഹാസനത്തിലേക്ക് അതിവേഗം ഓടിക്കയറുകയാണ്. ആ മഹാപദവിയിൽ എത്തുക ആരൊക്കെയെന്ന് പ്രവചിക്കുക ദുഷ്കരം. പ്രതിഭയുടെ മിന്നലൊളികൾ ചില സൂചനകൾ തരുന്നു.

ലോകകപ്പിന്റെ ആദ്യഘട്ടത്തിൽ തിളങ്ങിയ യുവതാരങ്ങൾ ഏറെ. മെക്സികോയുടെ ഹിർവിങ് ലൊസാനോ, കൊളംബിയയുടെ യുവാൻ ക്വെന്റേറോ, സെനഗലിന്റെ സാദിയോ മാനെ, സ്പെയ്നിന്റെ ഇസ്കോ, നൈജീരിയയുടെ അഹമ്മദ് മൂസ, സ്വീഡന്റെ എമിൽ ഫോർസ്ബർഗ്, റഷ്യയുടെ ഗൊളോവിൻ എന്നിവർ കളയഴക് തീർക്കാൻ പിറന്നവരാണെന്ന് തെളിയിച്ചു. ടീമുകൾ അവസാന നാലിൽ എത്താത്തതിനാൽ അവർക്ക് കൂടുതൽ മിടുക്കുകാട്ടാൻ അവസരം ഇല്ലാതായി. എങ്കിലും ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള സ്വർണപ്പന്തുതന്നെ ലക്ഷ്യമിട്ട് മുന്നേറുന്ന യുവതാരങ്ങൾ അവശേഷിക്കുന്ന നാലു ടീമിലുമുണ്ട്. നാളെ ലോകഫുട്ബോളിലെ സൂപ്പർതാരപദവി അലങ്കരിക്കുന്നത് ഈ പേരാകും.

പുത്തൻ താരോദയങ്ങളിൽ ഒന്നാമൻ ഫ്രാൻസിന്റെ കൗമാര വിസ്മയം കിലിയൻ എംബാപ്പെതന്നെ. ഫ്രഞ്ച് ടീമിൽ ഒൺട്വോയിൻ ഗ്രീസ്മാൻ, പോൾ പോഗ്ബ എന്നിവർ തിളങ്ങുമെന്നാണ് കൂടുതൽ പേർ പ്രവചിച്ചത്്. എന്നാൽ, കളി തുടങ്ങിയപ്പോൾ ഒരു കൊള്ളിയാൻപോലെ എംബാപ്പെയെന്ന പത്തൊമ്പതുകാരൻ കടന്നുവന്നു. ലോകം ആ കാലുകളിലെ കളിമിടുക്കിൽ മയങ്ങിപ്പോയി. മെസിയെയും കൂട്ടരെയും തകർത്തെറിഞ്ഞാണ് എംബാപ്പെ വരവറിയിച്ചത്. എംബാപ്പെയുടെ വേഗത്തിനും ഫിനിഷിങ്് പാടവത്തിനും മുന്നിൽ പിടിച്ചുനിൽക്കാൻ അർജന്റീനയുടെ ലോകോത്തരനിരയ്ക്കായില്ല.

മികച്ച ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരത്തിന് അർഹനാണ് എംബാപ്പെയെന്ന് ബൽജിയം താരം ഏദൻ ഹസാർഡ് കഴിഞ്ഞദിവസം പറഞ്ഞത് ആ മിടുക്കിനുള്ള വലിയ അംഗീകാരമാണ്. ഈ ലോകകപ്പ് പൂർത്തിയാകുമ്പോൾ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായി എംബാപ്പെ മാറും. നിലവിൽ പിഎസ്ജിക്കു കളിക്കുന്ന താരത്തെ സ്പെയ്നിലെയോ ഇംഗ്ലണ്ടിലെയോ ഏതെങ്കിലും വമ്പൻ ക്ലബ് റാഞ്ചിയേക്കും. ഫ്രഞ്ച് മധ്യനിരയിലെ നിശബ്ദപോരാളിയാണ് എൻഗോളോ കാന്റെ എന്ന കുറിയ താരം. ഫ്രാൻസിന്റെ കുതിപ്പിനുപിന്നിൽ എതിരാളിയുടെ കളിമുടക്കുന്ന കാന്റെയ്ക്ക് കാര്യമായ മിടുക്കുണ്ട്. മെസിയെ തടഞ്ഞ ഒറ്റക്കളി മതി ആ താരത്തിന്റെ പ്രതിഭ അറിയാൻ. ഗോളടിക്കുന്നതിൽ പിന്നിലായെങ്കിലും ഗ്രീസ്മാന്റെ പ്രകടനം ഫ്രാൻസിനു മുതൽക്കൂട്ടാണ്. ക്വാർട്ടറിൽ ടീമിനായി ഏറ്റവും തിളങ്ങിയത് ഈ  ഇരുപത്തേഴുകാരനാണ്.

ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും പ്രായംകുറഞ്ഞ നായകനായ ഹാരി കെയ്ൻ ആറു ഗോളുമായി സ്വർണപ്പന്തിനുള്ള പന്തയത്തിൽ ഒന്നാമതാണ്. ഗോളടി മികവിനെക്കാൾ കൂട്ടുകാരെ നന്നായി കളിപ്പിക്കാൻ പ്രചോദിപ്പിക്കുന്ന താരംകൂടിയാണ് താനെന്ന് കെയ്ൻ തെളിയിച്ചു. ലോകകിരീടം ഇംഗ്ലണ്ട് നേടുകയാണെങ്കിൽ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും ഒരാൾതന്നെ  നേടിയാലും അത്ഭുതമില്ല. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഗോളടിച്ചുകൂട്ടിയ കാലുകൾക്ക് ചോദിക്കുന്ന വില നൽകാൻ വമ്പൻ ക്ലബ്ബുകൾ രംഗത്തുണ്ട്. റഹീം സ്റ്റെർലിങ്ങും കീറൻ ട്രിപ്പിയറുമാണ് ഇംഗ്ലീഷ്നിരയിൽ ശ്രദ്ധേയരായ മറ്റു രണ്ട് യുവതാരങ്ങൾ.

എവർടണും മഞ്ചസ്റ്റർ യുണെറ്റഡിനുമായി ഗോളടിച്ചുകൂട്ടിയ റൊമേലു ലുക്കാക്കുവിനെ ഏറ്റവും ശ്രദ്ധേയനാക്കിയത് ഈ ലോകകപ്പാണ്. നാലു ഗോളുമായി കെയ്നിനു തൊട്ടുപിന്നിലുണ്ട് ഇരുപത്തഞ്ചുകാരൻ. ഇരുകാലുകൊണ്ടും തലകൊണ്ടും ഗോളടിക്കാൻ ഒരുപോലെ മിടുക്കുണ്ട്. പെനൽറ്റിബോക്സിൽ ഈ ലോകകപ്പിലെ ഏറ്റവും അപകടകാരി. ബൽജിയം കിരീടം നേടുകയാണെങ്കിൽ ലുക്കാക്കുവിന് ഗോൾഡൻ ബൂട്ട് സ്വന്തമായേക്കും.
സ്വർണപ്പന്തിന് ബൽജിയംടീമിലെ ഏദൻ ഹസാർഡും കെവിൻ ഡിബ്രയ്നും തമ്മിൽ മത്സരമുണ്ട്. പന്തടക്കത്തിലും കളിമെനയുന്നതിലും ഒരുപോലെ കേമന്മാർ. ഗോളടിക്കാൻ ഡിബ്രയ്ന് മിടുക്ക് കൂടുതലാണ്.

ഇതുവരെയുള്ള പ്രകടനം നോക്കിയാൽ സ്വർണപ്പന്തിന് ഏറ്റവും അർഹത ക്രൊയേഷ്യയുടെ എല്ലാമായ ലൂക്കാ മോഡ്രിച്ചിനാണ്. സ്കാൻഡനേവിയൻ രാജ്യത്തിന്റെ പ്രതീക്ഷകൾ ചുമലിലേറ്റിയാണ് ഈ മുപ്പത്തിരണ്ടുകാരൻ കളിക്കുന്നത്. റഷ്യക്കെതിരെ ക്വാർട്ടറിൽ ഈ മധ്യനിരക്കാരന്റെ കളിയഴക് ലോകം ഒന്നുകൂടി കണ്ടു. ജർമനിയിൽ ലീഗ് കളിക്കുന്ന ആന്റെ റിബിച്ച് എന്ന ഇരുപത്തിനാലുകാരനാണ് യുവതാരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. ഈ മുന്നേറ്റക്കാരനെ സ്പാനിഷ്, ഇംഗ്ലീഷ് ക്ലബ്ബുകൾ  നോട്ടമിട്ടുകഴിഞ്ഞു.

പ്രധാന വാർത്തകൾ
 Top