25 May Monday

കളിയില്ല, ജാഗ്രത ; ഇറ്റാലിയൻ ലീഗ്‌ നിർത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020

ജപ്പാനിൽ മുഖാവരണമണിഞ്ഞ്‌ ഫുട്‌ബോൾ മത്സരം കാണുന്നവർ


മിലാൻ
കോവിഡ്‌–-19 വ്യാപിച്ച ഇറ്റലിയിൽ ഫുട്‌ബോൾ മത്സരങ്ങൾ റദ്ദാക്കി. ഏപ്രിൽ മൂന്നുവരെയാണ്‌ ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിലേതടക്കം എല്ലാ മത്സരങ്ങളും നിർത്തിയത്‌. നേരത്തെ രാജ്യത്തെ കായിക മത്സരങ്ങൾ റദ്ദാക്കിയ തീരുമാനത്തിൽ ഫുട്‌ബോളിന്‌ ഇളവ്‌ നൽകിയിരുന്നു. അടച്ചിട്ട സ്‌റ്റേഡിയത്തിൽ കളി നടത്താമെന്നതടക്കമുള്ള ഉപാധികളോടെയാണ്‌ ലീഗിന്‌ അനുമതി നൽകിയത്‌.

എന്നാൽ ഇറ്റലിയിൽ കോവിഡ്‌–-19 അനിയന്ത്രിതമായതോടെയാണ്‌ ഫുട്‌ബോൾ ലീഗും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്‌. പ്രധാനമന്ത്രി ജൂസപ്പെ കോന്തെയാണ്‌ തീരുമാനം അറിയിച്ചത്‌. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ്‌ ഇറ്റാലിയൻ ലീഗ്‌ നിർത്തിവയ്‌ക്കുന്നത്‌.

കോവിഡ്‌–-19 വൈറസ്‌ ബാധയെ തുടർന്ന്‌ 463 പേർ ഇറ്റലിയിൽ മരിച്ചു. നിലവിൽ 9,172 പേർക്ക്‌ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. ചാമ്പ്യൻസ്‌ ലീഗ്‌ അടക്കമുള്ള അന്താരാഷ്‌ട്ര മത്സരങ്ങളുടെ നടത്തിപ്പിൽ വ്യക്തത ഉണ്ടായിട്ടില്ല. ചാമ്പ്യൻസ്‌ ലീഗിൽ 17ന്‌ ടൂറിനിൽ യുവന്റസിന്‌ ല്യോണുമായി മത്സരമുണ്ട്‌. യൂറോപ ലീഗിൽ ഇന്റർ മിലാൻ–-ഗെറ്റഫെ, റോമ–-സെവിയ പോരാട്ടവും പിന്നാലെയുണ്ട്‌. രാജ്യത്ത്‌ നിലവിൽ ഫുട്‌ബോൾ മത്സരങ്ങൾ തുടരേണ്ട സാഹചര്യം ഒട്ടുമില്ലെന്ന്‌ കോന്തെ പറഞ്ഞു. ഇറ്റാലിയൻ ലീഗിലെ സസുവോളോ–-ബ്രെസിയ മത്സരത്തിനു പിന്നാലെയാണ്‌ പ്രധാനമന്ത്രി ലീഗ്‌ റദ്ദാക്കിയ വിവരം അറിയിച്ചത്‌.

സ്‌പാനിഷ്‌, ഫ്രഞ്ച്‌ലീഗ്‌ അടച്ചിട്ട സ്‌റ്റേഡിയത്തിൽ
മാഡ്രിഡ്‌
കോവിഡ്‌–-19നെ തുടർന്ന്‌ സ്‌പാനിഷ്‌ ഫു്‌ടബോളിൽ കാണികൾക്ക്‌ വിലക്ക്‌. പ്രധാന ലീഗ്‌ ഉൾപ്പെടെയുള്ള മത്സരങ്ങൾ രണ്ടാഴ്‌ചത്തേക്ക്‌ അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടക്കും. ഫ്രാൻസിൽ ഏപ്രിൽ 15 വരെയാണ്‌ വിലക്ക്‌. ചാമ്പ്യൻസ്‌ ലീഗിലെ ബാഴ്‌സലോണ–-നാപോളി രണ്ടാംപാദ പ്രീ ക്വാർട്ടറും ഇതിൽ ഉൾപ്പെടും. 18ന്‌ നൗകാമ്പിലാണ്‌ ബാഴ്‌സ–-നാപോളി പോര്‌.  സ്‌പാനിഷ്‌ ലീഗിലെ ഐബർ–-റയൽ സോസിഡാഡ്‌ മത്സരത്തോടെയാണ്‌ വിലക്കിന്‌ തുടക്കമായത്‌. റയലിന്റെയും ബാഴ്‌സലോണയുടെയും കളികളടക്കം ഉൾപ്പെടും.


പ്രധാന വാർത്തകൾ
 Top