20 August Tuesday

പ്രളയത്തെ അതിജീവിച്ച ഒറ്റമുറി വീട്ടിൽ ഇനി സുവർണശോഭ

സ്‌പോർട്‌സ്‌ ലേഖകൻUpdated: Monday Feb 11, 2019

നദിയാദ‌് (ഗുജറാത്ത‌്) > വീട്ടിൽനിന്ന‌് 2000 കിലോമീറ്റർ ഇപ്പുറത്ത‌് മെറിൻ സ്വർണത്തിലേക്ക‌് പറന്നിറങ്ങുമ്പോൾ അച്ഛൻ ബിജു അടുത്തവീട്ടിൽ തേങ്ങയിടുകയായിരുന്നു. അമ്മ സിജി ഒരു കടയിൽ പാലപ്പം ഉണ്ടാക്കുന്നു. ഹൈജമ്പിൽ സ്വർണം കിട്ടിയ സന്തോഷത്തിൽ അവൾ ഇരുവരെയും ഫോണിൽ വിളിച്ചു‌. ബിജു ഒന്നും പറയാതെ കരഞ്ഞു, ഒപ്പം അവളും. വാക്കുകൾ കിട്ടാതെ സിജി വിതുമ്പി. 

എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത‌് മണീടുള്ള ‘കൂരാപ്പിള്ളിൽ’ ഒറ്റമുറി വീട്ടിലേക്കാണ‌് മെഡൽ വരുന്നത‌്. ജീവിതം മുന്നോട്ടുനീക്കാൻ കൂലിപ്പണിക്കുപോകുന്ന ഈ രക്ഷിതാക്കൾക്ക‌് മകളുടെ നേട്ടത്തിൽ പറയാനാകാത്ത സന്തോഷം. കൂട്ടുകാരി എം ജിഷ‌്ണയെ പിന്തള്ളി ഒന്നാമതെത്തിയപ്പോൾ അവൾ ആദ്യം പറഞ്ഞത‌് ഈ സ്വർണം ‘എന്റെ പപ്പയ‌്ക്കും പിന്നെ കോതമംഗലം സെന്റ‌് ജോർജ‌് സ‌്കൂളിലെ കായികാധ്യാപകൻ രാജു പോളിനു’മെന്നാണ‌്.

പ്രളയം കവർന്നെടുത്ത‌് ശോചനീയാവസ്ഥയിലുള്ള ഒറ്റമുറി വീട്ടിലാണ‌് കുടുംബം താമസിക്കുന്നത‌്. വീടിന്റ മുക്കാൽഭാഗവും മുങ്ങിപ്പോയി. മണ്ണുനിറഞ്ഞ‌് നശിച്ച വീട‌് നാട്ടുകാരുടെ സഹായത്താലാണ‌് ഒരുവിധം നന്നാക്കിയത‌്. 12 ദിവസം കുടുംബം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ബിജുവും സിജിയും മകൻ എൽദോസുമായിരുന്നു വീട്ടിൽ. മെറിൻ സെന്റ‌് ജോർജ‌് സകൂളിലായിരുന്നതിനാൽ രക്ഷപ്പെട്ടു. ഹൈജമ്പിൽ ഇറങ്ങി മാസത്തിനുള്ളിലാണ‌് ഈ പ്ലസ‌്ടുകാരിയുടെ നേട്ടം. ട്രിപ്പിൾജമ്പും ഹർഡിൽസും ചെയ‌്തിരുന്ന മെറിനെ രാജു പോളാണ‌് ഹൈജമ്പിലേക്ക‌് മാറ്റിയത‌്. കോതമംഗലം മാർബേസിൽ സ‌്കൂളിൽ നാലുവർഷവും മണീട‌് സ‌്കൂളിൽ ഒരുവർഷവും പഠിച്ചശേഷമാണ‌് സെന്റ‌് ജോർജിലെത്തുന്നത‌്. 2016ലെ ജൂനിയർ മീറ്റിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയിരുന്നു. ഇപ്പോൾ ജസിൻ ജെ വർഗീസും കെ പി അഖിലും പരിശീലനത്തിന‌് സഹായിക്കുന്നു.

മെറിനും ജിഷ‌്ണയും തമ്മിലുള്ള സൗഹൃദപ്പോരിൽ ആത്മവിശ്വാസമാണ‌് തുണയായത‌്. ഇരുവരും 1.55 മീറ്റർ ചാടിയാണ‌് തുടക്കം. പിന്നീട‌് 1.60, 1.63, 1.66, 1.69 മീറ്ററുകൾ താണ്ടി. 1.72 മീറ്റർ മെറിൻ ആദ്യ അവസരത്തിൽ ചാടി. ജിഷ‌്ണയ‌്ക്ക‌് രണ്ട‌്‌ അവസരം വേണ്ടിവന്നു. 1.74 മീറ്റർ മെറിൻ അവസാന അവസരത്തിൽ മറകടന്നു. ജിഷ‌്ണയ‌്ക്ക‌് മൂന്നും പിഴച്ചു. മെറിൻ 1.77 മീറ്റർ റെക്കോഡിന‌് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാന മീറ്റിൽ ജിഷ്‌ണയായിരുന്നു ഒന്നാമത്‌.


പ്രധാന വാർത്തകൾ
 Top