23 January Wednesday

കേരളത്തിന്റെ കേളികൊട്ട്‌

ജിജോ ജോർജ്Updated: Friday Jan 11, 2019

റെയിൽവേസിനെ തോൽപ്പിച്ച്‌ ചാമ്പ്യൻമാരായ കേരള താരങ്ങളുടെ ആഹ്ലാദം


ചെന്നൈ
ഒരു പതിറ്റാണ്ടിന‌് ശേഷം കേരളവനിതകൾ  റെയിൽവേയുടെ ആധിപത്യത്തിന‌് മേൽ വിജയക്കൊടി നാട്ടി.  ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം ചൂടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ റെയിൽവേയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തറപറ്റിച്ചാണ് കേരളത്തിന്റെ നേട്ടം(19-‐25, 25-‐17, 17-‐25, 25-‐19, 15-‐9).

ഫാത്തിമ റുക്സാനയുടെ നേതൃത്വത്തിൽ കെഎസ്ഇബി താരങ്ങളുടെ കരുത്തിലിറങ്ങിയ കേരളത്തിന് എസ് രേഖ, കെ എസ് ജിനി, അഞ്ജു ബാലകൃഷ്ണൻ എന്നിവരുടെ പരിചയ സമ്പത്തും എം ശ്രുതി, എസ് സൂര്യ, കെ പി അനുശ്രീ എന്നിവരുടെ പോരാട്ടവീര്യവും ലിബറോ അശ്വതി രവീന്ദ്രന്റെ തകർപ്പൻ രക്ഷപ്പെടുത്തലും ഒത്തു ചേർന്നപ്പോൾ അത് ചരിത്രനിമിഷമായി. 2007‐08ൽ  ഇ കെ രഞ്‌ജന്റെ ശിഷ്യത്വത്തിൽ ജയ്പൂരിൽ അശ്വനി എസ് കുമാറിന്റെ നേതൃത്വത്തിലാണ് കേരളം അവസാനമായി കിരീടം ചൂടിയത്. പിന്നീട് തുടർച്ചയായി പത്ത് തവണ റെയിൽവേയോട് തോറ്റു.  ഇത്തവണ ടി എസ് സദാനന്ദന്റെ കീഴിൽ ഇറങ്ങിയ കേരളം, റെയിൽവേയുടെ കളി മിടുക്കിന് മുന്നിൽ പതറാതെ പിടിച്ചു നിന്നു.

ആദ്യ സെറ്റിൽ ക്യാപ്റ്റൻ എം എസ് പൂർണിമ, മിനിമോൾ അബ്രഹാം, നിർമൽ എന്നിവരുടെ മികവിൽ റെയിൽവേ നേടി(19-‐25). രണ്ടാം സെറ്റിൽ കേരളം തിരിച്ചു വന്നു. റെയിൽവേയുടെ മുതിർന്ന താരം പ്രിയങ്ക ബോറ ഇതിനിടെ പരിക്കേറ്റു പിന്മാറി. മൂന്നാം സെറ്റ് റെയിൽവേ തിരിച്ചു പിടിച്ചു. നാലാം സെറ്റ‌്‌  റെയിൽവേ പോയിന്റ് നേടി കൊണ്ടാണ് തുടങ്ങിയത്. എന്നാൽ എസ് രേഖയിലൂടെ കേരളം ഒപ്പം പിടിച്ചു. അവസരത്തിനൊത്ത് ശ്രുതിയും സൂര്യയും അനുശ്രീയും ഉണർന്നു. സെറ്റർ കെ എസ് ജിനി മറ്റുള്ളവർക്ക് മികച്ച അവസരങ്ങൾ ഒരുക്കി കളത്തിൽ നിറഞ്ഞാടി.  സൂര്യ തകർപ്പൻ ഷോട്ടുകൾ ഉതിർത്ത് റെയിൽവേയെ ഞെട്ടിച്ചു. ലിബറോ അശ്വതി രവീന്ദ്രൻ നിരവധി രക്ഷപ്പെടുത്തലുകൾ നടത്തി. റെയിൽവേയുടെ നിർമലിന്റെയും മിനിമോളുടെയുടെയും സ്മാഷുകൾക്ക് മികച്ച ബ്ലോക്കുകൾ തീർക്കാനും കേരള താരങ്ങൾക്കായി. നാലാം സെറ്റ് കേരളം തിരിച്ചു പിടിച്ചതോടെ കളി കത്തിപ്പടർന്നു.

അഞ്ചാം സെറ്റിലും ആദ്യ പോയിന്റ് റെയിൽവേക്കായിരുന്നു. കെ എസ് ജിനി മനോഹരമായ ഡ്രോപ്പിലൂടെ കേരളത്തിന് ആദ്യ പോയിന്റ് നേടി കൊടുത്തു. 4-6ന് റെയിൽവേ ലീഡു പിടിച്ചു. എന്നാൽ പിന്നീട് കണ്ടത് കേരളത്തിന്റെ കുതിപ്പായിരുന്നു. രേഖയുടെ സെർവിൽ ഒരു പോയിന്റും ശ്രുതിയുടെ സ്മാഷിലൂടെ മറ്റൊരു പോയിന്റും കേരളം പിടിച്ചു.  8-8 ൽ നിൽക്കെ കേരള താരങ്ങൾ ആവേശഭരിതരായി. സെറ്റർ കെ എസ് ജിനിയുടെ തുടർച്ചയായ സെർവുകൾ. റെയിൽവേ താരങ്ങൾ കളി മറന്നു. 14-‐8 ൽ നിൽക്കെ ഒരു പോയിന്റു കൂടി റെയിൽവേ നേടി. 14-‐9. അവസാനം എം ശ്രുതിയുടെ കിടിലൻ സ്മാഷിന് റെയിൽവേ താരങ്ങൾ ബ്ലോക്ക് തീർത്തെങ്കിലും പന്ത് പുറത്തേക്ക് പോയി.( 15-‐9). കോർട്ടിൽ കേരള താരങ്ങൾ ആർത്തു വിളിച്ചു. പത്ത് തവണയേറ്റ പരാജയത്തിന് മധുരമായ തിരിച്ചടി.പഞ്ചാബിനെ നേരിട്ടുള്ള സെറ്റുകൾക്ക‌് തോൽപ്പിച്ച‌് പുരുഷന്മാർ മൂന്നാം സ്ഥാനം നേടി.


പ്രധാന വാർത്തകൾ
 Top