28 September Monday

സന്തോഷം, വലനിറയെ; കേരളം സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ അവസാന റൗണ്ടിലേക്ക്‌ കുതിച്ചു

വി കെ സുധീർകുമാർUpdated: Sunday Nov 10, 2019

തമിഴ്‌നാടിനെതിരെ കേരളത്തിന്റെ എം എസ്‌ ജിതിൻ ഗോൾ നേടുന്നു ഫോട്ടോ: ബിനുരാജ്‌

കോഴിക്കോട് >  ആറ്‌ ഗോൾ. സമനില മാത്രം മതിയായിരുന്നിട്ടും കേരളം തമിഴ്‌നാടിന്റെ വലയിൽ ഗോൾ നിറച്ചു. തുടർച്ചയായ രണ്ടാം ജയത്തോടെ കേരളം സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ അവസാന റൗണ്ടിലേക്ക്‌ കുതിച്ചു. കഴിഞ്ഞവർഷം നെയ്‌വേലിയിൽ ഒറ്റ ഗോളും നേടാതെ യോഗ്യതാ റൗണ്ടിൽ പുറത്തായതിനുള്ള പ്രായശ്ചിത്തം.   ഇക്കുറി രണ്ട്‌ കളിയിൽ നേടിയത്‌ 11 ഗോൾ.

കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിലേക്ക്‌ ആവേശത്തോടെ എത്തിയ കാണികളെ വിരുന്നൂട്ടുന്നതായി കേരളത്തിന്റെ തകർപ്പൻ പ്രകടനം. എം എസ് ജിതിൻ ഇരട്ടഗോൾ നേടി. പി വി വിഷ്ണു, മസൂഫ് നൈസാൻ, ലിജോ ജോസഫ്, എമിൽ ബെന്നി എന്നിവരും ആഘോഷിച്ചു.  മിസോറാമിൽ ജനുവരി പത്തിനാണ്‌ ഫൈനൽ റൗണ്ട്‌.

കേരളത്തിന്റെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. ആദ്യ കോർണറിൽ ശ്രീരാഗിന്റെ ഹെഡർ നേരിയ വ്യത്യാസത്തിന് പുറത്തുപോയെങ്കിലും തമിഴ്‌നാടിനുള്ള മുന്നറിയിപ്പായിരുന്നു. വിഷ്ണു, ലിയോൺ, ജിതിൻ ത്രിമൂർത്തികൾ നടത്തിയ മുന്നേറ്റങ്ങൾ നിരവധി തുറന്ന അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. 24–-ാം മിനിറ്റിലായിരുന്നു തമിഴ്നാടിന്റെ വിധി കുറിച്ച ആദ്യ ഗോൾ.  വലതു വിങ്ങിൽനിന്ന്‌ ലിജോ നൽകിയ പാസ് വിഷ്ണു സ്വീകരിക്കുമ്പോൾ മുന്നിൽ ഗോൾകീപ്പർ ദിനേശ് ജെറോം മാത്രം. പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് ചെത്തിയിട്ട പന്ത്‌ തടയാൻ ഗോളിക്ക് കഴിഞ്ഞില്ല.

അടുത്ത ഊഴം ജിതിന്റേതായിരുന്നു. ടൂർണമെന്റിലെ ഏറ്റവും മനോഹര ഗോൾ.  പെനൽറ്റി ബോക്സിന്‌ സമീപത്തുനിന്ന്‌ ലഭിച്ച പന്തുമായി മൂന്ന്‌ പ്രതിരോധക്കാരെ  കീഴടക്കി ഗോളിയെയും  കബളിപ്പിച്ച്‌ വലയിലേക്ക്‌ തട്ടിയിട്ടു.  ഒന്നാംപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ജിതിന്റെ രണ്ടാം ഗോളും പിറന്നു.  മൈതാനമധ്യത്തു നിന്നായിരുന്നു തുടക്കം. തടയാൻ വന്നവരെയൊക്ക നിഷ്‌പ്രഭമാക്കി ജിതിൻ തൊടുത്ത ഷോട്ടിനു മുന്നിൽ ഗോളി കാഴ്‌ചക്കാരനായി.

വിഷ്‌ണുവിനെ പിൻവലിച്ച്‌  കഴിഞ്ഞ കളിയിലെ സൂപ്പർ താരം എമിൽ ബെന്നിയെ കളത്തിലിറക്കി.  തോൽവി ഉറപ്പാക്കിയ തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന്‌ രണ്ടാം പകുതിയിൽ കൂടുതൽ ചെറുത്തുനിൽപ്പുണ്ടായില്ല. രണ്ട്‌ വിങ്ങുകളിൽ നിന്നായി ലിയോണിന്റെയും എമിൽ ബെന്നിയുടെയും മുന്നേറ്റം തമിഴ്‌നാട്‌ ഗോളിയെ നിരന്തരം പരീക്ഷിച്ചു.

ലിയോണിനു പകരം വന്ന  മൗസൂഫ്‌ നൈസാൻ 83–-ാം മിനിറ്റിൽ പെനൽറ്റി ബോക്‌സിന്റെ 20 വാര അകലെനിന്ന്‌ പായിച്ച ഷോട്ടിൽ കേരളം നാലാം ഗോൾ കുറിച്ചു. അധിക സമയത്തായിരുന്നു മറ്റ്‌ രണ്ട്‌ ഗോളുകൾ. ലിജോ ജോസഫ്‌ പുറംകാൽകൊണ്ട്‌ നേടിയ ഗോളിന്‌ ചാരുതയേറെ.  ആന്ധ്രയ്‌ക്കെതിരെ മികച്ച കളി പുറത്തെടുത്ത എമിൽ ബെന്നിയുടെ വകയായിരുന്നു അവസാന ഗോൾ. എതിരിടാനെത്തിയവരെയെല്ലാം വെട്ടിയൊഴിഞ്ഞു മുന്നേറിയായിരുന്നു ഗോൾ നേട്ടം. കേരളവും കർണാടകയും യോഗ്യത നേടിയതിനാൽ ബാക്കിയുള്ള കളികൾ അപ്രസക്തമായി. ഇന്ന്‌ പകൽ 3.30ന്‌ തെലങ്കാന പോണ്ടിച്ചേരിയെ നേരിടും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top