08 December Sunday

കൈപിടിച്ച്‌, കളം നിറഞ്ഞ്‌ കുട്ടിക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019


കോഴിക്കോട്
ഒരു പന്ത്‌ വാങ്ങാൻ യോഗം ചേർന്ന്‌ സാമൂഹ്യമാധ്യമങ്ങളിൽ സൂപ്പർ താരങ്ങളായ കുട്ടികൾ കോഴിക്കോട്ടും മനംകവർന്നു. ഇവരുടെ കൈപിടിച്ചായിരുന്നു മൈതാനത്തേക്ക്‌ കേരള ടീമിന്റെ യാത്ര. മലപ്പുറം മമ്പാട് പുളിക്കലോടിയിലെ കളിസ്ഥലത്ത് പന്ത് വാങ്ങാൻ കമ്പുകൊണ്ട്‌ മൈക്കുണ്ടാക്കി യോഗം ചേർന്ന 13 പേരാണ്  ടീമിന് അകമ്പടിയായത്. നിറഞ്ഞ കരഘോഷത്തോടെ കാണികൾ വരവേറ്റു.   കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായമണിഞ്ഞ് ആർപ്പുവിളിച്ചശേഷമാണ് കുട്ടിക്കൂട്ടം കോഴിക്കോട്ടെത്തിയത്.

നഗരത്തിലെ പെലോടൺ സ്‌പോർട്‌സ്‌ ഇവർക്ക് ബൂട്ട് നൽകി. വെള്ളിമാടുകുന്ന് ക്രസന്റ്‌ ഫുട്ബോൾ അക്കാദമിയുടെ ജേഴ്സിയിലായിരുന്നു കുട്ടിപ്പടയെത്തിയത്. അന്നത്തെ യോഗത്തിൽ അധ്യക്ഷനായിരുന്ന ഫ്രണ്ട്സ് ക്ലബ്ബിന്റെ  പ്രസിഡന്റ്‌ അദിൻ, മുഖ്യപ്രഭാഷണം നടത്തിയ കുഞ്ഞാവ എന്ന അനന്യ, ആമുഖപ്രസംഗം നടത്തിയ സെക്രട്ടറി അർജുൻ, ആശംസയർപ്പിച്ച നിഷാദ്, മിഥുൻ, അലൻ, നിഹാദ്, അജിൻരാജ്, അഭിജിത്‌, അഥർവ്, കാശിനാഥ്, ആദിത്യൻ തുടങ്ങിയവരാണ്‌ കോഴിക്കോട്ടെത്തിയത്‌.

കളിക്കാരെ മൈതാനത്തേക്ക് ആനയിച്ചശേഷം ‘താരങ്ങൾ’ വിവിഐപി   പവിലിയനിലിരുന്ന് കളി കണ്ടു. സാമൂഹികപ്രവർത്തകനായ സുശാന്ത് നിലമ്പൂരാണ് ഇവരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. സുശാന്തും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.


പ്രധാന വാർത്തകൾ
 Top