19 October Saturday

ലക്ഷ്യം ടോക്യോ, മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ: സിന്ധു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

പി വി സിന്ധുവിനെ തിരുവനന്തപുരത്ത്‌ തുറന്ന വാഹനത്തിൽ സ്വീകരിച്ച്‌ ആനയിക്കുന്നു ഫോട്ടോ: ജി പ്രമോദ്‌


തിരുവനന്തപുരം
‘ടോക്യോ ഒളിമ്പിക്‌സിൽ സ്വർണമാണ്‌ ലക്ഷ്യം. അതത്ര എളുപ്പം അല്ല എന്നും എനിക്കറിയാം’  ബാഡ്‌മിന്റൺ ലോക ചാമ്പ്യൻ പി വി സിന്ധുവിന്റെ വാക്കുകളിൽ ആത്മവിശ്വാസവും വെല്ലുവിളികളെ കുറിച്ചുളള തിരിച്ചറിവും. എന്നാൽ ഒരോ കടമ്പകളും കഠിനാധ്വാനത്തിലൂടെ മറികടക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ്‌ രാജ്യത്തിന്റെ അഭിമാനതാരം.  

‘ഒളിമ്പിക്‌സിലാണ്‌  ശ്രദ്ധ കേന്ദ്രീകരിച്ചിക്കുന്നത്‌.  മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ.സ്വർണം നേടാൻ കഠിനാധ്വാനം ചെയ്യുകയാണ്‌. സമ്മർദമില്ല’ –-കേരളത്തിന്റെ ആദരമേറ്റുവാങ്ങിയ ശേഷം സിന്ധു പറഞ്ഞു. ഇനി വരുന്ന ഡെന്മാർക്ക്‌, പാരീസ്‌ ഓപ്പണുകൾക്ക്‌ ഇറങ്ങുന്നത്‌ ഒളിമ്പിക്‌സിനായുള്ള മുന്നൊരുക്കമെന്ന നിലയിലാണ്‌. കൊറിയ ഓപ്പൺ ടൂർണമെന്റ്‌ തോൽവിയിൽ തളർന്നിട്ടില്ല. കാരണം ജയവും തോൽവിയും കളിയുടെ ഭാഗമാണ്‌.   കുറവുകൾ മനസിലാക്കാനുള്ള അവസരം കൂടിയാണ്‌ പരാജയം. ലോകചാമ്പ്യൻഷിപ്പിനുശേഷവും മികച്ച കളി പുറത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്‌. എന്നാൽ കളി ഇനിയും മെച്ചപ്പെടാനുണ്ട്‌.

സ്വന്തം കഴിവിൽ വിശ്വാസം അർപിക്കണം. പിന്നെ കഠിനാധ്വാനം ചെയ്യണം.  ഒന്നും രണ്ടും വർഷത്തിനുള്ളിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയില്ല. കാത്തിരിക്കാനുള്ള മനസ്സുമുണ്ടാകണം. അല്ലാതെ ഒരു അക്കാദമിക്കും സൂപ്പർ സ്‌റ്റാറുകളെ സൃഷ്ടിക്കാൻ കഴിയില്ല. എട്ടാം വയസ്സിലാണ്‌ ഞാൻ കളി തുടങ്ങിയത്‌. ഇപ്പോൾ 24 വയസായി. മാതാപിതാക്കളുടെ പിന്തുണയും പ്രധാനമാണ്‌. അക്കാര്യത്തിൽ ഭാഗ്യവതിയാണ്‌. ഏതു കളിയിൽ ശോഭിക്കുമെന്ന്‌ എന്റെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ തിരിച്ചറിഞ്ഞു.

കായിക മേഖലയ്‌ക്ക്‌ വലിയ പ്രാധാന്യമാണ്‌ കേരളം നൽകുന്നത്‌.   ബാഡ്‌മിന്റൺ മാത്രമല്ല എല്ലാ കായിക ഇനങ്ങൾക്കും ഒരുപോലെ പിന്തുണ നൽകുന്നു. ഇക്കാരണത്താലാണ്‌ രാജ്യത്തിന്‌ അഭിമാനമായ താരങ്ങളെ കേരളത്തിന്‌ സൃഷ്ടിക്കാൻ കഴിയുന്നത്‌. ഇവിടെയുള്ള കുട്ടികൾ സ്‌പോർട്‌സിനെ ഗൗരവത്തിൽ എടുക്കുന്നു. കേരളത്തിലെ പോലെ സ്‌പോർട്‌സിന്‌ പ്രോത്സാഹനം നൽകുന്ന സംസ്ഥാനങ്ങൾ കുറവാണ്‌.  കേരളത്തിൽ നിന്നും വലിയ പിന്തുണയും  പ്രോത്സാഹനവുമാണ്‌ ലഭിക്കുന്നത്‌.  കായികവകുപ്പും  കേരള ഒളിമ്പിക്‌ അസോസിയേഷനും സംയുക്തമായാണ്‌ ആദരിക്കൽ ചടങ്ങ്‌ സംഘടിപ്പിച്ചത്‌.


പ്രധാന വാർത്തകൾ
 Top