പുണെ
2013നുശേഷം ഇന്ത്യ സ്വന്തം മണ്ണിൽ തോൽക്കുന്നത് പുണെയിലാണ്. ഏറ്റവും മോശം പിച്ചെന്ന ദുഷ്പേരും ഈ പിച്ചിന് കിട്ടിയിട്ടുണ്ട്. ഇവിടെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഇന്ന് തുടങ്ങുന്നത്. മഴയുടെ ഭീഷണിയുമുണ്ട്. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിൽ ജയിച്ച ഇന്ത്യ 1–-0ന് മുന്നിലാണ്.
2017ലാണ് ഓസീസ് ഇന്ത്യയെ തകർത്തത്. 30 ടെസ്റ്റിനുശേഷമായിരുന്നു സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ ആദ്യ തോൽവി. ഓസീസ് സ്പിന്നർ സ്റ്റീഫ് ഒക്കീഫി രണ്ട് ഇന്നിങ്സുകളിലുമായി നേടിയത് 12 വിക്കറ്റ്. ദക്ഷിണാഫ്രിക്കയും അതുപോലൊരു പ്രകടനം സ്വപ്നം കാണുന്നു.
ഓസീസിനോടുള്ള തോൽവിക്കുശേഷം ആദ്യമായാണ് ഇന്ത്യ പുണെയിൽ ഇറങ്ങുന്നത്. കനത്ത മഴയായിരുന്നു ഇവിടെ. പിച്ചിൽ ഈർപ്പവും പുല്ലുമുണ്ട്. ആദ്യദിനം പേസിനെ തുണയ്ക്കുന്ന പിച്ച് അവസാന ദിനങ്ങളിൽ സ്പിന്നർമാർക്ക് അനുകൂലമാകാനാണ് സാധ്യത.
ദക്ഷിണാഫ്രിക്കയ്ക്ക് എളുപ്പമല്ല. ഇന്ത്യൻ സ്പിന്നർമാരെ കൃത്യമായി നേരിടാനുള്ള മിടുക്കില്ല ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്ക്. ആദ്യടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ചെറുത്തുനിന്ന ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ തകർന്നടിയുകയായിരുന്നു.
ഓപ്പണറായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ രോഹിത് ശർമയാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ ശക്തി. രണ്ട് ഇന്നിങ്സിലും രോഹിത് സെഞ്ചുറി നേടിയിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് മികച്ചപ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി എന്നിവരുൾപ്പെട്ട ബാറ്റിങ് നിര ശക്തമാണ്.
സ്പിന്നർമാരായ രവീന്ദ്ര ജഡേജയ്ക്കും ആർ അശ്വിനും പുണെ പിച്ചിൽ നേട്ടമുണ്ടാക്കാൻ കഴിയും. പേസർമാരായ മുഹമ്മദ് ഷമിയും ഇശാന്ത് ശർമയും തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് കേശവ് മഹാരാജിലാണ് പ്രതീക്ഷ. ബാറ്റിങ് നിരയിൽ എയ്ദൻ മാർക്രം, ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്, ഡീൻ എൽഗർ, ക്വിന്റൺ ഡി കോക്ക് എന്നിവരുണ്ട്.
ഇന്ത്യ
രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിൻക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി.
ദക്ഷിണാഫ്രിക്ക
-എയ്ദൻ മാർക്രം, ഡീൻ എൽഗർ, തിയുനിസ് ഡി ബ്രയ്ൻ, ടെംബ ബവുമ, ഫാഫ് ഡു പ്ലെസിസ്, ക്വിന്റൺ ഡി കോക്ക്, സെനുറൻ മുത്തുസാമി, വെർണൻ ഫിലാൻഡർ, കേശവ് മഹാരാജ്, കഗീസോ റബാദ, ലുൻഗി എൻഗിഡി.