15 December Sunday

ഉറപ്പിക്കാൻ ജംഷെഡ്‌പുർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

സി കെ വിനീത്‌


ജംഷെഡ്‌പുർ
ഉരുക്കിന്റെ നാടാണ്‌ ജംഷെഡ്‌പുർ. രാജ്യത്തെ ആദ്യത്തെ ആസൂത്രിത നഗരം. ഉരുക്ക്‌ വ്യവസായ കമ്പനിയായ ടാറ്റ ഗ്രൂപ്പിലൂടെയാണ്‌ നഗരം പ്രസിദ്ധമായത്‌. രണ്ടുവർഷം മുമ്പ്‌ ഐഎസ്‌എൽ അധികൃതർ പുതിയ  രണ്ട്‌ ടീമുകൾക്ക്‌ അപേക്ഷ ക്ഷണിച്ചപ്പോളാണ്‌ ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ ജംഷെഡ്‌പുർ എഫ്‌സി പിറക്കുന്നത്‌. പോയ രണ്ട്‌ സീസണുകളിലും അഞ്ചാം സ്ഥാനക്കാരായിരുന്നു. ഇത്തവണ ഇന്ത്യൻ യുവതുർക്കികളിൽ വിശ്വാസമർപ്പിച്ചാണ്‌ ഉരുക്കു ടീം ഐഎസ്‌എലിനൊരുങ്ങുന്നത്‌. തന്ത്രമോതാൻ അന്റോണിയോ ഇറിയോണ്ടോ എന്ന റഷ്യൻ–-സ്‌പാനിഷ്‌ പരിശീലകനും കൂടെയുണ്ട്‌.

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി അണിനിരന്ന നാല്‌ കളിക്കാരുമായാണ്‌ ജംഷെഡ്‌പുർ എത്തുന്നത്‌. മറ്റ്‌ ടീമുകളെ അപേക്ഷിച്ച്‌ കൗമാരക്കാർ ഏറ്റവും കൂടുതൽ ഉള്ളതും ജംഷെഡ്‌പുരിലാണ്‌. പ്രതിരോധത്തിൽ ജിതേന്ദ്ര സിങ്‌, നരേന്ദർ ഗെഹ്‌ലോട്ട്‌ എന്നിവരും മധ്യനിരയിൽ അമർജിത്‌ ഖയാമും മുന്നേറ്റത്തിൽ അനികേത്‌ ജാദവും ഭാവിവാഗ്ദാനങ്ങൾ. ഇവരിൽ നരേന്ദറും അമർജിതും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

ടിരി നയിക്കുന്ന ടീമിൽ വമ്പൻ പേരുകാരില്ല. കഴിഞ്ഞ സീസണിൽ നിന്ന്‌ ടീമിൽ അടിമുടി മാറ്റങ്ങളുണ്ട്‌. മുന്നേറ്റത്തിൽ മലയാളി താരം സി കെ വിനീത്‌ എത്തി എന്നാതാണ്‌ പ്രധാന പ്രത്യേകത. കഴിഞ്ഞ രണ്ട്‌ സീസണുകളിലും തിളങ്ങിയ ബ്രസീലുകാരൻ മെമോ ഇത്തവണയും ജംഷെഡ്‌പുരിന്റെ മധ്യനിര നയിക്കും. കൂട്ടിന്‌ സ്‌പാനിഷുകാരായ നോ കോസ്റ്റയും അയ്‌തർ മോൺറോയും എത്തി. മുന്നേറ്റത്തിൽ വിനീതിന്‌ കൂട്ട്‌ സ്‌പാനിഷുകാരായ പിറ്റിയും സെർജിയോ കാസ്റ്റെലുമാണ്‌. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിലൊരാളായ സുബ്രത പോളാണ്‌ ഗോൾവലയ്‌ക്ക്‌ കീഴിലെ ജംഷെഡ്‌പുരിന്റെ കാവൽക്കാരൻ.

ശ്രദ്ധിക്കേണ്ട താരം:  ടിരി
പ്രതിരോധത്തിൽ ഉരുക്കുകോട്ട കെട്ടുന്ന ടിരിയാണ്‌ ജംഷെഡ്‌പുരിലെ കരുത്തൻ. സ്‌പാനിഷുകാരനെ മറികടന്ന്‌ മുന്നേറാൻ എതിരാളികൾ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. എടികെയിൽ നിന്ന്‌ ജംഷെഡ്‌പുരിലെത്തിയ ടിരി ടീമിന്റെ നായകനാണ്‌.


പ്രധാന വാർത്തകൾ
 Top