17 September Tuesday

യൂറോ യോഗ്യതാമത്സരങ്ങൾ : ഡച്ച്‌, ജർമനി, ബൽജിയം മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

സ്‌കോട്‌ലൻഡിനെതിരെ ബൽജിയത്തിന്റെ കെവിൻ ഡി ബ്രയ്‌ന്റെ മുന്നേറ്റം


ആംസ്‌റ്റർഡാം
യൂറോ യോഗ്യതാമത്സരങ്ങളിൽ നെതർലൻഡ്‌സ്‌ തകർപ്പൻ പ്രകടനം തുടർന്നു. തുടർച്ചയായ രണ്ടാംമത്സരത്തിലും ഡച്ചുകാർ ഗോളടിച്ചുകൂട്ടി.  എതിരില്ലാത്ത നാല്‌ ഗോളിന്‌ എസ്‌റ്റോണിയയെയാണ്‌ ഡച്ചുകാർ തോൽപ്പിച്ചത്‌. വടക്കൻ അയർലൻഡിനെ രണ്ട് ഗോളിന്‌ മറികടന്ന്‌ ജർമനി ഗ്രൂപ്പ്‌ സിയിൽ മൂന്നാമതെത്തി. ബൽജിയം നാല്‌ ഗോളിന്‌ സ്‌കോട്‌ലൻഡിനെ തുരത്തി. കെവിൻ ഡി ബ്രയ്‌നിന്റെ മിന്നുന്ന പ്രകടനം ബൽജിയത്തിന്‌ കരുത്തേകി.

റ്യാൻ ബാബേലിന്റെ ഇരട്ടഗോൾ മികവിലായിരുന്നു ഡച്ചിന്റെ കുതിപ്പ്‌. കളി തുടങ്ങി അരമണിക്കൂറിനുള്ളിൽ ബാബേൽ നെതർലൻഡ്‌സിനെ മുന്നിലെത്തിച്ചു.  ഡാലി ബ്ലിൻഡിന്റെ കുറിയ ക്രോസിൽ ബാബേൽ ലക്ഷ്യംകണ്ടു. ആദ്യപകുതിക്കുശേഷം ബാബേൽതന്നെ രണ്ടാംഗോളും തൊടുത്തു. മെംഫിസ്‌ ഡിപെയുടെ ക്രോസ്‌. അവസാനഘട്ടത്തിൽ ഡിപെയും ജോർജിനോ വൈനാൽദവും ചേർന്ന്‌ ഡച്ചുകാരുടെ ജയം പൂർത്തിയാക്കി.

ഗ്രൂപ്പ്‌ സിയിൽ നാലു കളിയിൽ ഒമ്പത്‌ പോയിന്റുമായി മൂന്നാമതാണ്‌ ഡച്ച്‌. ഒരു മത്സരം കൂടുതൽ കളിച്ച വടക്കൻ അയർലൻഡാണ്‌ രണ്ടാമത്‌. വടക്കൻ അയർലൻഡിനെതിരെ ജർമനിക്ക്‌ കടുത്ത പോരാട്ടം വേണ്ടിവന്നു. മാഴ്‌സെൽ ഹാസ്‌റ്റലെൻബുർഗ്‌, സെർജി നാബ്രി എന്നിവരാണ്‌ അവസാന നിമിഷം ജർമനിക്ക്‌ ജയമൊരുക്കിയത്‌.

ഗ്രൂപ്പ്‌ ഐയിൽ ബൽജിയം ഏറെക്കുറെ യോഗ്യത ഉറപ്പാക്കി. ആറു കളിയിൽ 18 പോയിന്റാണ്‌.സ്‌കോട്‌ലൻഡിനെതിരെ ബൽജിയത്തിനായി ഡി ബ്രയ്‌ൻ ഒരു ഗോളടിച്ചു, മൂന്നെണ്ണത്തിന്‌ അവസരമൊരുക്കി. പരിക്കേറ്റ ഏദെൻ ഹസാർഡ്‌ ഇല്ലാതെയാണ്‌ ബൽജിയം ഇറങ്ങിയത്‌. സ്‌പെയ്‌ൻ തുടർച്ചയായ ആറാംജയം കുറിച്ചു. നാല്‌ ഗോളിന്‌ ഫറോ ഐസ്‌ലൻഡിനെ തോൽപ്പിച്ചു. പാകോ അൽകാസെറും റോഡ്രിഗോയും ഇരട്ടഗോൾ നേടി.


പ്രധാന വാർത്തകൾ
 Top