28 February Friday
പൊൻകിരീടം 19

ഒരേയൊരു നദാൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

ന്യൂയോർക്ക്‌
കളിക്കളത്തിലെ പോർവീര്യത്തിന്‌ ഒരു പേര്‌ മാത്രം–- റാഫേൽ നദാൽ. യുഎസ്‌ ഓപ്പൺ ചരിത്രത്തിലെ ഏറ്റവും മനോഹരമായ, ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ  റഷ്യക്കാരൻ ഡാനിൽ മെദ്‌വെദെവിനെ നദാൽ കീഴടക്കി. സ്‌കോർ: 7–-5, 6–-3, 5–-7, 4–-6, 6–-4.

നാല്‌ മണിക്കൂർ 49 മിനിറ്റ്‌ കളി നീണ്ടു. നീണ്ട റാലികളും ക്രോസ്‌ കോർട്ട്‌ റിട്ടേണുകളും എണ്ണംപറഞ്ഞ എയ്‌സുകളും ആർതർ ആഷെ സ്‌റ്റേഡിയത്തിലെ നീലപ്രതലത്തെ പ്രകമ്പനം കൊള്ളിച്ചു. തളർച്ചയും ഇടർച്ചയും അതിമനോഹരമായ തിരിച്ചുവരവുകളും കണ്ടു. ഒടുവിൽ നദാൽ 19–-ാം ഗ്രാൻഡ്‌ സ്ലാം കിരീടം മാറോടണച്ചു. ഒപ്പത്തിനൊപ്പം പോരാടിയ മെദ്‌വെദെവ്‌ നിറഞ്ഞ കൈയടികൾ ഏറ്റുവാങ്ങി.

യുഎസ് ഓപ്പണിലെ ചരിത്രഫൈനലായി ഇത്‌. ഫൈനൽവരെ ഒരു സെറ്റും നഷ്ടപ്പെടാതെ എത്തിയ നദാൽ അതാവർത്തിക്കുമെന്ന്‌ തോന്നിച്ചു. കളി തുടങ്ങിയത്‌ ആ മട്ടിലായിരുന്നു. പക്ഷേ, രണ്ടാം സെറ്റിനുശേഷം മെദ്‌വെദെവ്‌ തിരക്കഥമാറ്റി. അതുവരെ ആർതർ ആഷെ സ്‌റ്റേഡിയത്തിൽ പ്രതിനായകന്റെ ഭാഗമായിരുന്നു കാണികൾ ഈ റഷ്യക്കാരന്‌ നൽകിയത്‌. മൂന്നാം സെറ്റിലെ അത്ഭുത പ്രകടനത്തിനുശേഷം അവർ കൂവിയില്ല, പകരം കൈയടിച്ചു.

മൂന്നാം സെറ്റ്‌ തുടങ്ങിയപ്പോൾ മൂന്ന്‌ ഗെയിം അരികെയായിരുന്നു നദാലിന്റെ കിരീടം. മെദ്‌വെദെവിന്റെ കൈയിൽ റാക്കറ്റിന്റെ പിടിമുറുകി. അടുത്ത ഏഴ്‌ ഗെയിമുകളിൽ അഞ്ചും ഈ ഇരുപത്തിമൂന്നുകാരൻ നേടി. സെർവീസ്‌ ഗെയിമിൽ പത്ത്‌ പോയിന്റ്‌. 28ഉം 17ഉം ഷോട്ടുകൾ നീണ്ട റാലികളിൽ മെദ്‌വെദെവിന്റെ ആധിപത്യം. ഒടുവിൽ രണ്ട്‌ വിന്നറുകൾ കൊണ്ട്‌ നദാലിന്റെ സെർവ്‌ ഭേദിച്ച്‌ മൂന്നാം സെറ്റ് മെദ്‌വെദെവ്‌ കൈയിലാക്കി.


 

 

നാലാം സെറ്റ്‌, കൊടുങ്കാറ്റുപോലെയായി ഈ റഷ്യക്കാരൻ. നദാലിന്‌പിഴവുകൾ പറ്റി. തളർന്നു. സെറ്റ്‌ 6–-4ന്‌ മെദ്‌വെദെവിന്‌. അഞ്ചാം സെറ്റ്‌. കിരീടത്തിലേക്കുള്ള ഏറ്റവും ദുർഘടമായ വഴി. കീഴടങ്ങാൻ സമ്മതിക്കാത്ത പോരാളിയെയാണ്‌ ആർതർ ആഷെയിലെ 25000 കാണികൾ പിന്നെ കണ്ടത്‌.  നദാൽ കളംവാണു.

അഞ്ചാം സെറ്റിന്റെ അഞ്ചാം ഗെയിമിൽ നദാൽ നയം വ്യക്തമാക്കി. മെദ്‌വെദെവിന്റെ സെർവ്‌ ഭേദിച്ചു. 28 ഷോട്ടുകൾ നീണ്ട റാലിക്കൊടുവിൽ ആ റാക്കറ്റിൽനിന്ന്‌ ബാക്ക്‌ ഹാൻഡ്‌വിന്നർ മെദ്‌വെദെവിന്റെ കളത്തിൽ വീണു. 3–-2.

പത്താം ഗെയിമിൽ നദാലിന്റെ സെർവ്‌. അവസാന സെർവീസ്‌ ഗെയിം. മെദ്‌വെദെവ്‌ ഒരു ഘട്ടത്തിൽ സെർവ്‌ ഭേദിക്കാൻ ഒരു പോയിന്റ്‌ അരികെയെത്തി. നദാൽ പിടിച്ചുനിന്നു.15–-30, 30–-40 എന്നീ ഘട്ടത്തിൽനിന്നും ഉയിർത്തു. ഒടുവിൽ നദാലിന്റെ സെർവ്‌ മെദ്‌വെദെവിന്റെ റാക്കറ്റിൽ തട്ടിത്തെറിച്ചതോടെ ആ പോരാട്ടം അവസാനിച്ചു. നദാൽ കളത്തിലേക്ക്‌ മലർന്നുവീണു.

മനംനിറച്ച്‌ മെദ്‌വെദെവ്‌
ന്യൂയോർക്ക്‌
ചൂടൻ പെരുമാറ്റമായിരുന്നു സെമിയിൽ മെദ്‌വെദെവിന്റേത്‌. കാണികൾക്ക്‌ ഇഷ്ടമായില്ല ആ പെരുമാറ്റം. നദാലിനെതിരെ ഫൈനലിന്‌ ഇറങ്ങുമ്പോൾ ചിലർ ഈ ഇരുപത്തിമൂന്നുകാരനെ കൂകിവിളിച്ചു. മെദ്‌വെദെവ്‌ പുഞ്ചിരിച്ചു. ശാന്തമായി നോക്കി.

മൂന്നാം സെറ്റിനുശേഷം ആരവം ഒന്നടങ്ങി. പിന്നെ ‘മെദ്‌വെദെവ്‌, മെദ്‌വെദെവ്‌’ വിളികളായിരുന്നു മുഴങ്ങിയത്‌. മനോഹരമായ കളികൊണ്ട്‌ ഈ റഷ്യക്കാരൻ ഹൃദയം കീഴടക്കി. എഴുന്നേറ്റുനിന്ന്‌ അവർ കൈയടിച്ചു.ആദ്യ ഗ്രാൻഡ്‌ സ്ലാം ഫൈനലായിരുന്നു ഇത്‌. നാലാം റാങ്കുകാരനാണ്‌ നിലവിൽ. പുരുഷ ടെന്നീസിൽ ഭാവിതാരമെന്നാണ്‌ വിശേഷണം.

ആ 20 നെക്കുറിച്ച്‌ ചിന്തിക്കുന്നില്ല
ന്യൂയോർക്ക്‌
പത്തൊമ്പത്‌ ഗ്രാൻഡ്‌ സ്ലാം കിരീടങ്ങളായി റാഫേൽ നദാലിന്‌. റോജർ ഫെഡററെക്കാൾ ഒരെണ്ണം മാത്രം കുറവ്‌.യുഎസ്‌ ഓപ്പണിൽ നാലാം കിരീടമാണ്‌ ഈ സ്‌പാനിഷുകാരൻ നേടിയത്‌. കളിമൺ കളത്തിലെ എതിരില്ലാ പേരാണ്‌. ഫ്രഞ്ച്‌ ഓപ്പണിൽ മാത്രമല്ല, ഏത്‌ കളത്തിലും പൊരുതും ഈ മുപ്പത്തിമൂന്നുകാരൻ. ഒരു ഘട്ടത്തിൽ ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്ന്‌ സംശയിച്ചിരുന്നു നദാൽപോലും. പരിക്കും മോശം ഫോമും ഒന്നര വർഷത്തോളം നദാലിനെ കളത്തിൽനിന്ന്‌ മാറ്റിനിർത്തിയിട്ടുണ്ട്‌. തിരിച്ചുവന്നു. പിന്നെ ഓരോന്നായി നേടിയെടുത്തു. ഈ വർഷത്തെ രണ്ടാം ഗ്രാൻഡ്‌ സ്ലാം കിരീടമാണിത്‌.

ആർതർ ആഷെ സ്‌റ്റേഡിയത്തിൽ കളികഴിഞ്ഞ ശേഷം നദാൽ കണ്ണീരൊഴുക്കി. അപൂർവമാണ്‌ ആ കാഴ്‌ച. ‘‘ഈ കിരീടം എന്റെ എല്ലാം ആണിന്ന്‌. ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങൾ. വികാരങ്ങൾ നിയന്ത്രിക്കാൻ നോക്കി. കഴിയുന്നില്ല. പൊട്ടിപ്പോകുന്നു. ജീവിതത്തിലെ മറക്കാനാകാത്ത എല്ലാ നിമിഷങ്ങളും മനസ്സിൽ നിറയുകയാണ്‌’’–- നദാൽ പറഞ്ഞു.

ഫെഡററെക്കാൾ അഞ്ച്‌ വയസ്സ്‌ ചെറുപ്പമാണ്‌ നദാൽ. 20 ഗ്രാൻഡ്‌ സ്ലാം കിരീടം തൊട്ടരികെയാണ്‌. എന്നാൽ അക്കാര്യത്തെക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നായിരുന്നു പ്രതികരണം. കളിക്കുന്നത്‌ സന്തോഷത്തിനാണ്‌. കിരീടം നേടുമ്പോൾ അത്‌ ഇരട്ടിയാകും. ഗ്രാൻഡ്‌ സ്ലാമിനെക്കാൾ വലുതാണ്‌ എനിക്ക്‌ ടെന്നീസ്‌–- നദാൽ വ്യകതമാക്കി. ഫെഡറർ, നൊവാക്‌ യൊകോവിച്ച് എന്നിവർക്കൊപ്പം കളിക്കാൻ കഴിഞ്ഞത്‌ മനോഹരമാണ്‌. ആകെ 83 എടിപി കിരീടങ്ങളായി നദാലിന്‌.2017 മുതൽ നദാൽ, യൊകോവിച്ച്‌, ഫെഡറർ എന്നിവരിലാണ്‌ ഗ്രാൻഡ്‌ സ്ലാം കിരീടങ്ങൾ.


പ്രധാന വാർത്തകൾ
 Top