15 November Friday
ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യത

ഇന്ന്‌ കടുക്കും; കളി ഖത്തറിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

ഖത്തറിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീം പരിശീലനത്തിൽ

ദോഹ
ഒമാനോട്‌ അവസാന നിമിഷം കീഴടങ്ങിയതിന്റെ നിരാശയുമായി ഇന്ത്യ ഇന്ന്‌ ഖത്തറിൽ. ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിലെ മത്സരത്തിനാണ്‌ ഇന്നിറങ്ങുക. ദോഹയിൽ ഇന്ത്യൻ സമയം രാത്രി 10ന്‌ കളി തുടങ്ങും.

ഖത്തറിനെതിരെ ഇറങ്ങുമ്പോൾ ആശങ്കകളാണ്‌ ഇഗർ സ്‌റ്റിമച്ചിന്റെ സംഘത്തിന്‌. മുന്നേറ്റക്കാരൻ സുനിൽ ഛേത്രി കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. ദോഹയിൽ പരിശീലനത്തിനിറങ്ങിയില്ല ഛേത്രി. പരിക്കാണെന്നാണ്‌ സംശയം. ഛേത്രി കളിച്ചില്ലെങ്കിൽ കനത്ത തിരിച്ചടിയാകും. ഒമാനെതിരെ ഗോളടിച്ചത്‌ ഈ മുന്നേറ്റക്കാരനാണ്‌.
ഒമാനോട്‌ അവസാന നിമിഷമാണ്‌ ഇന്ത്യ ഗോൾ വഴങ്ങിയത്‌. ഒരു ഗോളിന്‌ മുന്നിട്ടുനിന്ന ശേഷമായിരുന്നു ഈ തകർച്ച. 2023ലെ ഏഷ്യൻ കപ്പിനുള്ള യോഗ്യതാ പോരാട്ടം കൂടിയാണിത്‌.

ഖത്തർ കരുത്തരാണ്‌. റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ ഏറെ മുന്നിൽ. അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിന്‌ ഒരുക്കം ഗംഭീരമാക്കണം. യോഗ്യത ഉറപ്പാക്കിയ ഖത്തർ മത്സര പരിചയമാണ്‌ ലക്ഷ്യമിടുന്നത്‌.

ഒമാനെതിരെ തകർപ്പൻ കളി പുറത്തെടുത്ത മലയാളി താരം ആഷിക്ക്‌ കുരുണിയൻ ഖത്തറിനെതിരെയും ആദ്യ പതിനൊന്നിൽത്തന്നെ ഇറങ്ങും. സഹൽ അബ്‌ദുൾ സമദിനും അനസ്‌ എടത്തൊടികയ്‌ക്കും അവസരം കിട്ടിയിരുന്നില്ല. സഹൽ അവസാന നിമിഷം പകരക്കാരനായി ഇറങ്ങി.


പ്രധാന വാർത്തകൾ
 Top