20 September Friday
ഇന്ത്യൻ ടീമിൽ 12 മലയാളികൾ

ലോക ചാമ്പ്യൻഷിപ്‌: ദോഹയ്‌ക്ക്‌ 25 അംഗ ടീം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


ന്യൂഡൽഹി
ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 25 അത്‌ലീറ്റുകളാണ്‌ ടീമിൽ. ഇതിൽ 12 പേർ മലയാളിതാരങ്ങൾ. 27 മുതൽ ഒക്‌ടോബർ ആറുവരെയാണ്‌ മീറ്റ്‌.

പതിനാറു പുരുഷന്മാരും ഒമ്പത്‌ വനിതകളുമാണ്‌ ടീമിൽ. 4–-400 റിലേ ടീമുകൾ ഇരുവിഭാഗത്തിലും ഇടംനേടി.  ജാവ്‌ലിൻ ത്രോ താരം നീരജ്‌ ചോപ്ര ടീമിലില്ല. പൂർണമായും കായികക്ഷമത വീണ്ടെടുത്താലേ നീരജ്‌ ദോഹയിൽ മത്സരിക്കുകയുള്ളൂ. വനിതാ മാരത്തൺ താരം സുധാ സിങ്ങും ഇല്ല.  400 മീറ്റർ താരം ആരോക്യ രാജീവ്‌ പരിക്കു കാരണം പിന്മാറി. ദേശീയ സീനിയർ മീറ്റിനിടെ പരിക്കേറ്റ റിലേ താരം അലക്‌സ്‌ ആന്റണി ഇടംനേടി. 400 മീറ്ററിൽ അഞ്‌ജലീദേവിക്ക്‌ ട്രയൽസ്‌ നടത്തും. 1500ൽ ഏഷ്യൻ ചാമ്പ്യനായ പി യു ചിത്ര ടീമിലെത്തി. സ്‌പ്രിന്റർമാരായ ദ്യുതി ചന്ദ്‌, അർച്ചന സുശീന്ദ്രൻ,ഹൈജമ്പ്‌ താരം തേജസ്വിൻ ശങ്കർ എന്നിവർ പരിഗണനാ പട്ടികയിലുണ്ട്‌.


 

ഗുർബചൻ സിങ്‌ രൺധാവ തലവനായ സമിതിയാണ്‌ ടീമിനെ തെരഞ്ഞെടുത്തത്‌. ടീം: പുരുഷന്മാർ–-എം പി ജാബിർ (400 ഹർഡിൽസ്‌), ജിൻസൺ ജോൺസൺ (1500 മീ.), അവിനാഷ്‌ സാബ്‌ലെ (3000 മീറ്റർ സ്‌റ്റീപ്പിൾ ചേസ്‌), കെ ടി ഇർഫാൻ, ദേവേന്ദർ സിങ്‌ (20 കി.മീ നടത്തം), ടി ഗോപി (മാരത്തൺ), എം ശ്രീശങ്കർ (ലോങ്‌ ജമ്പ്‌), തജീന്ദർ സിങ്‌ പാൽ തൂർ, ശിവപാൽ സിങ്‌ (ജാവ്‌ലിൻ ത്രോ),  മുഹമ്മദ്‌ അനസ്‌, നിർമൽ ടോം നോഹ, അലക്‌സ്‌ ആന്റണി, അമോജ്‌ ജേക്കബ്‌, കെ എസ്‌ ജീവൻ, ധരുൺ അയ്യസാമി, ഹർഷ്‌ കുമാർ (4–-400, മിക്‌സസ്‌ റിലേ).

വനിതകൾ: പി യു ചിത്ര (1500 മീ.), അന്നു റാണി (ജാവ്‌ലിൻ ത്രോ), ഹിമാ ദാസ്‌, വി കെ വിസ്‌മയ, എം ആർ പൂവമ്മ, ജിസ്‌ന മാത്യു, വി രേവതി, വി ശുഭ, ആർ വിദ്യ (4–-400, മിക്‌സഡ്‌ റിലേ).
 


പ്രധാന വാർത്തകൾ
 Top