20 September Sunday

നൗകാമ്പിൽ മെസി മന്ത്രജാലം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


നൗകാമ്പ്‌
ലയണൽ മെസി നൗകാമ്പിൽ നിറഞ്ഞാടിയ രാത്രിയിൽ ബാഴ്സലോണ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ കടന്നു. രണ്ടാംപാദ പ്രീ ക്വാർട്ടറിൽ 3–-1നാണ്‌ ബാഴ്‌സ നാപോളിയെ വീഴ്‌ത്തിയത്‌. ആദ്യപാദം 1–-1ന്‌ അവസാനിച്ചിരുന്നു. ഇതോടെ 4–-2ന്റെ മുൻതൂക്കത്തോടെ ബാഴ്‌സ കടന്നു. 14ന്‌ ബയേൺ മ്യൂണിക്കുമായി ബാഴ്‌സ ക്വാർട്ടർ കളിക്കും.

ആദ്യപകുതിയിലായിരുന്നു കളിയിലെ നാല്‌ ഗോളും. കളിയുടെ ഏറ്റവും നല്ല നിമിഷങ്ങളും ഈ ഘട്ടത്തിലായിരുന്നു. കളിയുടെ ഇരുപത്തിമൂന്നാം മിനിറ്റിൽ അതിമനോഹര ഗോളിലൂടെ മെസി ബാഴ്‌സയ്‌ക്ക്‌ ക്വാർട്ടറിലേക്കുള്ള വാതിൽ തുറന്നിട്ടുകൊടുത്തു. നാപോളിയുടെ പ്രതിരോധഭിത്തിയെ തകർത്തായിരുന്നു ഈ അർജന്റീനക്കാരന്റെ മുന്നേറ്റം. ഇതിനിടെ ബോക്‌സിൽ വീണെങ്കിലും മെസി വിട്ടുകൊടുത്തില്ല. ആ ഇടങ്കാൽ നാപോളി ഗോൾ കീപ്പർ ഡേവിഡ്‌ ഒസ്‌പിനയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട്‌ പന്തിനെ വലയിലേക്ക്‌ തൊടുത്തു.

പ്രതിരോധക്കാരൻ ക്ലെമെന്റ്‌ ലാങ്‌ലെറ്റിലൂടെയായിരുന്നു ബാഴ്‌സയുടെ ആദ്യഗോൾ. പെനൽറ്റിയിലൂടെ ലൂയിസ്‌ സുവാരസ്‌ ബാഴ്‌സയുടെ പട്ടിക പൂർത്തിയാക്കി. മെസിയെ നാപോളി പ്രതിരോധക്കാരൻ കാലിദു കുലിബാലി വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. മെസി‌ വേദനയോടെ വീണെങ്കിലും പരിക്ക്‌ സാരമുള്ളതല്ലെന്നാണ്‌ സൂചന. തൊട്ടുമുമ്പ്‌ മെസി രണ്ടാമതും ലക്ഷ്യം കണ്ടത്‌ വാറിലൂടെ റദ്ദാക്കിയിരുന്നു. പന്ത്‌ സ്വീകരിക്കുമ്പോൾ കൈ തൊട്ടുവെന്ന്‌ ദൃശ്യങ്ങളിൽ തെളിഞ്ഞതിനെ തുടർന്നാണ്‌ ഗോൾ പിൻവലിച്ചത്‌. 

ആദ്യപകുതി അവസാനിക്കുംമുമ്പ്‌ ബാഴ്‌സ പെനൽറ്റി വഴങ്ങി. ഇവാൻ റാകിടിച്ച്‌ നാപോളി മുന്നേറ്റക്കാരൻ ഡ്രെയ്‌സ്‌ മെർട്ടെൻസിനെ ബോക്‌സിൽ വീഴ്‌ത്തി. ലോറെൻസോ ഇൻസിന്യെ കിക്കെടുത്തു. രണ്ടാംപകുതിയിൽ നാപോളി പന്തിൽ നിയന്ത്രണം നേടി. എന്നാൽ ബാഴ്‌സ പ്രതിരോധത്തിൽ കാര്യമായി ശ്രദ്ധിച്ചതോടെ നാപോളിക്ക്‌ വഴി കിട്ടിയില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top