24 October Thursday

ഇംഗ്ലണ്ടിൽ പണക്കിലുക്കം ; ഇംഗ്ലീഷ്‌ ക്ലബ്ബുകൾ ചെലവാക്കിയത്‌ 12,000 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019


ലണ്ടൻ
താരകൈമാറ്റ ജാലകം അടച്ചപ്പോൾ ഇംഗ്ലീഷ്‌ ക്ലബ്ബുകൾ ആകെ ചെലവാക്കിയത്‌ 12,056 കോടി രൂപ.  2017ലാണ്‌ ഇംഗ്ലീഷ്‌ ക്ലബ്ബുകൾ ഇതിനേക്കാൾ കൂടുതൽ തുക ചെലവാക്കിയത്‌. അന്ന്‌ 12,200 കോടി രൂപയാണ്‌ താരകൈമാറ്റ വിപണിയിലൊഴുകിയത്‌. കൈമാറ്റ ജാലകത്തിന്റെ അവസാനദിനം 1451 കോടി രൂപ മറിഞ്ഞു. 2009നുശേഷമുള്ള ഏറ്റവും കുറഞ്ഞ തുകയാണിത്‌. 18 കളിക്കാരെയാണ്‌ കരാറാക്കിയത്‌.

അഴ്‌സണലിൽനിന്ന്‌ അലെക്‌സ്‌ ഇവോബിയെ 290 കോടി രൂപയ്‌ക്ക്‌ എവർട്ടൺ സ്വന്തമാക്കിയതാണ്‌ അവസാന ദിനത്തിലെ ഏറ്റവും വലിയ കൈമാറ്റം. താരകൈമാറ്റ വിപണിയിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ പണമെറിഞ്ഞത്‌ അഴ്‌സണലാണ്‌. 1324 കോടി രൂപ മുടക്കി. 615 കോടി രൂപയ്‌ക്ക്‌ നിക്കോളാസ്‌ പെപെയെ കൊണ്ടുവന്നു. അവസാന ദിനം കീറൺ ടിയേണി, ഡേവിഡ്‌ ലൂയിസ്‌ എന്നിവരെയും അഴ്‌സണൽ കൂടാരത്തിലെത്തിച്ചു.

മാഞ്ചസ്‌റ്റർ സിറ്റിയാണ്‌ രണ്ടാമത്‌. 1282 കോടി രൂപ ചെലവഴിച്ചു. റോഡ്രി, ജൊയാവോ കാൻസെലൊ എന്നിവരാണ്‌ ഈ സീസണിൽ കരാറാക്കിയ പ്രധാന കളിക്കാർ.
ലെസ്‌റ്റർ സിറ്റി പ്രതിരോധക്കാരൻ ഹാരി മഗ്വയറിനെ 685 കോടി രൂപയ്‌ക്ക്‌ കൂടാരത്തിലെത്തിച്ച മാഞ്ചസ്‌റ്റർ യുണൈറ്റഡും വൻതുക മുടക്കി. ആകെ 1239 കോടി രൂപ.
ആസ്‌റ്റൺ വില്ല (1068 കോടി), എവർട്ടൺ (950 കോടി) ക്ലബ്ബുകളും താരകൈമാറ്റ വിപണിയിൽ പണമൊഴുക്കി. 

ഈ സീസൺ താരകൈമാറ്റ ജാലകത്തിൽ സ്‌പാനിഷ്‌ ലീഗ്‌ പ്രീമിയർ ലീഗിനെ മറികടക്കുമെന്നാണ്‌ സൂചന. സ്‌പാനിഷ്‌ ലീഗിൽ ഇതികം 9399 കോടി രൂപയുടെ കരാർ നടന്നു. സെപ്‌തംബർ രണ്ടിനാണ്‌  സ്‌പെയ്‌നിൽ ജാലകം അടയ്‌ക്കുന്നത്‌.

പിഎസ്‌ജി താരം നെയ്‌മർ ബാഴ്‌സലോണ, റയൽ മാഡ്രിഡ്‌ ടീമുകളിലൊന്നിലേക്കെന്ന്‌ അഭ്യൂഹങ്ങളുണ്ട്‌. കൈമാറ്റം നടന്നാൽ അത്‌ റെക്കോഡ്‌ തുകയായിരിക്കും. മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ വിങ്ങർ പോൾ പോഗ്‌ബയ്‌ക്കുള്ള ശ്രമം റയൽ പൂർണമായി അവസാനിപ്പിച്ചിട്ടില്ല.


പ്രധാന വാർത്തകൾ
 Top