23 March Saturday

ബിസിസിഐ: ഭരണഘടനയ്‌ക്ക്‌ അംഗീകാരം

എം അഖിൽUpdated: Friday Aug 10, 2018ന്യൂഡൽഹി
ബിസിസിഐയുടെ കരട് ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീംകോടതി അംഗീകാരം. ജസ്റ്റിസ് ലോധ സമിതി ശുപാർശയിലെ പ്രധാനവ്യവസ്ഥകളിൽ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചില ഇളവുകളും അനുവദിച്ചു. ലോധ സമിതിയുടെ നിർണായക ശുപാർശയായ 'ഒരു സംസ്ഥാനം, ഒരു വോട്ട്' വ്യവസ്ഥയിൽ കോടതി മാറ്റം വരുത്തി. മഹാരാഷ്ട്രയിലും ഗുജറാത്തിലും മൂന്നുവീതം ക്രിക്കറ്റ് അസോസിയേഷനുകൾക്ക് പൂർണഅംഗത്വം നൽകാമെന്ന് കോടതി ഉത്തരവിട്ടു. മഹാരാഷ്ട്ര, മുംബൈ, വിദർഭ, ഗുജറാത്ത്, സൗരാഷ്ട്ര, ബറോഡ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് പൂർണഅംഗത്വവും വോട്ടിങ് അവകാശവും നൽകാനാണ് തീരുമാനം. റെയിൽവേസ്, സർവീസസ്, അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റീസ് എന്നിവർക്കും പൂർണ അംഗത്വം നൽകും. നേരത്തെ ഇവരുടെ അംഗത്വം ജസ്റ്റിസ് ലോധസമിതി റദ്ദാക്കിയിരുന്നു.

ഒരുതവണ ഭാരവാഹിയായിരുന്നവർ വീണ്ടും മത്സരിക്കുന്നതിന് മൂന്നുവർഷം നിർബന്ധ ഇടവേളയെടുക്കണമെന്ന വ്യവസ്ഥയിലും കോടതി മാറ്റം വരുത്തി. ഒരു തസ്തികയിൽ പ്രവർത്തിച്ച ഭാരവാഹിക്ക് മറ്റൊരു തസ്തികയിലേക്ക് മത്സരിക്കാൻ നിർബന്ധ ഇടവേളയെടുക്കണമെന്ന വാദത്തിൽ ഔചിത്യമില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. അതേസമയം, ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനുകളിലോ തുടർച്ചയായി രണ്ട് പ്രാവശ്യം ഭാരവാഹിയായതിനുശേഷം വീണ്ടും മത്സരിക്കുമ്പോൾ നിർബന്ധിത ഇടവേള പാലിക്കണമെന്ന വ്യവസ്ഥ ബാധകമാക്കാമെന്നാണ് കോടതിനിലപാട്. 70 വയസ്സ് പിന്നിട്ടവരും മന്ത്രിമാരും പൊതുപദവികൾ വഹിക്കുന്നവരും ഭാരവാഹികളാകരുതെന്നത് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. സെലക്ഷൻ കമ്മിറ്റിയിൽ മൂന്നിനുപകരം അഞ്ച് സെലക്ടർമാരെ നിയമിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഏഴ് ടെസ്റ്റോ 30 ഒന്നാം ക്ലാസ് മത്സരങ്ങളോ കളിച്ചവരോ അല്ലെങ്കിൽ 10 ഏകദിനങ്ങളും 20 ഒന്നാംക്ലാസ് മത്സരങ്ങളും കളിച്ചവരേയൊ വേണം സെലക്ടർമാരാക്കാനെന്ന അമിക്കസ്ക്യൂറിയുടെ ശുപാർശ കോടതി അംഗീകരിച്ചു. നാലാഴ്ച്ചയ്ക്കുള്ളിൽ ഭേദഗതി ചെയ്ത ഭരണഘടന രജിസ്റ്റർ ചെയ്യാൻ തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രാർ ജനറലിനോട് കോടതി നിർദേശിച്ചു. സംസ്ഥാന അസോസിയേഷനുകൾ 30 ദിവസത്തിനുള്ളിൽ ഭരണഘടന അംഗീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉത്തരവ് അംഗീകരിച്ചില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും അസോസിയേഷനുകൾക്ക് കോടതി മുന്നറിയിപ്പ് നൽകി. ബിസിസിഐയുടെയും ക്രിക്കറ്റ് അസോസിയേഷനുകളുടെയും തുടർനടപടികൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുൻ സിഎജി വിനോദ് റായ് അധ്യക്ഷനായ അഡ്മിനിസ്ട്രേറ്റർമാരുടെ സമിതിയോട് കോടതി നിർദേശിച്ചിട്ടുണ്ട്.

2016 ജൂലൈ 18നാണ് ജസ്റ്റിസ് ലോധസമിതി ശുപാർശകൾ മുഴുവൻ അംഗീകരിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2017 ജനുവരിയിൽ ഉത്തരവ് നടപ്പാക്കാത്തതിന് ബിസിസിഐ ഭാരവാഹികളായ അനുരാഗ് താക്കൂറിനേയും അജയ്ഷിർക്കെയെയും കോടതി ഇടപെട്ട് പുറത്താക്കി. ഇന്ത്യൻ ക്രിക്കറ്റ് ഭരണരംഗത്ത് അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കാൻ ജസ്റ്റിസ് ലോധ സമിതി ശുപാർശകൾ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. 'ഒരു സംസ്ഥാനത്തിന് ഒരു വോട്ട്' എന്ന ശുപാർശ നടപ്പാക്കാൻ പ്രയാസമാണെന്ന് ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും തുടർച്ചയായി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ വ്യവസ്ഥയിൽ കോടതി മാറ്റംവരുത്തിയത് ബിസിസിഐയ്ക്ക് ആശ്വാസമായിട്ടുണ്ട്.

ഭരണഘടന കോടതി അംഗീകരിക്കുന്നതുവരെ തെരഞ്ഞെടുപ്പുകൾ നടത്തരുതെന്ന് സംസ്ഥാന അസോസിയേഷനുകളോട് കോടതി നിർദേശിച്ചിരുന്നു. ഭരണഘടന അംഗീകരിച്ചശേഷം അസോസിയേഷനുകൾക്ക് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് കോടതിയുടെ പുതിയ ഉത്തരവിൽ പറയുന്നത്.
 

പ്രധാന വാർത്തകൾ
 Top