25 March Monday

യൂറോപ്യൻ കളിത്തട്ടുണരുന്നു ; ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018


ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിന് വെള്ളിയാഴ്ച വിസൽ മുഴങ്ങുന്നതോടെ യൂറോപ്പിലെ പുൽമൈതാനങ്ങളിൽ കളിയാരവം വീണ്ടും ഉയരും. ലോകകപ്പിലെ മിന്നും താരങ്ങൾക്കായുള്ള വിലപേശലും ഊഹക്കച്ചവടവും ഏറെ കണ്ടശേഷമാണ് ടീമുകൾ അങ്കത്തിനിറങ്ങുന്നത്. താരവിപണി ചിലർക്ക് ചാകരയായപ്പോൾ മറ്റു ചിലർക്ക് കൈ പൊള്ളി. മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്റർസിറ്റിയും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും. യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ്ട്രാഫോഡിൽ വെള്ളിയാഴ്ച രാത്രി 12.30നാണ് മത്സരം.

പതിവുപോലെ മുൻനിരക്കാരായ ആറു ടീമുകൾ തമ്മിലാണ് കടുത്ത പോര്. ചാമ്പ്യൻപട്ടത്തിനും ആദ്യ നാലിലെത്താനും ഇവർ എല്ലാംമറന്നു പൊരുതും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് സാധ്യതയിൽ മുന്നിൽ. പുത്തൻ താരങ്ങളെ വാങ്ങിക്കൂട്ടിയ ലിവർപൂളിന് കരുത്തേറും. യുണൈറ്റഡും ടോട്ടനം ഹോട്ട്സ്പറും ചെൽസിയും കിരീടം നേടാൻ പോന്നവർ. ആഴ്സണൽ തിരിച്ചുവരാനുള്ള ശ്രമത്തിലും. എവർട്ടണും ലെസ്റ്ററും വെസ്റ്റ്ഹാം യുണൈറ്റഡും ഒരു കൈ നോക്കും. 
 

മാഞ്ചസ്റ്റർ സിറ്റി
പ്രീമിയർ ലീഗ് കിരീടം നിലനിർത്തുമെന്ന് എല്ലാവരും വിശ്വസിക്കുന്നു. നല്ല ഒത്തിണക്കത്തോടെ കളിക്കുന്ന ടീം സ്വന്തം മൈതാനത്തും എതിർതട്ടകത്തിലും ഒരുപോലെ കരുത്തർ. ഏതു പൊസിഷനിലും മികച്ച പകരക്കാർ. അടങ്ങാത്ത വിജയതൃഷ്ണ പ്രകടിപ്പിക്കുന്ന സംഘം ലീഗിലെ ഏത് എതിരാളിയെയും തകർക്കാൻ കരുത്തുള്ളവരാണ്. ബൽജിയത്തിന്റെ ലോകകപ്പിലെ സൂപ്പർതാരം കെവിൻ ഡിബ്രയ്ൻ ആണ് ടീമിലെ ഏററവും മികച്ച താരം.താരവിപണിയിൽ നഷ്ടങ്ങളൊന്നും ഉണ്ടായില്ല. ലെസ്റ്റർസിറ്റിയിൽനിന്ന് റിയാദ് മഹറെസ് വന്നത് മധ്യനിരയ്ക്ക് കരുത്താകും. പെപ് ഗർഡിയോള എന്ന പരിശീലകനാണ് സിറ്റിയുടെ മികച്ച പ്രകടനത്തിനു പ്രചോദനം.

മാഞ്ചസ്റ്റർ യുണൈറ്റഡ്
കിരീടപോരാട്ടത്തിൽ സിറ്റിക്ക് പ്രധാന ഭീഷണി. ചാമ്പ്യൻസ്ലീഗ് സ്ഥാനം ഉറപ്പായിരിക്കും. കഴിഞ്ഞതവണ സിറ്റിയെക്കാൾ 19 പോയിന്റ് പിറകിലായിരുന്നുവെങ്കിലും ഇത്തവണ കുടുതൽ മികച്ചപ്രകടനം കാഴ്ചവച്ചേക്കും. ഫ്രാൻസിനായി ലോകകപ്പിൽ പറന്നുകളിച്ച പോൾ പോഗ്ബെയാണ് പ്രധാനതാരം. ഫ്രാൻസിനായി കാഴ്ചവച്ച പ്രകടനം താരം തുടർന്നാൽ യുണൈറ്റഡിന് ഏറെ മുന്നേറാം.

പരിശീലകൻ ഹൊസെ മൊറീന്യോ കടുത്ത പ്രതിസന്ധിയിലാണ്. ഇത്തവണ ടീം തുടക്കത്തിൽ മങ്ങിയാൽ പരിശീലകന്റെ കസേര തെറിക്കും.

ടോട്ടനം ഹോട്ട്സ്പർ
കഴിഞ്ഞതവണത്തെ അതേ നില തന്നെയാണ് പ്രതീക്ഷിക്കുന്നത്. കിരീടത്തിനു പ്രാപ്തിയുള്ള സംഘമായി ഇപ്പോഴും മാറിയിട്ടില്ല. ആദ്യനാലിൽ കടന്ന് ചാമ്പ്യൻസ്ലീഗിന് യോഗ്യത ഉറപ്പാക്കുകയാകും മുഖ്യ ലക്ഷ്യം.

ഡെന്മാർക്കിന്റെ ലോകകപ്പ് താരം ക്രിസ്റ്റ്യൻ എറിക്സൺ ആയിരിക്കും പ്രധാനതാരം. മധ്യനിരയിൽ എറിക്സൺ തുടരുന്ന ഫോമിലാകും ടീമിന്റെ പ്രതീക്ഷകൾ. കഴിഞ്ഞവർഷം 30 ഗോളടിച്ചുകൂട്ടിയ ഹാരി കെയ്ൻ ഇത്തവണയും ഗോളടിച്ചുകൂട്ടുമെന്ന് കണക്കുകൂട്ടുന്നു. പരിശീലകൻ മൗറീസിയോ പൊച്ചട്ടീനൊയുടെ തന്ത്രങ്ങൾക്ക് ടോട്ടനമിന്റെ മുന്നേറ്റത്തിൽ കാര്യമായ പങ്കുണ്ട്.

ലിവർപൂൾ
താരവിപണിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ടീം ആ കരുത്ത് കളത്തിൽ പ്രകടമാക്കിയാൽ കിരീടം അകലെയല്ല. തുടർച്ചയായ രണ്ട് നാലാം സ്ഥാനങ്ങളിൽനിന്നുള്ള മുന്നേറ്റം ലക്ഷ്യമിട്ടുതന്നെയാണ് ഇത്തവണത്തെ ഒരുക്കങ്ങൾ. അപ്രതീക്ഷിത തോൽവി വഴങ്ങുന്നതാണ് തിരിച്ചടി.

ലീഗിലെ ടോപ് സ്കോറർ പദവി സ്വന്തമായ മുഹമ്മദ് സലായാണ് തുറുപ്പ്ശീട്ട്. ലോകകപ്പിൽ മങ്ങിയതിന്റെ ക്ഷീണം മാറ്റാനുള്ള തയ്യാറെടുപ്പിലാകും താരം. വൻ വിലകൊടുത്തു വാങ്ങിയ ഗോൾകീപ്പർ അലിസൺ ചേരുമ്പോൾ പിൻനിരയിലെ പിഴവുകൾ പരിഹരിക്കപ്പെടും. പ്രീമിയർ ലീഗിൽ ഏറ്റവും ആസ്വദിച്ച് കളി പറഞ്ഞുകൊടുക്കുന്ന പരിശീലകനാണ് ജർമൻകാരനായ യുർഗൻ ക്ലോപ്പ്.

ചെൽസി
കഴിഞ്ഞ നാലുവർഷത്തിനിടെ മുന്നു തവണ ചാമ്പ്യൻസ്ലീഗ് യോഗ്യത കൈവിട്ട ചെൽസി പ്രതിസന്ധിയിലാണ്. വില്ലിയനെ നഷ്ടമാകാത്തത് ആശ്വാസം. ഏദൻ ഹസാർഡ് തന്നെ ടീമിന്റെ പ്രധാന താരം. പുതുതായി വാങ്ങിയ ജോർഗിന്യോയും  കരുത്തുപകരും. മൗറീസിയോ സാറി എന്ന പരിശീലകൻ ടീമുമായി ഇണങ്ങുമോയെന്ന് ഈ സീസണിൽ അറിയാം.

അഴ്‌സണൽ
അവസാന നാലിൽ എത്തുക എന്നതാണ് പ്രധാന ലക്ഷ്യം. പുതിയ പരിശീലകനുകീഴിൽ കിരീടമെന്ന സ്വപ്നം അതിമോഹമായിരിക്കും. താരവിപണിയിൽ വലിയ നേട്ടമുണ്ടാക്കാത്തതും പ്രതീക്ഷകളുടെ കനം കുറയ്ക്കുന്നു. 
 

പ്രധാന വാർത്തകൾ
 Top