25 March Monday

ചൈനയുടെ ലക്ഷ്യം ഒളിമ്പിക്സ്

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018


ഏഷ്യയുടെ കായിക മഹാമേളയ്ക്ക് സെപ്തംബർ രണ്ടിന് തിരശ്ശീല വീഴുമ്പോൾ മെഡൽനിലയിൽ മുന്നിൽ ആരാകുമെന്നതിൽ സംശയമില്ല. ലോക കായികരംഗത്ത് ഒന്നാംപദവിയിലേക്ക് കുതിക്കുന്ന ചൈനയ്ക്ക് ഏഷ്യയിൽ ഒത്ത എതിരാളികളില്ല. തൊട്ടുപിന്നിലുള്ള രാജ്യം നേടുന്നതിന്റെ ഇരട്ടി സ്വർണവുമായാണ് ചൈന പതിവായി ചാമ്പ്യൻപട്ടം ചൂടുക. കഴിഞ്ഞ ഒമ്പത് ഏഷ്യൻ ഗെയിംസിലായി ചൈന ആധിപത്യം തുടരുന്നു.

ഇഞ്ചിയോണിൽ 151 സ്വർണമടക്കം 342 മെഡലുമായി ചൈന ഒന്നാമതെത്തി. 79 സ്വർണമുള്ള ദക്ഷിണ കൊറിയായിരുന്നു രണ്ടാമത്. ഗെയിംസ് ചരിത്രത്തിൽ 1342 സ്വർണം നേടിയ ചൈനയ്ക്ക് ആകെ 2895 മെഡലുകളുടെ സമ്പാദ്യമുണ്ട്. 1974‐ലാണ് ചൈന ഗെയിംസിൽ ആദ്യമായി മത്സരിക്കുന്നത്. 1982‐ൽ ഒന്നാമതെത്തിയ ചൈന പിന്നീട് ആ പദവി വിട്ടുകൊടുത്തില്ല. 1952 മുതൽ എട്ടുതവണ ജപ്പാനായിരുന്നു ജേതാക്കൾ.

ഷൂട്ടിങ്ങിലാണ് ചൈന ഏറ്റവും കൂടുതൽ സ്വർണം നേടിയിട്ടുള്ളത്. 197. അത്ലറ്റിക്സിൽ 168 ഉം നീന്തലിൽ 146 ഉം സ്വർണമുണ്ട്. ജിംനാസ്റ്റിക്സ് (132), ഭാരോദ്വഹനം (81), ഡൈവിങ്(70), ടേബിൾ ടെന്നീസ് (61), വുഷു (53) എന്നീ ഇനങ്ങളിലും ആധിപത്യം വ്യക്തം. കഴിഞ്ഞതവണ ഷൂട്ടിങ്ങിലായിരുന്നു കൂടുതൽ സ്വർണം. 27 സ്വർണം നേടി. നീന്തലിൽ 22 ഉം അത്ലറ്റിക്സിൽ 15 ഉം ആയിരുന്നു സ്വർണനേട്ടം.

ആദ്യകാല ഗെയിംസുകളിൽ തങ്ങളുടെ പരമ്പരാഗത ഇനങ്ങളിൽ മാത്രമായിരുന്നു ചൈന മികവ് കാണിച്ചത്. ഇപ്പോൾ അത്ലറ്റിക്സ് ഉൾപ്പെടെ മുഴുവൻ ഇനങ്ങളിലും ചൈനയ്ക്ക് ലോകനിലവാരമുള്ള താരങ്ങളുണ്ട്.

ഇന്തോനേഷ്യയിൽ മത്സരം നടക്കുന്ന 40 ഇനങ്ങളിൽ 38ലും ചൈന മത്സരിക്കുന്നു. ഭാരോദ്വഹനത്തിലും കബഡിയിലുമാണ് അസാന്നിധ്യം. ഉത്തേജകമരുന്നിന്റെപേരിൽ അന്താരാഷ്ട്ര ഭാരോദ്വഹന ഫെഡറേഷന്റെ ഒരുവർഷത്തെ വിലക്കുള്ളതിനാലാണ് ആ ഇനത്തിൽ മത്സരിക്കാനാകാത്തത്.

ഇത്തവണ ഏഷ്യൻ ഗെയിംസിനെ വലിയൊരു പരീക്ഷണവേദി യായാണ് ചൈന കാണുന്നത്. 845 അംഗ ടീമിനെ നിശ്ചയിച്ചു കഴിഞ്ഞു. ഗെയിംസിലെ ഏറ്റവും വലിയ സംഘമാകും ഇത്. 631 പേർ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസുകളിൽ പങ്കെടുക്കാത്തവരാണ്. 2020 ടോക്യോ ഒളിമ്പിക്സിനുള്ള സന്നാഹം എന്ന നിലയിലാണ് ഏഷ്യൻ ഗെയിംസിനെ കാണുന്നത്.  13 മുതൽ 61 വയസ്സുവരെയുള്ളവർ ടീമിലുണ്ട്. ഗെയിംസിൽ സ്വർണം നേടിയിട്ടുള്ള 19 പേർ ടീമിലുണ്ട്. അഞ്ചു സ്വർണം കൈയിലുള്ള നീന്തൽതാരം സൺ യങ്ങാണ് ഇക്കൂട്ടത്തിൽ മുന്നിൽ. നാലു സ്വർണവുമായി ബാഡ്മിന്റൺ താരം ലിൻ ഡാനുണ്ട്. അത്ലറ്റിക്സിൽ 10 സെക്കന്റിൽ താഴെ 100 മീറ്റർ പൂർത്തിയാക്കിയ മൂന്ന് ഏഷ്യക്കാരിൽ രണ്ടുപേരും ഉൾപ്പെടുന്ന പുരുഷ സ്പ്രിന്റ് ടീം ശക്തം. സു ബിങ്ഷ്യൻ 9.91 സെക്കന്റിലും സീ ഷെൻയെ 9.97 സെക്കന്റിലും 100 പിന്നിട്ടവരാണ്. 110 മീറ്ററിൽ വനിതാതാരം വി യോങ്ലിക്ക് സ്വർണം ഉറപ്പ്.

പ്രധാന വാർത്തകൾ
 Top