01 December Tuesday

സുവാരസ്‌, ബാഴ്‌സ ; എസ്‌പാന്യോൾ തരംതാഴ്‌ത്തപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

ബാഴ്‌സലോണ
കറ്റാലൻമാരുടെ പോരാട്ടത്തിൽ എസ്‌പാന്യോളിനെ ഒരു ഗോളിന്‌ മറികടന്ന്‌ ബാഴ്‌സലോണ സ്‌പാനിഷ്‌ ലീഗിൽ കിരീടപ്രതീക്ഷ നിലനിർത്തി. ലൂയിസ്‌ സുവാരസ്‌ ആണ്‌ ബാഴ്‌സയുടെ വിജയഗോൾ നേടിയത്‌. 27 വർഷത്തിനുശേഷം എസ്‌പാന്യോൾ രണ്ടാം ഡിവിഷനിലേക്ക്‌ തരംതാഴ്‌ത്തപ്പെട്ടു.രണ്ടാമതുള്ള ബാഴ്‌സയ്‌ക്ക്‌ 35 കളിയിൽ 76 പോയിന്റാണ്‌. 34 കളിയിൽ 77 പോയിന്റുമായി റയൽ മാഡ്രിഡാണ്‌ ഒന്നാമത്‌. റയൽ ഇന്ന്‌ ഡിപൊർടീവോ അലാവെസിനെ നേരിടും. ജയിച്ചാൽ കിരീടത്തോട്‌ കൂടുതൽ അടുക്കും.

അവസാന കളിയിൽ വിയ്യാറയലിനെ തകർത്തുവിട്ട ബാഴ്‌സയ്‌ക്ക്‌ സ്വന്തം തട്ടകമായ നൗകാമ്പിൽ എസ്‌പാന്യോളിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രണ്ടാംപകുതിയിൽ യുവതാരം അൻസു ഫാറ്റി ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. പിന്നാലെ എസ്‌പാന്യോളും പത്തുപേരായി ചുരുങ്ങി. പോൾ ലൊസാനോയ്‌ക്കും ചുവപ്പുകാർഡ്‌ കിട്ടി.

ആദ്യപകുതിയിൽ എസ്‌പാന്യോൾ മികച്ചുകളിച്ചു. ബാഴ്‌സ ഗോൾ കീപ്പർ മാർക്‌ ആന്ദ്രേ ടെർ സ്‌റ്റെയ്‌ഗന്റെ ഇടപെടലുകളാണ്‌ ബാഴ്‌സയെ കാത്തത്‌. ഒരുതവണ ഡിഡാക്‌ വിലയുടെ ഷോട്ട്‌ പോസ്‌റ്റിൽ തട്ടിത്തെറിച്ചു. കളിയുടെ 56–-ാം മിനിറ്റിലാണ്‌ സുവാരസ്‌ ഗോളടിച്ചത്‌. ഒൺടോയ്‌ൻ ഗ്രീസ്‌മാനും ലയണൽ മെസിയും ചേർന്നാണ്‌ വഴിയൊരുക്കിയത്‌. പിന്നാലെ മെസിയുടെ ഷോട്ട്‌ എസ്‌പാന്യോൾ ഗോൾ കീപ്പർ ദ്യേഗോ ലോപെസ്‌ തട്ടിയകറ്റി.എസ്‌പാന്യോൾ സ്‌പെയ്‌നിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ്‌. 1994നുശേഷം എസ്‌പാന്യോൾ തരംതാഴ്‌ത്തപ്പെട്ടിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top