27 May Wednesday

ശൂന്യം നിശബ്‌ദം ; ലോകമെമ്പാടുമുള്ള കളിക്കളങ്ങളിൽ വൈറസിന്റെ ഭീതി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 10, 2020

ടൂറിനിലെ അടച്ചിട്ട അലയൻസ്‌ സ്‌റ്റേഡിയത്തിൽ ഇന്ററിനെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന യുവന്റസ്‌ താരങ്ങൾ

റോം/ലണ്ടൻ > കോവിഡ്‌ -19 കളിക്കളങ്ങളെ നിശബ്‌ദമാക്കുന്നു. ഫുട്‌ബോൾ, ടെന്നീസ്‌, അത്‌ലറ്റിക്‌സ്‌ തുടങ്ങിയ എല്ലാ കളങ്ങളിലും ആരവം നിലച്ചു. ടൂർണമെന്റുകളിൽ ചിലത്‌ റദ്ദാക്കി, മാറ്റിവച്ചു. ഫുട്‌ബോൾ മത്സരങ്ങൾ മിക്കതും അടച്ചിട്ട സ്‌റ്റേഡിയത്തിലായി.കോവിഡ്‌–-19 ഭീതിയിൽ അവസാനമായി റദ്ദാക്കിയത്‌ ഇന്ത്യൻ വെൽസ്‌ ടെന്നീസ്‌ ചാമ്പ്യൻഷിപ്പാണ്‌. ഗ്രാൻഡ്‌ സ്ലാം ടൂർണമെന്റുകൾ കഴിഞ്ഞാൽ ടെന്നീസ്‌ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഇന്ത്യൻ വെൽസ്‌. പ്രമുഖ താരങ്ങളെല്ലാം ഇറങ്ങാറുണ്ട്‌. ഈയാഴ്‌ചയായിരുന്നു തുടങ്ങേണ്ടിയിരുന്നത്‌. കാലിഫോർണിയയാണ്‌ വേദി.  റാഫേൽ നദാൽ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ കാലിഫോർണിയയിലെത്തിക്കഴിഞ്ഞു. വർഷംതോറും 40,000ൽ കൂടുതൽ കാണികളാണ്‌ ഇന്ത്യൻ വെൽസ്‌ കാണാൻ വരാറുള്ളത്‌. കഴിഞ്ഞ ദിവസമാണ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്‌.

കോവിഡ്‌–-19 രോഗം രൂക്ഷമായ ഇറ്റലിയിൽ കായികമത്സരങ്ങളെല്ലാം പ്രതിസന്ധിയിലായി. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിലെ എല്ലാ മത്സരങ്ങളും അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടത്താൻ തീരുമാനമായി. ഇറ്റാലിയൻ കപ്പിലെ മത്സരങ്ങൾ മാറ്റിവച്ചു.

ലീഗിൽ മുമ്പ്‌ മാറ്റിവച്ച യുവന്റസ്‌–-ഇന്റർ മിലാൻ മത്സരം അടച്ചിട്ട സ്‌റ്റേഡിയത്തിലാണ്‌ നടന്നത്‌. യുവന്റസ്‌ രണ്ട്‌ ഗോളിന്‌ ജയിച്ച കളി ആരവമില്ലാതെ അവസാനിച്ചു. പൗലോ ഡിബാലയും ആരോൺ റാംസിയും ഗോളടിച്ചു. കളിക്കാർ, മാധ്യമ പ്രവർത്തകർ, പരിശീലകർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ മാത്രമായിരുന്നു ടൂറിനിലെ സ്‌റ്റേഡിയത്തിൽ. ഏപ്രിൽ മൂന്നുവരെ അടച്ചിട്ട സ്‌റ്റേഡിയത്തിൽ കളി തുടരാനാണ്‌ സാധ്യത. പരിശോധനകൾക്കുശേഷമാണ്‌ അകത്തേക്ക്‌ കടത്തിവിട്ടത്‌.
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലും കാണികളെ ഒഴിവാക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്‌. രണ്ടാഴ്‌ചത്തേക്ക്‌ സ്‌റ്റേഡിയം അടച്ചിട്ട്‌ കളിക്കാനാണ്‌ സാധ്യത. അന്തിമ തീരുമാനമായിട്ടില്ല.

ചാമ്പ്യൻസ്‌ ലീഗിൽ പിഎസ്‌ജി–-ബൊറൂസിയ ഡോർട്ട്‌മുണ്ട്‌, ബാഴ്‌സലോണ–-നാപോളി പ്രീ ക്വാർട്ടർ രണ്ടാംപാദ മത്സരങ്ങൾ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കും നടക്കുക. ഫ്രാൻസിൽ കോവിഡ്‌–-19 സ്ഥിരീകരിച്ചു. പിഎസ്‌ജിയുടെ ലീഗ്‌ മത്സരങ്ങൾ മാറ്റിയിരുന്നു. ബാഴ്‌സയുടെ തട്ടകമായ നൗകാമ്പിലാണ്‌ രണ്ടാംപാദ പ്രീ ക്വാർട്ടർ. മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കരുതെന്ന്‌ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യത്തിൽ ബാഴ്‌സയുമായി ചർച്ച നടത്തും. നാപോളിയുടെ മൈതാനത്തായിരുന്നു ആദ്യപാദം. അന്ന്‌ ഇറ്റലിയിൽ ഇത്ര രൂക്ഷമായിരുന്നില്ല സ്ഥിതിഗതികൾ. ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങളും പ്രതിസന്ധിയിലായി. ഏഷ്യയിലെ യോഗ്യതാ മത്സരങ്ങളെല്ലാം മാറ്റിവച്ചതായി ഫിഫ അറിയിച്ചു. ഇന്ത്യ–-ഖത്തർ മത്സരവും ഇതിലുൾപ്പെടും.

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ വമ്പന്മാരായ ലിവർപൂളിന്റെ ചൈനീസ്‌ പര്യടനമൊഴിവാക്കി. പ്രീ സീസൺ മത്സരങ്ങളെല്ലാം ഇംഗ്ലണ്ടിൽവച്ചുതന്നെ നടക്കും. ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയും കളിക്കാർ തമ്മിലുള്ള ഹസ്‌തദാനമൊഴിവാക്കി. ഇംഗ്ലണ്ട്‌ താരങ്ങൾ മുമ്പുതന്നെ ഈ തീരുമാനമെടുത്തതാണ്‌. ജൂണിലെ യൂറോ കപ്പ്‌ ഫുട്‌ബോൾ ഉൾപ്പെടെ സംശയത്തിലാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top