25 May Monday

ഒളിമ്പിക്‌സ്‌ ദീപവും കാണാനാകില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Mar 10, 2020


ടോക്യോ
കോവിഡ്‌ 19 പടരുന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്‌സിന്റെ പ്രതിസന്ധി തുടരുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ ഒളിമ്പിക്‌സ്‌ റദ്ദാക്കുകയോ മാറ്റിവയ്‌ക്കുകയോ ചെയ്യും. മേയിൽ രാജ്യാന്തര ഒളിമ്പിക്‌ സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ്‌ സൂചന.ദീപശിഖ തെളിക്കൽ അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടത്താനാണ്‌ ഒടുവിലത്തെ തീരുമാനം. ഇതിന്റെ റിഹേഴ്‌സൽ കാണാനും ആളുകളെ കയറ്റില്ല. ഇക്കുറി ഗ്രീസിലും ജപ്പാനിലും മാത്രമായിരുന്നു ദീപശിഖാപ്രയാണം.

ദീപശിഖ 12ന്‌ ഗ്രീക്കിലെ ഒളിമ്പിയയിലാണ്‌ തെളിയിക്കേണ്ടത്‌. ചടങ്ങിലേക്ക്‌ കാണികളെ കയറ്റേണ്ടതില്ലെന്നാണ്‌ ഗ്രീക്ക്‌ ഒളിമ്പിക്‌ സമിതിയുടെ തീരുമാനം. ഏഴുദിവസത്തെ പര്യടനത്തിനുശേഷം 19ന്‌ ജപ്പാൻ പ്രതിനിധികൾക്ക്‌ ദീപശിഖ കൈമാറും.

ദീപശിഖ തെളിയിക്കുന്ന ചടങ്ങിൽ 150 ജപ്പാൻ പ്രതിനിധികളെ മാത്രമാണ്‌ ക്ഷണിച്ചിരിക്കുന്നത്‌. മാധ്യമങ്ങളുടെ പങ്കാളിത്തവും കുറച്ചിട്ടുണ്ട്‌. അതിനിടെ, ചടങ്ങുകൾ മേയിലേക്ക്‌ മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌.

ഗ്രീസിൽ കോവിഡ്‌–- 19 ഏറെ നാശം വിതച്ച പ്രദേശമാണ്‌ ഒളിമ്പിയ. ഗ്രീക്ക്‌ സർക്കാർ രണ്ടാഴ്‌ചത്തേക്ക്‌ രാജ്യത്തെ എല്ലാ കായികപരിപാടികളും വിലക്കി.


പ്രധാന വാർത്തകൾ
 Top