19 January Sunday

ദേശീയ സ‌്കൂൾ മീറ്റ‌്: ജൂനിയറിൽ തിരിച്ചടി, ഇനി സീനിയർ

ആർ രഞ‌്ജിത‌്Updated: Monday Dec 9, 2019

പെൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ കേരളത്തിന്റെ സാന്ദ്രമോൾ സാബു, പ്രതിഭ വർഗീസ‌്‌, സ‌്റ്റെഫി സാറ കോശി, എൽഗ തോമസ‌് എന്നിവർ ഫോട്ടോ: പി ദിലീപ്‌കുമാർ

സംഗ്രൂർ(പഞ്ചാബ‌്) > ദേശീയ സ‌്കൂൾ അത‌്‌ലറ്റിക‌് മീറ്റിൽ ജൂനിയർ, സബ‌്ജൂനിയർ മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരളം നാലാം സ്ഥാനത്ത‌്. മൂന്ന‌ു സ്വർണവും നാല‌ു വെള്ളിയും അഞ്ച‌് വെങ്കലവുമടക്കം കേരളത്തിന‌് 97 പോയിന്റുണ്ട‌്.  ഹരിയാന 124 പോയിന്റുമായി മുന്നിലാണ‌്. 11 മുതൽ 15 വരെ നടക്കുന്ന സീനിയർ മത്സരങ്ങൾക്കുശേഷം  ഓവറോൾ ജേതാക്കളെ നിശ‌്ചയിക്കും.

വാർ ഹീറോസ‌് സ‌്റ്റേഡിയത്തിൽ കേരളം തിരിച്ചടി നേരിട്ടു. 58 ഇനങ്ങളിൽ ഒറ്റ വ്യക്തിഗത സ്വർണം പോലുമില്ല. കിട്ടിയ മൂന്ന‌ു സ്വർണവും റിലേയിലാണ‌്. ഹരിയാന 95 പോയിന്റോടെ ജൂനിയർ വിഭാഗത്തിൽ മുന്നിലെത്തി. കേരളം 83 പോയിന്റോടെ രണ്ടാമതായി. ജൂനിയർ ചാമ്പ്യൻഷിപ്‌ കഴിഞ്ഞതവണ വേറിട്ട‌ു നടത്തിയപ്പോൾ അഞ്ച‌ു സ്വർണവും എട്ട‌ു വെള്ളിയും അഞ്ച‌് വെങ്കലവുമടക്കം 115 പോയിന്റോടെയാണ‌് കേരളം കിരീടം നേടിയത‌്. ഹരിയാന തമിഴ‌്നാടിനു പിന്നിൽ മൂന്നാമതായിരുന്നു. ഇത്തവണ പെൺകുട്ടികളുടെ വിഭാഗത്തിലെ തിരിച്ചടിയാണ‌് വിനയായത‌്.  പെൺകുട്ടികൾ 45.5 പോയിന്റോടെ മൂന്നാമതായി. ആൺകുട്ടികൾക്കും മൂന്നാം സ്ഥാനമാണ‌് (45.5). മഹാരാഷ‌്ട്ര പെൺകുട്ടികൾ ജൂനിയറിലും സബ‌്ജൂനിയറിലും കുതിപ്പ‌് നടത്തി.

സബ‌്ജൂനിയറിൽ കേരളത്തിന‌് രണ്ട‌ു വെങ്കലം മാത്രമാണ‌് കിട്ടിയത‌്. അവസാന ദിവസം കേരളത്തിന‌് രണ്ട‌ു സ്വർണവും രണ്ട‌് വെങ്കലവും ലഭിച്ചു. ജൂനിയർ ആൺകുട്ടികളും പെൺകുട്ടികളും 4x400 മീറ്റർ റിലേയിൽ ഒന്നാമതെത്തി. ഷൈജു പ്രകാശ‌്, ജോയൽ പനച്ചിക്കൽ, ജെൻസൺ റോണി, എസ‌് അക്ഷയ‌് എന്നിവർ 3:21.62 സെക്കൻഡിൽ സ്വർണമണിഞ്ഞു. സാന്ദ്രമോൾ സാബു, സ‌്റ്റെഫി സാറ കോശി, എൽഗ തോമസ‌്, പ്രതിഭ വർഗീസ‌്‌ എന്നിവർ 3:50.64 സെക്കൻഡിൽ സ്വർണം നേടി.

ഹൈജമ്പിൽ ബി ഭരത‌് രാജ‌് 1.90 മീറ്റർ ചാടി വെങ്കലം കരസ്ഥമാക്കി. 110 മീറ്റർ ഹർഡിൽസിൽ വി മുഹമ്മദ‌്ഹനാൻ 14.2 സെക്കൻഡിൽ മൂന്നാമതെത്തി. ഒന്നാമതെത്തിയ ഹരിയാനയുടെ മോഹിത‌് 14.02 സെക്കൻഡിൽ റെക്കോഡിട്ടു. അവസാനദിവസം ആറെണ്ണമടക്കം മീറ്റിൽ 18 റെക്കോഡുകൾ പിറന്നു. കേരളത്തിന്റെ സീനിയർ ടീം ഇന്നെത്തും. ഓവറോൾ കിരീടത്തിനായുള്ള പോരാട്ടത്തിൽ കേരളം ഹരിയാനയേക്കാൾ 27 പോയിന്റ‌് പിറകിലാണ‌്.


പ്രധാന വാർത്തകൾ
 Top