19 November Tuesday

‘പന്തിന്റെ സമ്മർദമകറ്റൂ’

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഋഷഭ്‌ പന്ത്‌


രാജ്‌കോട്ട്‌
ഒരു വിക്കറ്റ്‌ കീപ്പർക്ക്‌ ആത്മവിശ്വാസത്തോടെ കളിക്കാൻ കഴിയണമെങ്കിൽ വിക്കറ്റിനു പിന്നിൽ കൃത്യത കാട്ടണമെന്ന്‌ മുൻ ശ്രീലങ്കൻ ക്യാപ്‌റ്റൻ കുമാർ സംഗക്കാര. ഇന്ത്യൻ വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്തിന്റെ പിഴവുകളെ പരാമർശിക്കവെയായിരുന്നു സംഗക്കാരയുടെ പ്രതികരണം.ബംഗ്ലാദേശുമായുള്ള രണ്ടാം ട്വന്റി–-20യിൽ പന്തിന്റെ അബദ്ധം വിമർശത്തിന്‌ ഇടയാക്കിയിരുന്നു. ബംഗ്ലാ ബാറ്റ്‌സ്‌മാൻ ലിട്ടൺ ദാസിനെ സ്‌റ്റമ്പ്‌ ചെയ്യുന്നതിലാണ്‌ പന്തിന്‌ പിഴവുപറ്റിയത്‌. പന്ത്‌ പിടിക്കുമ്പോൾ കൈയുറ വിക്കറ്റിനു മുന്നിൽവന്നു. അമ്പയർ തീരുമാനം മാറ്റി ലിട്ടണെ തിരിച്ചുവിളിക്കുകയായിരുന്നു. ആ പന്ത്‌ നോബോളുമായി. ആറാം ഓവറിൽ യുശ്‌വേന്ദ്ര ചഹാലിന്റെ പന്തിലായിരുന്നു ഈ അബദ്ധം. പിന്നീട്‌ റണ്ണൗട്ടിലൂടെ പന്ത്‌ ലിട്ടണെ മടക്കി.

ആദ്യമത്സരത്തിൽ തെറ്റായ റിവ്യൂവിന്‌ ക്യാപ്‌റ്റൻ രോഹിത്‌ ശർമയെ പ്രേരിപ്പിക്കുകയും ചെയ്‌തിരുന്നു. ‘സ്‌റ്റമ്പിനു പിന്നിലെ കാര്യങ്ങൾ വൃത്തിയായി ചെയ്യാനായാൽ ഒരു വിക്കറ്റ്‌ കീപ്പർക്ക്‌ ആത്മവിശ്വാസം കിട്ടും. റിവ്യൂ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ക്യാപ്‌റ്റനെ സഹായിക്കാനുമാകും. സ്വന്തം ദൗർബല്യങ്ങളെ തിരിച്ചറിയുകയാണ്‌ മുഖ്യം. അത്‌ തിരുത്താനുള്ള ശ്രമങ്ങൾ നടത്തണം. അല്ലെങ്കിൽ അമിതമായ സമ്മർദത്തിൽ അടിപ്പെടും. പന്തിന്റെ ബാറ്റിങ്‌വരെ പ്രശ്‌നത്തിലായിട്ടുണ്ട്‌. ആരെങ്കിലും ഒരാൾ പന്തിനോട്‌ കൃത്യമായി സംസാരിച്ച്‌ സമ്മർദമകറ്റണം. എങ്കിൽ മാത്രമേ ധൈര്യത്തോടെ ബാറ്റ്‌ വീശാൻ കഴിയുകയുള്ളൂ–- സംഗക്കാര പറഞ്ഞു.


പ്രധാന വാർത്തകൾ
 Top