20 February Wednesday

ഉദിച്ചു ഒസാക്ക

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

യുഎസ്‌ ഒാപ്പൺ കിരീടവുമായി ഒസാക്ക


ന്യൂയോർക്ക്
ആർതർ ആഷെ സ്റ്റേഡിയത്തിലെ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഗ്രാൻഡ് സ്ലാം കിരീടത്തിന് പുതിയ അവകാശി പിറന്നു. നവോമ ഒസാക്കയെന്ന ജപ്പാൻതാരം യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യനായി. സെറീന വില്യംസിന്റെ കണ്ണീർവീണ, വിവാദം നിറഞ്ഞ മത്സരത്തിലാണ് ഒസാക്ക ചരിത്രമെഴുതിയത്. 79 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ഈ ഇരുപതുകാരി സെറീനയെ തോൽപ്പിച്ചു (6‐2, 6‐4). ജപ്പാന്റെ ആദ്യ ഗ്രാൻഡ് സ്ലാം ചാമ്പ്യനാണ് ഒസാക്ക.

സെറീനയായിരുന്നു ചെറുപ്പത്തിൽ ഒസാക്കയുടെ മാതൃക. തന്റെ പ്രിയതാരത്തെ കീഴടക്കി ഒസാക്കയ്ക്ക് ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടാനും കഴിഞ്ഞു. പക്ഷേ, ചരിത്രനിമിഷത്തിൽ ആഹ്ലാദത്തിന് പകരം കണ്ണീരായിരുന്നു ഒസാക്കയ്ക്ക്. അമ്പയറെ ശകാരിച്ചതിന് സെറീനയ്ക്ക് പെനൽറ്റി വിധിച്ചതും അതുണ്ടാക്കിയ വിവാദങ്ങളുമായിരുന്നു കളത്തിൽ നിറഞ്ഞത്. അതിനിടെ ഒസാക്കയുടെ പോരാട്ടം മങ്ങിപ്പോയി.

കളത്തിൽ സ്ഥിരതയുടെ പര്യായമായിരുന്നു ഒസാക്ക. മറുവശത്തുള്ള വിവാദങ്ങളെ അവർ ശ്രദ്ധിച്ചതേയില്ല. കൂവലുകൾ കേട്ട് തളർന്നില്ല. ലോകത്തിലെ ഏറ്റവും മികച്ചതാരമാണ് തന്റെ മുന്നിലുള്ളതെന്ന് കരുതി ഭയപ്പെട്ടില്ല. ഈ ടൂർണമെന്റിലുടനീളം ഒസാക്ക കാണിച്ചത് അസാമാന്യ ആത്മവിശ്വാസമായിരുന്നു. അതിസമ്മർദത്തിൽ സെറീന പിഴവുകളിൽനിന്ന് പിഴവുകളിലേക്ക് നീങ്ങിയപ്പോൾ ഒസാക്ക ശാന്തമായി റാക്കറ്റ് വീശി. 31‐ാം ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കുന്ന സെറീനയെക്കാൾ ആദ്യ ഫൈനലിനെത്തിയ ഒസാക്ക സ്ഥിരത കാട്ടി.

സെറീനയോട് ബഹുമാനത്തോടെയാണ് ഒസാക്ക തുടങ്ങിയത്. ആദ്യ ഗെയിം സെറീന നേടി. പിന്നീട് കണ്ടത് ഒസാക്കയുടെ ഉശിരൻ പ്രകടനമായിരുന്നു. രണ്ട് എയ്സുകൾ തൊടുത്ത് സെറീനയെ ഞെട്ടിച്ചു. സെറീന നാല് ഇരട്ടപ്പിഴവുകൾ വരുത്തി. 21 അനാവശ്യ പിഴവുകളും. സെർവുകൾ നിയന്ത്രിക്കാൻ അമേരിക്കക്കാരി പാടുപെട്ടു.

രണ്ടാം സെറ്റിൽ സെറീന തിരിച്ചുവരവിന് ശ്രമിച്ചു. നാലാം ഗെയിം ഭേദിച്ച് മുന്നിലെത്തി. എന്നാൽ അമ്പയർ കാർലോസ് റാമോസുമായുള്ള കലഹത്തിൽ സെറീനയ്ക്ക് കളിയുടെ നിയന്ത്രണം നഷ്ടമായി. 3‐1ൽനിന്ന് 3‐4ലേക്ക് സെറീന തകർന്നു. അനാവശ്യ പിഴവുകൾ വരുത്തി. സെറീനയെ കാണികൾ ഒന്നടങ്കം പ്രോത്സാഹിപ്പിച്ചു. ആൾക്കൂട്ടത്തിൽ വഴിതെറ്റിയ കുട്ടിയെപ്പോലെ ഒസാക്ക ചുറ്റുംനോക്കി. കൈയടികൾ കുറവായിരുന്നു ഒസാക്കയ്ക്ക്. പോയിന്റ് നേടുമ്പോൾപോലും അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞില്ല. അമ്പയറെ ശകാരിച്ചതിന് സെറീനയ്ക്ക് പെനൽറ്റി ശിക്ഷ കിട്ടിയപ്പോൾ ഒരു ഗെയിം ഒസാക്കയുടെ പേരിലായി. ഒടുവിൽ തകർപ്പനൊരു വിന്നറിലൂടെ ഒസാക്ക ജയംനേടി.

മത്സരശേഷം ഒസാക്കയെ സെറീന ആഞ്ഞുപുണർന്നു. പുരസ്കാര വേളയിൽ കൂവലുകൾ നിറഞ്ഞു. ഒസാക്കയുടെ മുഖംമങ്ങി.  മറ്റൊരു ചാമ്പ്യനും അനുഭവിക്കാത്ത മോശം നിമിങ്ങളിലൂടെയാണ് അവർ കടന്നുപോയത്. കൂവലുകൾ അതിരുകവിഞ്ഞപ്പോൾ സെറീന മൈക്ക് കൈയിലെടുത്തു. 'ശാന്തരാകണം. ഒസാക്ക അർഹിച്ച ജയമാണ്. അവളെ അഭിനന്ദിക്കാനുള്ള നിമിഷമാണിത്. ഒസാക്ക ആഘോഷിക്കട്ടെ' സെറീനയുടെ വാക്കുകൾ കേട്ടപാടെ കാണികൾ ഒസാക്കയ്ക്കുവേണ്ടി കൈയടിച്ചു.

വിജയശേഷം ഒസാക്ക കണ്ണീരോടെ അമ്മയെ പുണർന്നു. പുരസ്കാരവേളയിലും ഒസാക്കയുടേത് സന്തോഷത്തിന്റെ കണ്ണീരായിരുന്നില്ല. 'എല്ലാവരും സെറീനയ്ക്കുവേണ്ടി ആഘോഷിക്കാൻ വന്നവരാണ്. ഞാൻ മാപ്പ് ചോദിക്കുന്നു. സെറീനയുമായി കളിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. മത്സരം കഴിഞ്ഞപ്പോൾ സെറീന എന്നെ കെട്ടിപ്പുണർന്നു. ഞാനൊരു കുഞ്ഞിനെപ്പോലെയായി അപ്പോൾ'.
 


 Top