03 August Monday

ക്രിക്കറ്റ്‌ കാലമായി; 116 ദിവസത്തിനുശേഷം കളമുണർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

വർണവിവേചനത്തിനെതിരെ കളിക്കാർ കളത്തിൽ മുട്ടുകുത്തി, മുഷ്‌ടി ചുരുട്ടി പ്രതിഷേധിച്ചപ്പോൾ


സതാംപ്‌ടൺ
ഇരമ്പമില്ല, കളിക്ക്‌ ഇമ്പവും. കോവിഡ്‌ കാലത്തെ ക്രിക്കറ്റിന്റെ തുടക്കത്തെ കുറിക്കാനുള്ളത്‌ ശൂന്യത, മൗനം, മഴ ഇവയൊക്കെയാണ്‌. 116 ദിവസത്തെ ഇടവേളയ്‌ക്കുശേഷം ക്രിക്കറ്റ്‌ അതിന്റെ ജന്മഗേഹത്തിൽ പുനർജനിക്കുമ്പോൾ കൂട്ടായി മഴയെത്തി. സതാംപ്‌ടണിലെ റോസ്‌ബൗൾ സ്‌റ്റേഡിയത്തിൽ ഇംഗ്ലണ്ടും വെസ്‌റ്റിൻഡീസും മുഖാമുഖം. മൂന്ന്‌ ടെസ്‌റ്റ്‌ പരമ്പരയിലെ ആദ്യ ടെസ്‌റ്റിന്റെ ആദ്യ ദിവസം പലപ്പോഴും മഴ അപഹരിച്ചു.

രണ്ടരമണിക്കൂർ വൈകിയാണ്‌ കളി തുടങ്ങിയത്‌. ടോസ്‌ കിട്ടിയത്‌ ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സിന്‌. കോവിഡ്‌ നിയന്ത്രണത്തിന്റെ ചിട്ടവട്ടങ്ങൾ ഒരുനിമിഷം മറന്ന്‌ സ്‌റ്റോക്‌സ്‌ വിൻഡീസ്‌ ക്യാപ്‌റ്റൻ ജാസൻ ഹോൾഡറുടെ കൈ പിടിക്കാൻ ശ്രമിച്ചത്‌ ചിരിപടർത്തി. ആദ്യം ബാറ്റ്‌ ചെയ്യാൻ ഇംഗ്ലണ്ടിന്റെ തീരുമാനം.
കളിക്കളത്തിൽ ഒരു മിനിറ്റുനീണ്ട പ്രതിഷേധവും മൗനവും. വർണവിവേചനത്തിനെതിരെ കളിക്കാരും അമ്പയർമാരും മുട്ടുകുത്തി മുഷ്‌ടി ചുരുട്ടി. ഒപ്പം കോവിഡ്‌ ദുരന്തത്തിൽ പെട്ടവരെയും അന്തരിച്ച വിൻഡീസ്‌ ഇതിഹാസം എവർട്ടൻ വീക്‌സിനെയും ഓർത്തു.

എല്ലാം തയ്യാർ. ആരാധകരെ ത്രസിപ്പിച്ച സ്‌റ്റേഡിയം ആളൊഴിഞ്ഞ്‌ മരവിച്ചുകിടന്നു. പക്ഷേ ദുരന്തകാലത്തും ക്രിക്കറ്റ്‌ പുനർജനി തേടുന്നു. പുതിയ പന്തുമായി വിൻഡീസ്‌ പേസർ കെമർ റോച്ച്‌. ക്രീസിൽ ഓപ്പണർമാരായി ഡൊമിനിക്‌ സിബ്‌ലേയും റോറി ബേൺസും. ആദ്യ പന്ത്‌ വിസ്‌മയിപ്പിച്ചില്ലെങ്കിലും റോച്ചിന്റെ നാലാം പന്ത്‌ അപകട സൈറൺ മുഴക്കി. ബേൺസിനെതിരെ എൽബിഡബ്ലിയു അപ്പീൽ. നോട്ടൗട്ടെന്ന്‌ അമ്പയർ. വിൻഡീസ്‌ റിവ്യൂ നൽകി. ഇംഗ്ലണ്ട്‌ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു. അമ്പയേഴ്‌സ്‌ കാൾ. റണ്ണില്ലാതെ ആദ്യ ഓവർ.

ഷാനൻ ഗബ്രിയേലിന്റെ അടുത്ത ഓവർ വിൻഡീസിന്‌ വിക്കറ്റ്‌ സമ്മാനിച്ചു. നാലാം പന്തിൽ സിബ്‌ലേക്ക്‌ പിഴച്ചു. പന്ത്‌ വിക്കറ്റിന്‌ മുകളിലൂടെ പോയെന്ന്‌ കരുതി ബാറ്റ്‌ ഉയർത്തിയില്ല. ഫലം വിക്കറ്റ്‌ തകർന്നു. പകരക്കാരനായി ജോ ഡെൻലി വന്നു. പിന്നാലെ മഴയും. പത്ത്‌ മിനിറ്റിനുശേഷം കളി പുനരാരംഭിച്ചു. എന്നാൽ 4.1 ഓവറായപ്പോൾ വീണ്ടും മഴ. ഇംഗ്ലണ്ട്‌ ഒരു വിക്കറ്റ്‌ നഷ്‌ടത്തിൽ മൂന്ന്‌ റൺ. ബേൺസ്‌ 2, ഡെൻലി 1.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top