11 December Wednesday

കോപയിൽ ബ്രസീൽ വിരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019


സാവോപോളോ
ഒടുവിൽ മാരക്കാന ഉണർന്നു. നിരാശകളുടെ തുടർച്ചകൾക്കുശേഷം, ലോക വേദികളിലെ അപമാനകരമായ നിമിഷങ്ങൾക്കുശേഷം മാരക്കാനയിൽ ആരവങ്ങളുയർന്നു. ബ്രസീൽ തിരിച്ചെത്തി. കോപയിലെ സുവർണ കിരീടത്തിൽ ഗബ്രിയേൽ ജെസ്യൂസും കൂട്ടരും മുത്തമിട്ടു.

കോപ അമേരിക്ക ഫൈനലിൽ പൊരുതിക്കളിച്ച പെറുവിനെ 3–-1ന‌് തോൽപ്പിച്ചാണ‌് ബ്രസീൽ കിരീടമുയർത്തിയത‌്. മൂന്ന‌ുവർഷം മുമ്പ‌്  ബ്രസീലിനെ ഗ്രൂപ്പ‌് ഘട്ടത്തിൽ പുറത്താക്കിയ പെറു. മാരക്കാനയിൽ ബ്രസീൽ ആ മുറിവുണക്കി. 2007നുശേഷം കോപയിലെ ആദ്യ കിരീടമാണ‌് ബ്രസീലിന‌്. ആകെ ഒമ്പതാം കിരീടം.
ഒരു ഗോളടിച്ചും മറ്റൊന്നിന‌് വഴിയൊരുക്കിയും ജെസ്യൂസ‌് മാരക്കാനയിൽ നിറഞ്ഞു. 70–-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ‌് കിട്ടി പുറത്തുപോയി, ചവിട്ടുപടിയിൽ ഇരുന്ന‌് പൊട്ടിക്കരഞ്ഞ‌് ജെസ്യൂസ‌്. വിജയനിമിഷത്തിൽ എല്ലാം മറന്ന‌് വീണ്ടും കരഞ്ഞു ഈ ഇരുപത്തിരണ്ടുകാരൻ. എവർട്ടണും റിച്ചാർലിസണും ഗോളടിച്ചു. ആർതറും ഡാനി ആൽവേസും റോബർട്ട‌് ഫിർമിനോയും ഉൾപ്പെട്ട നിര ഹൃദയംകൊണ്ട‌് പന്ത‌ുതട്ടി. നെയ‌്മറുടെ അസാന്നിധ്യം അവരറിഞ്ഞില്ല. ആ ആഘോഷരാവിൽ കാഴ‌്ചക്കാരനായി നെയ‌്മറുമുണ്ടായിരുന്നു.

ലോകവേദിയിലേക്കുള്ള തിരിച്ചുവരവാണ‌് ബ്രസീലിന‌്. 2014 ലോകകപ്പിൽ ജർമനിയോടേറ്റ 7–-1ന്റെ തോൽവിയിൽ വെന്തുരുകയായിരുന്നു. തിരിച്ചുവരവുകൾ പലതും പാതിയിൽനിന്നു. 2015ൽ കോപയിൽ, 2016ല കോപ ശതാബ‌്ദി ടൂർണമെന്റിൽ, ഒടുവിൽ 2018 ലോകകപ്പിൽ. തലകുനിച്ച‌് മടങ്ങി. 2016ലെ ഒളിമ്പിക‌്സ‌് സ്വർണം മാത്രമായിരുന്നു ആശ്വാസം.

ഇക്കുറി ഫൈനൽവരെ ഒരു ഗോൾപോലും വഴങ്ങിയില്ല. സെമിയിൽ ലയണൽ മെസിയുടെ അർജന്റീനയെ ടിറ്റെയുടെ സംഘം കീഴടക്കി. മുന്നേറ്റത്തിൽ ജെസ്യൂസും ഫിർമിനോയും എവർട്ടണും നിറഞ്ഞു. നെയ‌്മർക്ക‌് പകരക്കാരനായിവന്ന എവർട്ടൺ പെട്ടെന്ന‌് കളംപിടിച്ചു.  2018 ലോകകപ്പിൽ ഒരു ഗോൾ പോലും നേടാനാകാതെ കളംവിട്ട ജെസ്യൂസ‌്, മാരക്കാനയിൽ ഓരോ നീക്കത്തിലും സ‌്ഫോടനമുണ്ടാക്കി. ആൽവേസ‌് ഒത്ത നായകനായി. ബ്രസീൽ ടീമിന്റെ വീര്യമായിരുന്നു ഈ മുപ്പത്താറുകാരൻ. മധ്യനിരയിൽ ആർതറിന്റെ മിന്നൽപ്പിണരുകൾ. പ്രതിരോധം തിയാഗോ സിൽവയുടെ കൈയിൽ ഭദ്രമായി. ഗോൾവലയ‌്ക്ക‌ു മുന്നിൽ അലിസൺ വൻമതിലായി ഉയർന്നു. വർഷങ്ങൾക്കുശേഷം ബ്രസീൽ അതിന്റെ പൂർണതയ‌്ക്കരികിലെത്തി പ്രഭാവം ചൊരിഞ്ഞു.

പെറു ബ്രസീലിനെ പരീക്ഷിച്ചതാണ‌്. ആദ്യ ഘട്ടത്തിൽ അഞ്ച‌് ഗോളിന‌് തോറ്റതിന്റെ പതർച്ചയൊന്നും പൗലോ ഗുറൈറോയുടെ സംഘത്തിനുണ്ടായിരുന്നില്ല. സമ്മർദമുണ്ടാക്കി മുന്നേറുക എന്നതായിരുന്നു തന്ത്രം. എന്നാൽ, ഏറെനേരം ബ്രസീലിന്റെ കളിയൊഴുക്കിനെ നിയന്ത്രിക്കാൻ പെറുവിന‌് കഴിഞ്ഞില്ല. 20 മിനിറ്റിനുള്ളിൽ ബ്രസീൽ ലക്ഷ്യം കണ്ടു. വലതുവശത്ത‌്  പെറുതാരം ലൂയിസ‌് അഡ്വിങ്കുലയെ നിഷ‌്പ്രഭനാക്കി ജെസ്യൂസ‌് പന്ത‌് പിടിച്ചെടുത്തു. മിന്നുന്നൊരു ക്രോസ‌് വലയ‌്ക്ക‌് മുന്നിലേക്ക‌്. ഇടതുവശത്ത‌ുനിന്ന‌് കുതിച്ചെത്തിയ എവർട്ടണെ പെറു പ്രതിരോധം ശ്രദ്ധിച്ചില്ല. സ്കോർ 1‐0. കളി ബ്രസീലിന്റെ നിയന്ത്രണത്തിലായി. ഇതിനിടെ തിയാഗോ സിൽവയുടെ കൈയിൽ പന്ത‌് തട്ടിയതിന‌് ബ്രസീൽ പെനൽറ്റി വഴങ്ങി. ഗുറൈറോ കിക്കെടുത്തു ( 1–-1).  ബ്രസീൽ വിട്ടുകൊടുത്തില്ല. ആർതറുടെ മിന്നൽക്കുതിപ്പ‌്. ജെസ്യൂസ‌് അതേറ്റുവാങ്ങി. പന്ത‌് വലതൊട്ടു (2‐1).ഇടവേളയ‌്ക്കുശേഷം ജെസ്യൂസ‌് രണ്ടാം മഞ്ഞക്കാർഡ‌് വാങ്ങി കണ്ണീരോടെ കളംവിട്ടു. പകരക്കാരനായെത്തിയ റിച്ചാലിസൺ പെനൽറ്റിയിലൂടെ ബ്രസീലിന്റെ ജയമുറപ്പാക്കി (3‐1).


പ്രധാന വാർത്തകൾ
 Top