25 May Saturday

ലോകകപ്പല്ല, ഇനി ‘‘യൂറോകപ്പ്’’

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

ഈ ലോകകപ്പിൽ ഇനി യൂറോപ്പ് മാത്രം. ബ്രസീലും ഉറുഗ്വേയും ക്വാർട്ടറിൽ മടങ്ങി. ഇതോടെ തുടർച്ചയായ നാലാം കിരീടം യൂറോപ്പ് ഉറപ്പിച്ചു. പരമ്പരാഗത ശക്തികൾക്കു പകരം പുതിയ മുഖങ്ങളാണ് കടന്നുവരുന്നത്. യൂറോപ്യൻ ഫുട്ബോളിന് ആഴവും പരപ്പും ഏറുന്നു.

ലോകകപ്പിന്റെ തുടക്കം യൂറോപ്പിന് 14 പ്രതിനിധികൾ ഉണ്ടായിരുന്നു. 44 ശതമാനം. പ്രീക്വാർട്ടറിൽ 10 ആയി (62 ശതമാനം). ക്വാർട്ടറിൽ ആറ് ടീം യൂറോപ്പിൽനിന്നും രണ്ട് ലാറ്റിനമേരിക്കയിൽനിന്നും. യൂറോപ്പിന്റെ പ്രാതിനിധ്യം 75 ശതമാനം. ബൽജിയം, ഫ്രാൻസ്, ക്രൊയേഷ്യ, ഇംഗ്ലണ്ട് എന്നിവർ സെമിയിൽ എത്തിയതോടെ 100 ശതമാനം യൂറോപ്പായി. 1930 ലെ കന്നി ലോകകപ്പിനു ശേഷം ആദ്യമായാണ് ജർമനിയോ ബ്രസീലോ ഇല്ലാത്ത സെമിഫൈനൽ എന്ന പ്രത്യേകതയുമുണ്ട്.

ലോകകപ്പിൽ യൂറോപ്യൻ ആധിപത്യം തുടങ്ങിയിട്ട് വർഷങ്ങളായി. 1990, 1994 വർഷങ്ങളിൽ ക്വാർട്ടറിൽ ഏഴും യൂറോപ്യൻ ടീമുകളായിരുന്നു. 1998ലും 2006ലും അവസാന എട്ടിൽ ആറുപേരുണ്ടായി. 1982ൽ സെമിയിലെ നാല് ടീമും യൂറോപ്പിൽനിന്നായിരുന്നു. പിന്നീട് അഞ്ചു ലോകകപ്പുകൾ കഴിഞ്ഞ് 2006ലാണ് പൂർണ യൂറോപ്യൻ സെമിഫൈനലുകൾ നടന്നത്. 1982നുശേഷം നടന്ന ലോകകപ്പ് സെമിഫൈനലുകളിൽ പങ്കെടുത്ത 40 ടീമിൽ 31ഉം യൂറോപ്പിൽനിന്നാണ്. തെക്കേ അമേരിക്കയിൽനിന്ന് എട്ടും. ദക്ഷിണ കൊറിയയിലൂടെ ഏഷ്യ ഒരുതവണ സെമി കളിച്ചു. ആഫ്രിക്ക ഒരിക്കൽപ്പോലുമില്ല.

യൂറോപ്പിന്റെ സമ്പൂർണാധിപത്യത്തിന്  ഏറ്റവും പ്രധാന കാരണം സാമ്പത്തികമാണ്. ഫുട്ബോൾ യൂറോപ്പിന് പണത്തിന്റെ കളിയാണ്. യൂറോപ്യൻ ക്ലബ്ബുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് കളിക്കാരെ കൊണ്ടുവന്ന് കൂടുതൽ പണമുണ്ടാക്കുകയും വിപണി മൂല്യം ഉയർത്തുകയും ചെയ്യുന്നു. ഈ കുടിയേറ്റം ഫുട്ബോൾ വളർച്ചയിൽ നിർണായകമായി. കളിക്കാനും ജീവിക്കാനും മികച്ച സൗകര്യങ്ങൾ നൽകുന്ന യൂറോപ്യൻ ക്ലബ്ബുകളിൽ ചേരാൻ മറ്റു മേഖലകളിൽനിന്നുള്ള കളിക്കാർക്ക് വലിയ താൽപ്പര്യമാണ്. രാഷ്ട്രീയ പ്രതിസന്ധികളും പട്ടാളഭരണവും സാമ്പത്തികമാന്ദ്യവും ലാറ്റിനമേരിക്കയെ വരിഞ്ഞപ്പോൾ അവിടങ്ങളിലെ കളിക്കാർ യൂറോപ്യൻ കളിക്കളങ്ങളിൽ ഭാഗ്യംതേടിയിറങ്ങി. ഇവർ യൂറോപ്പിന്റെ കളിനിലവാരം ഉയർത്തി.

പണ്ട് മുതിർന്ന താരങ്ങൾക്കായാണ് യൂറോപ്പ് മറ്റു ഭൂഖണ്ഡങ്ങളിൽ വലവീശിയത്. ഇന്ന് മിടുക്കരായ കുട്ടികളെ കൊണ്ടുവന്ന് അവരുടെ അക്കാദമികളിൽനിന്ന് പ്രതിഭാശാലികളാക്കി വിരിയിച്ചെടുക്കുന്നു. നേരത്തെ ലാറ്റിനമേരിക്കയിൽനിന്നാണ് കളിക്കാരെ കൊണ്ടുവന്നത്. പിന്നീട് ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കുമെല്ലാം  യൂറോപ്യൻ ഫുട്ബോൾ ഏജന്റുമാരെത്തി. ഈ ലോകകപ്പിൽ കളിച്ച 736 കളിക്കാരിൽ 544 പേരും യൂറോപ്പിൽ ക്ലബ് ഫുട്ബോൾ കളിക്കുന്നവരാണ്.

യൂത്ത് ഫുട്ബോളിന് യൂറോപ്പ് നൽകുന്ന പ്രാധാന്യം അവരുടെ കുതിപ്പിന് ഏറെ സഹായിക്കുന്നു. മിക്ക യൂറോപ്യൻ ടീമിനും മികച്ച രണ്ടാംനിരയുണ്ട്. ഫിഫയുടെ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പുകളിൽ യൂറോപ്പിന്റെ സമ്പൂർണാധിപത്യമാണ്. ഇന്ത്യയിൽ നടന്ന ലോക അണ്ടർ 17 ഫുട്ബോളിൽ ഇംഗ്ലണ്ടിനായിരുന്നു കിരീടം. സ്പെയ്ൻ രണ്ടാമതും. ജർമനിയും സ്പെയ്നും  ലോകഫുട്ബോളിൽ ജ്വലിച്ചുയർന്നത് മികച്ച അക്കാദമികളുടെയും ആസൂത്രണത്തിന്റെയും ബലത്തിലാണ്.

കളി ജയിക്കുകയെന്ന ഒറ്റലക്ഷ്യത്തിൽ ഊന്നിയുള്ള തന്ത്രങ്ങൾ നടപ്പാക്കുന്നതിൽ യൂറോപ്പ് ഏറെ മുന്നിലാണ്. കളത്തിൽ ചാണക്യതന്ത്രങ്ങൾ അവതരിപ്പിച്ച് നേട്ടങ്ങളുണ്ടാക്കാൻ ആധുനിക സാങ്കേതികവിദ്യകളും മറ്റും അതിനായി ഫലപ്രദമായി ഉപയോഗിക്കുന്നു. കളിയിലെ പുതിയ സങ്കേതങ്ങളെക്കുറിച്ച് അവർ വിപുലമായ പഠനം നടത്തുന്നു. പരിശീലനത്തിലും കളിയിലും ഉപയോഗിക്കാൻ പുതിയ രീതികൾ ഇതിലൂടെ കണ്ടെത്തുന്നു.

ഫുട്ബോളിനെ യൂറോപ്പ് ശാസ്ത്രീയമാക്കി. ഗോളിയും പ്രതിരോധവും മധ്യനിരയും മുന്നേറ്റവും ഒരു പോലെ പ്രധാനമാണെന്ന് അവർ കാണിച്ചുകൊടുത്തു. മാനുവൽ നോയെ, ഡേവിഡ് ഡെഗെയ, തിബൗ കുർട്ടോ,ജോർദാൻ പിക്‌ഫോർഡ്‌, ഡാനിയേൽ സുബാസിച്ച്‌ തുടങ്ങി ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരെല്ലാം യൂറോപ്പിൽനിന്നാണ്. പ്രതിരോധം കൂടുതൽ ആഴമുള്ളതാക്കി. അതിലൂടെ കളി ജയിച്ചു. തടയാനും തൊടുക്കാനും ഒരുപോലെ കഴിയുന്ന മധ്യനിരയാണ് കളിയുടെ മർമമെന്ന തത്വം ഉറപ്പിച്ചു. സെന്റർ ഫോർവേഡ് എന്നത് മിക്ക യൂറോപ്യൻ ടീമിലും ഉറപ്പായ സ്ഥാനമാണ്. റോബർട്ട് ലെവൻഡോവ്സ്കി, മരിയോ മാൻഡ്സുകിച്, ദ്യേഗോ കോസ്റ്റ, റെമേലു ലുക്കാക്കു എന്നിവർ ഉദാഹരണം.

റഷ്യയിൽ യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാരായ ജർമനി, സ്പെയ്ൻ, പേർച്ചുഗൽ തുടങ്ങിയവർ നേരത്തെ മടങ്ങിയിട്ടും യൂറോപ്പിന്റെ ആധിപത്യം മുന്നോട്ടുതന്നെ. സ്വീഡൻ, ക്രൊയേഷ്യ, റഷ്യ തുടങ്ങിയ ടീമുകൾ അതിശയിപ്പിച്ചു. ഐസ്ലൻഡ്, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ് എന്നിവർ നാളെയുടെ വാഗ്ദാനങ്ങളെന്നു തെളിയിച്ചു.

പ്രധാന വാർത്തകൾ
 Top