20 April Saturday

ക്രൊയേഷ്യ = മോഡ്രിച്ച്

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

സോച്ചി

റഷ്യക്കെതിരായ മത്സരശേഷം ക്രൊയേഷ്യൻ കോച്ച് സ്ലാട്കോ ഡാലിച്ച് ഇങ്ങനെ പറഞ്ഞു‐ "ഇതൊരു മനോഹരമായ കളിയായിരുന്നില്ല, യുദ്ധമായിരുന്നു; സെമിയിലേക്ക് മുന്നേറാനുള്ള പോരാട്ടം. ഞങ്ങൾ ഏറെ ഭാഗ്യമുള്ളവരാണ്''. ഡാലിച്ച് പറഞ്ഞ ഭാഗ്യം ലൂക്കാ മോഡ്രിച്ചാണ്. മധ്യനിരയിലെ ഈ മാന്ത്രികൻ ഇല്ലെങ്കിൽ ക്രൊയേഷ്യയില്ല. റഷ്യയുടെ കിടയറ്റ കളി ക്രൊയേഷ്യയെ വിറപ്പിച്ചപ്പോൾ മോഡ്രിച്ച് രക്ഷകനായി. നോക്കൗട്ടിനുശേഷം മങ്ങിപ്പോയ ക്രൊയേഷ്യൻനിരയിൽ അടങ്ങാത്ത ഊർജപ്രവാഹമാണ് ഈ മുപ്പത്തിരണ്ടുകാരൻ.

മോഡ്രിച്ചിന്റെ മിന്നലാട്ടത്തിനിടയിലും ക്രൊയേഷ്യ ടീമെന്ന രീതിയിൽ പിന്നോട്ടിറങ്ങുകയാണ്. മുൻനിരതാരങ്ങൾ തിളങ്ങുന്നില്ല. റഷ്യക്കെതിരെ ഡാലിച്ചിന്റെ തന്ത്രങ്ങളും തിരിച്ചടി നൽകി. മോഡ്രിച്ചിനെ പിന്നിലേക്ക് ഇറക്കിയാണ് ഡാലിച്ച് കളിപ്പിച്ചത്. കളംനിറഞ്ഞെങ്കിലും അവസാനഘട്ടത്തിൽ റഷ്യൻഗോൾമേഖലയിൽ മോഡ്രിച്ചിന്റെ സാന്നിധ്യം കുറഞ്ഞു. മറ്റ് കളിക്കാരുടെ പിന്തുണ കിട്ടിയതുമില്ല. തുടർച്ചയായ രണ്ടുമത്സരങ്ങളിലും നിശ്ചിതസമയത്ത് കളി തീർക്കാൻ കഴിയാത്തത് ക്രൊയേഷ്യൻസംഘത്തെ മാനസികമായും ശാരീരികമായും തളർത്തിയിട്ടുണ്ട്. പ്രതിരോധത്തിൽ വിള്ളലുകൾ വീണുതുടങ്ങി. ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഇത് ബാധിക്കും.

റഷ്യക്കെതിരെ അധികസമയത്തിന്റെ അവസാനനിമിഷംവരെ ക്രൊയേഷ്യ 2‐1ന് മുന്നിലായിരുന്നു. എന്നാൽ, റഷ്യയുടെ ഒന്നാന്തരം മുന്നേറ്റത്തിൽ അവർ വഴങ്ങി. സഗായേവിന്റെ ഫ്രീകിക്ക് മരിയോ െഫർണാണ്ടസ് വലയിലേക്ക് പായിക്കുമ്പോൾ ക്രൊയേഷ്യൻപ്രതിരോധം ചിതറിനിൽക്കുകയായിരുന്നു.

ഷൂട്ടൗട്ടിലെ പരിചയസമ്പത്താണ് ക്രൊയേഷ്യയെ തുണച്ചത്. കിക്ക് എടുത്തവരിൽ കൊവാസിച്ച് ഒഴികെ മറ്റെല്ലാവരും ലക്ഷ്യംകണ്ടു. നാലാം കിക്ക് എടുത്ത ഇവാൻ റാകിടിച്ച് 4‐3ന്റെ ജയമൊരുക്കി. മോഡ്രിച്ച്, വിദ, ബ്രൊസോവിച്ച് എന്നിവരും വല കുലുക്കി. റഷ്യയുടെ സ്മൊളോവിനും െഫർണാണ്ടസിനും പിഴച്ചു.

ആതിഥേയർക്കെതിരെ ഇതുവരെ ജയിച്ചിട്ടില്ല എന്ന ചരിത്രം തിരുത്താനാണ് ക്രൊയേഷ്യ ഫിഷ്റ്റ് സ്റ്റേഡിയത്തിൽ ഇറങ്ങിയത്. മധ്യനിരയിൽ മോഡ്രിച്ചിനെയും റാകിടിച്ചിനെയും ഡിഫൻസീവ് മിഡ്ഫീൽഡർമാരുടെ സ്ഥാനത്തേക്ക് ഡാലിച്ച് മാറ്റി. ക്രമറിച്ചിനാണ് മധ്യനിരയിൽ ആക്രമിച്ചുകളിക്കാൻ അവസരം നൽകിയത്. ഈ മാറ്റം ക്രൊയേഷ്യയ്ക്ക് ഗുണംചെയ്തില്ല. ക്രൊയേഷ്യയുടെ ആദ്യഗോൾ നേടിയെങ്കിലും ക്രമറിച്ച് മങ്ങി. മോഡ്രിച്ച് പിന്നിൽ പന്തെടുത്ത് മുന്നിലേക്ക് നിരന്തരം കയറിക്കൊണ്ടിരുന്നു. പലപ്പോഴും മോഡ്രിച്ചിലേക്ക് കണ്ണിചേരാൻ മറ്റ് കളിക്കാർക്ക് കഴിഞ്ഞില്ല. പെരിസിച്ച്, റാകിടിച്ച്, റെബിച്ച്, മാൻഡ്സുകിച്ച് എന്നിവർ തളർന്നതുപോലെ തോന്നിച്ചു. റഷ്യ പ്രതിരോധത്തിലേക്ക് പിൻവാങ്ങി പതിവുപോലെ പ്രത്യാക്രമണത്തിൽ വിശ്വസിച്ചു. പ്രത്യാക്രമണത്തിലാണ് അവർ ആദ്യഗോൾ നേടിയത്്. ഡെനിസ് ചെറിഷേവിന്റെ ഇടംകാൽവച്ചുള്ള അടി ലീഡ് നൽകി. അപ്രതീക്ഷിതമായി റഷ്യവരുത്തിയ പ്രതിരോധപ്പിഴവാണ് ക്രൊയേഷ്യയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ അവസരമൊരുക്കിയത്.

ഇടവേളയ്ക്കുശേഷം ക്രൊയേഷ്യ മെച്ചപ്പെട്ടു. മത്സരത്തിൽ ചെറിയ നിയന്ത്രണംനേടി. വിദയുടെ ഗോളിൽ മുന്നിലെത്തുകയുംചെയ്തു. എന്നിട്ടും ഷൂട്ടൗട്ട് ഒഴിവാക്കാൻ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞില്ല. പ്രതിരോധപ്പിഴവിൽ അവർ സമനില ഗോൾ വഴങ്ങി.

റഷ്യയേക്കാൾ മികച്ച ആക്രമണനിരയും പ്രതിരോധവുമുള്ള സംഘമാണ് ഇംഗ്ലണ്ടിന്റേത്. 1998നുശേഷം ആദ്യമായി സെമിയിൽ കടന്ന ക്രൊയേഷ്യയ്ക്ക് അതിനപ്പുറമുള്ള നേട്ടത്തിന് വലിയ മാറ്റം ആവശ്യമാണ്. മോഡ്രിച്ചിനെമാത്രം ആശ്രയിച്ച് ക്രൊയേഷ്യയ്ക്ക് ഇംഗ്ലണ്ടിനെ നേരിടാനാകില്ല.

അഞ്ചുകളിയിൽ 485 മിനിറ്റാണ് മോഡ്രിച്ച് പന്ത് തട്ടിയത്. ഈ ലോകകപ്പിൽത്തന്നെ ഏറ്റവും കൂടുതൽ സമയം കളിച്ചത് മോഡ്രിച്ചാണ്. രണ്ടുഗോൾ നേടി ഒരെണ്ണത്തിന് അവസരമൊരുക്കി. 367 പാസ് നൽകി. അതിൽ 304 എണ്ണം പൂർത്തിയാക്കി. 50.8 കിലോ മീറ്ററാണ് മോഡ്രിച്ച് കളത്തിൽ ആകെ ഓടിയത്. 

പ്രധാന വാർത്തകൾ
 Top