മുംബൈ
വണീന്ദു ഹസരങ്കയുടെ പന്തുകളിൽ സൺറൈസേഴ്സ് ഹെെദരാബാദ് കറങ്ങിവീണു. 67 റണ്ണിന്റെ തകർപ്പൻ ജയത്തോടെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. രണ്ടു കളി ശേഷിക്കെ നാലാംസ്ഥാനത്താണ്. കഴിഞ്ഞമത്സരത്തിൽ ഹെെദരാബാദിനുമുന്നിൽ 68 റണ്ണിന് പുറത്തായ ബാംഗ്ലൂർ ഇക്കുറി ആദ്യം ബാറ്റുചെയ്ത് നേടിയത് മൂന്നിന് 192 റൺ. മറുപടിക്കെത്തിയ ഹെെദരാബാദ് 19.2 ഓവറിൽ 125ന് പുറത്തായി. ഹസരങ്ക അഞ്ച് വിക്കറ്റെടുത്തു.
നേരിട്ട ആദ്യപന്തിൽത്തന്നെ വിരാട് കോഹ്-ലിയെ നഷ്ടമാകുന്ന കണ്ടാണ് ബാംഗ്ലൂർ തുടങ്ങിയത്. ജെ സുചിത്തിന്റെ പന്തിലാണ് കോഹ്-ലി മടങ്ങിയത്. സീസണിൽ മൂന്നാംതവണയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേരിട്ട ആദ്യപന്തിൽ പുറത്താകുന്നത്. ഫാഫ് ഡു പ്ലെസിസ് (50 പന്തിൽ 73), രജത് പാട്ടിദാർ (38 പന്തിൽ 48), ഗ്ലെൻ മാക്സ്-വെൽ (24 പന്തിൽ 33), ദിനേശ് കാർത്തിക് (8 പന്തിൽ 30) എന്നിവരാണ് ബാംഗ്ലൂരിനെ മികച്ചനിലയിൽ എത്തിച്ചത്.
മറുപടിക്കെത്തിയ ഹെെദരാബാദിനുവേണ്ടി 37 പന്തിൽ 58 റണ്ണെടുത്ത രാഹുൽ തൃപാഠിമാത്രം പൊരുതി. നാലോവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 18 റൺമാത്രം വഴങ്ങിയാണ് ഹസരങ്ക അഞ്ച് വിക്കറ്റെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..