തോൽവി തന്നെ ...ബംഗളൂരു എഫ്സി 4 കേരള ബ്ലാസ്റ്റേഴ്സ് 2
ബംഗളൂരു
ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനത്തിൽ മാറ്റമില്ല. ബംഗളൂരു എഫ്‌സിക്കുമുന്നിൽ തകർന്നടിഞ്ഞു. സുനിൽ ഛേത്രി ഹാട്രിക്കുമായി നിറഞ്ഞാടിയപ്പോൾ 4–-2നായിരുന്നു ബംഗളൂരുവിന്റെ ജയം. 11 കളിയിൽ മിക്കേൽ സ്‌റ്റാറേയുടെ സംഘം വഴങ്ങുന്ന ആറാംതോൽവിയാണിത്. അവസാന ആറു കളിയിൽ അഞ്ചാംതോൽവി. സ്വന്തം തട്ടകത്തിലും ബംഗളൂരുവിനോട് തോറ്റിരുന്നു. ബംഗളൂരു ഏഴു ജയവുമായി ഒന്നാംപടിയിലേക്ക് കയറി.
മറ്റൊരു കളിയിൽ ഈസ്‌റ്റ് ബംഗാൾ രണ്ട് ഗോളിന് ചെന്നൈയിൻ എഫ്‌സിയെ വീഴ്‌ത്തി.
ഹെസ്യൂസ് ഹിമിനെസും ഫ്രെഡിയും ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യംകണ്ടു. മോശം തുടക്കവും ഒടുക്കവുമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്. പത്തു മിനിറ്റ് തികയുംമുമ്പ് അലസമായ പ്രതിരോധത്തിലൂടെ ഛേത്രിയുടെ ഗോളിന് വഴിയൊരുക്കി. സന്ദീപ് സിങ്ങിന്റെ ദുർബലനീക്കത്തെ മറികടന്ന് മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ തലകൊണ്ട് പന്ത് കുത്തിയിട്ടു. ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് റ്യാൻ വില്യംസ് നേട്ടം ഇരട്ടിയാക്കി. ഇതിനിടെ മധ്യനിരക്കാരൻ വിബിൻ മോഹനൻ പരിക്കേറ്റുമടങ്ങിയത് സ്‌റ്റാറേയുടെ സംഘത്തിന് തിരിച്ചടിയായി.
ഇടവേളയ്‌ക്കുശേഷം നിരവധി അവസരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയത്. ഒമ്പതു മിനിറ്റിനിടെ രണ്ട് ഗോൾ തിരിച്ചടിച്ചതോടെ കളി ആവേശകരമായി. ആദ്യത്തേത് നോഹ സദൂയിയുടെ മിന്നുന്ന നീക്കത്തിൽ ഹിമിനെസ് ലക്ഷ്യംകാണുകയായിരുന്നു. ലീഗിൽ സ്‌പാനിഷുകാരന്റെ എട്ടാംഗോൾ. പിന്നാലെ അഡ്രിയാൻ ലൂണയുടെ ക്രോസിൽ തലവച്ച് ഫ്രെഡിയും മിന്നി. എന്നാൽ, തുടർന്നുള്ള മിനിറ്റുകളിൽ ബ്ലാസ്‌റ്റേഴ്‌സ് കളി മറന്നു. ഛേത്രി കളം ഭരിച്ചു.
14ന് മോഹൻ ബഗാൻ സൂപ്പർ ജയന്റുമായാണ് അടുത്ത കളി. കൊൽക്കത്തയാണ് വേദി.
ചെന്നൈയിനെതിരെ ഈസ്‌റ്റ് ബംഗാളിനായി മലയാളിതാരം പി വി വിഷ്‌ണു ഗോളടിച്ചു. മറ്റൊന്ന് ജീക്‌സൻ സിങ്ങിന്റെ വകയായിരുന്നു.
0 comments