19 November Tuesday

രോഹിത്‌ കൊടുങ്കാറ്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

രാജ്‌കോട്ട്‌
‘മഹ’ അല്ല രോഹിത്‌ ശർമയായിരുന്നു രാജ്‌കോട്ടിലെ കൊടുങ്കാറ്റ്‌. ആ കൊടുങ്കാറ്റിൽ ബംഗ്ലാദേശിന്റെ പ്രതീക്ഷകളെല്ലാം തകർന്നു. രോഹിത്‌  (43 പന്തിൽ 85) മിന്നിയപ്പോൾ രണ്ടാം ട്വന്റി–-20യിൽ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന്‌ ഇന്ത്യ കീഴടക്കി. പരമ്പരയിൽ 1–-1ന്‌ ഒപ്പമെത്തുകയും ചെയ്‌തു. അവസാന മത്സരം 10ന്‌ നടക്കും. സ്‌കോർ: ബംഗ്ലാദേശ്‌ 6–-153; ഇന്ത്യ 2–-154 (15.4).

മഹ ചുഴലിക്കാറ്റ്‌ ഭീഷണിയിലായിരുന്നു രാജ്‌കോട്ട്‌. എന്നാൽ, ആശങ്കപ്പെട്ടതൊന്നുമുണ്ടായില്ല. മഴമാറി മാനം തെളിഞ്ഞതോടെ പിച്ച്‌ ബാറ്റ്‌സ്‌മാൻമാരെ വരിച്ചു. ബംഗ്ലാ ബാറ്റ്‌സ്‌മാൻമാർക്ക്‌ കിട്ടിയ തുടക്കം മുതലാക്കാനായില്ല. 154 റൺ ലക്ഷ്യത്തിലേക്ക്‌ എളുപ്പത്തിൽ ഇന്ത്യയെത്തി. ക്യാപ്‌റ്റൻ രോഹിതിന്റെ ബാറ്റിൽ പിടിച്ച്‌ കുതിച്ചു. രോഹിത്‌ ആറ്‌ വീതം സിക്‌സറും ഫോറും പായിച്ചു. ശിഖർ ധവാൻ (27 പന്തിൽ 31) പിന്തുണ നൽകി. ശ്രേയസ്‌ അയ്യർ 24ഉം ലോകേഷ്‌ രാഹുൽ എട്ടും റണ്ണുമായി പുറത്താകാതെനിന്നു.

ടോസ്‌ നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ ടീമിൽ മാറ്റമുണ്ടായില്ല. സഞ്‌ജു സാംസണ്‌ ഇക്കുറിയും ഇടംകിട്ടിയില്ല.ബംഗ്ലാദേശിന്റെ തുടക്കം മികച്ചതായിരുന്നു. ലിട്ടൺ ദാസും (21 പന്തിൽ 29) മുഹമ്മദ്‌ നയിമും (31 പന്തിൽ 36) നല്ല തുടക്കം നൽകി. ഇതിനിടെ വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്തിന്റെ പിഴവും രോഹിത്‌ ക്യാച്ച്‌ പാഴാക്കിയതും  ബംഗ്ലാദേശിനെ സഹായിച്ചു. ആ തുടക്കം മുതലാക്കാനായില്ല അവർക്ക്‌. രണ്ടു വിക്കറ്റെടുത്ത യുശ്‌വേന്ദ്ര ചഹാൽ മികച്ച സ്‌കോറിൽനിന്ന്‌ ബംഗ്ലാദേശിനെ തടഞ്ഞു.


പ്രധാന വാർത്തകൾ
 Top